Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബര്‍:- തായ്‌ലാന്റിന്റെ വില്പന സമ്മര്‍ദ്ദം രാജ്യാന്തരവിപണിക്ക് പ്രഹരമാകും: ഇന്‍ഫാം

Picture

കൊച്ചി: മുന്‍ വര്‍ഷങ്ങളിലെ വിലയിടിവില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച 3,10,000 ടണ്‍ റബര്‍ തായ്‌ലാന്റ് സര്‍ക്കാര്‍ വിറ്റഴിക്കാന്‍ തുടങ്ങിയിരിക്കുന്നതും രാജ്യത്തെ പ്രധാന റബര്‍ ഉല്പാദനമേഖലയില്‍ കാലാവസ്ഥ അനുകൂലമായി ടാപ്പിംഗ് പുനരാരംഭിച്ചിരിക്കുന്നതും വരുംദിവസങ്ങളില്‍ രാജ്യാന്തരവിപണിയില്‍ പ്രകൃതിദത്ത റബറിന്റെ വിലത്തകര്‍ച്ചയ്ക്ക് സാധ്യതയേറുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

2014 മുതല്‍ ആഗോള റബര്‍ വിപണിയിലുണ്ടായ വിലത്തകര്‍ച്ചയില്‍ തായ്‌ലന്റിലെ പട്ടാളസര്‍ക്കാര്‍ വിപണിവിലയുടെ ഇരട്ടിനല്‍കി കര്‍ഷകരില്‍ നിന്ന് റബര്‍ ശേഖരിച്ച് സംഭരിക്കുകയുണ്ടായി. 26 സ്റ്റേറ്റ് വെയര്‍ഹൗസുകളിലായി സംഭരിച്ചിരുന്ന 3,10,000 ടണ്‍ ബ്ലോക്ക് റബറും പുകച്ച ഷീറ്റുള്‍പ്പെടുന്ന സ്വാഭാവിക റബറിന്റെ 98,000 ടണ്‍ വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇറക്കി. ഇനി ബാക്കിയുള്ള 2,12,000 ടണ്‍ വരുംദിവസങ്ങളില്‍ വിപണിയിലെത്തുവാന്‍ സാധ്യതയുണ്ട്. തായ്‌ലന്റിന്റെ ഏറ്റവും വലിയ റബര്‍ ഉല്പാദനപ്രദേശമായ തെക്കന്‍ പ്രൊവിന്‍സില്‍ വെള്ളപ്പൊക്കവും കനത്തമഴയും മൂലം 45 പേര്‍ കൊല്ലപ്പെടുകയും പരിപൂര്‍ണ്ണമായി ഒന്നരമാസത്തോളം ടാപ്പിംഗ് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഈയവസരത്തില്‍ ചൈന വിപണിയില്‍ സജീവമായപ്പോള്‍ തായ്‌ലാന്റ് റബര്‍‌സ്റ്റോക്ക് പുറത്തിറക്കിയിരിക്കുന്നത് ഇനിയുള്ള ദിവസങ്ങളില്‍ രാജ്യാന്തരവിപണിയുടെ തകര്‍ച്ചയ്ക്ക് ഇടനല്‍കും. ഇതിനോടകം 206 രൂപ വരെയെത്തിയ രാജ്യാന്തര വില ഇന്നലെ ബാങ്കോക്ക് വിപണിയില്‍ 169 രൂപയിലേയ്ക്ക് താഴ്ന്നതിന്റെ പ്രതിഫലനം ആഭ്യന്തരവിപണിയിലുമുണ്ടാകാം.

കേരളത്തില്‍, കാലാവസ്ഥാ വ്യതിയാനവും കൊടുംവരള്‍ച്ചയും മൂലം കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തിവെച്ചിട്ടുപോലും ഉല്പാദനം വര്‍ദ്ധിച്ചിരിക്കുന്നുവെന്ന റബര്‍ബോര്‍ഡ് പ്രഖ്യാപനം അടിസ്ഥാനമില്ലാത്തതാണ്. ആഭ്യന്തരവിപണിയില്‍ വിലയിടിക്കുന്ന നടപടിയില്‍ നിന്ന് റബര്‍ബോര്‍ഡ് പിന്തിരിയണം. രാജ്യാന്തരവിലയെങ്കിലും കര്‍ഷകര്‍ക്ക് നേടിയെടുക്കുവാന്‍ ശ്രമിക്കാതെ കര്‍ഷകരെ ചൂഷണം ചെയ്യുന്ന പ്രക്രിയക്ക് ബോര്‍ഡ് ഒത്താശചെയ്യുന്നത് അതിക്രൂരമാണ്. ദൗര്‍ലഭ്യംമൂലം വ്യവസായികള്‍ സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ റബര്‍ബോര്‍ഡ് റബര്‍ കയറ്റുമതിചെയ്യുന്നതിന്റെ വന്‍ കണക്കുകളുമായി വന്നിരിക്കുന്നത് വിരോധാഭാസമാണ്. കര്‍ഷകനെ മറന്ന് വ്യവസായികളുടെയും വന്‍കിട വ്യാപാരികളുടെയും ഏജന്റുമാരായി റബര്‍ബോര്‍ഡ് അധഃപതിക്കുന്നത് അപമാനകരമാണന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍,
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code