Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലയണ്‍: ഹൃദയസ്പര്‍ശിയായ ഒരു ചലച്ചിത്രാനുഭവം (കെ.കെ. ജോണ്‍സണ്‍)

Picture

കലയുടെ ജൈവീകതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും മനസ്സില്‍ മായാതെ പതിഞ്ഞിട്ടുള്ള നിരവധി സിനിമകളും അവയിലെ കഥാപാത്രങ്ങളുമുണ്ട്. കാലമെത്രെകഴിഞ്ഞാലും അവയിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കും. ആഗണത്തില്‍പ്പെടുത്താവുന്ന ഒന്നാണ് ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ സംവിധായകനായ ഗാര്‍ത് ഡേവീസിന്റെ ആദ്യസിനിമയായ "ലയണ്‍'.

നല്ല ചിത്രത്തിന്റേതടക്കം ആറു ഓസ്കാര്‍ നോമിനേഷനുകളും, ബ്രീട്ടീഷ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടി ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ചിത്രമാണ് ലയണ്‍. ബാല്യത്തില്‍ വേര്‍പെട്ടുപോകുന്ന സഹോദരങ്ങളുടേയും മാതാപിതാക്കളുടേയും കഥകള്‍ ഒരുകാലത്ത് ഇന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ ധാരാളമുണ്ടായിട്ടുണ്ട്. വളരുമ്പോള്‍ ഒരാള്‍ പോലീസ് ഓഫീസര്‍, മറ്റേയാള്‍ കള്ളന്‍, ഒരാള്‍ ധനികന്‍, മറ്റേയാള്‍ ദരിദ്രന്‍- ഇതിനിടയില്‍ ഡാന്‍സും പാട്ടും സംഘട്ടനങ്ങളുമൊക്കെ സമാസമം ചേര്‍ത്ത കാട്ടിക്കൂട്ടലുകള്‍. എന്നാല്‍ യഥാര്‍ത്ഥ വേര്‍പെടുത്തലുകളുടെ ജീവിതാനുഭവങ്ങള്‍ എന്ത് ഭീകരമാണെന്നു കാണിച്ചുതരുന്ന ഒരു കൊച്ചു സിനിമയാണ് ലയണ്‍.

സറുബ്രയര്‍ലി എന്ന മുഖ്യ കഥാപാത്രത്തിന്റെ അഞ്ചു വയസുമുതല്‍ മുപ്പതു വയസുവരെയുള്ള ജീവിതാനുഭവങ്ങളുടേയും, അന്വേഷണത്തിന്റേയും കഥപറയുന്ന "എ ലോംഗ് വേ ഹോം' എന്ന ഗ്രന്ഥമാണ് ഈ ചിത്രത്തിന് ആധാരം. മധ്യപ്രദേശ് സംസ്ഥാനത്തെ ഘണ്ട്‌വ എന്ന പട്ടണത്തിന്റെ ദരിദ്രമായ പ്രാന്തപ്രദേശത്താണ് സറു ജനിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സറുവിന്റെ മാതാവ് (പ്രിയങ്ക ബോസ്) കല്ലുടച്ച് ജീവിക്കുന്ന ഒരു തൊഴിലാളിയാണ്. അഞ്ചു വയസുകാരനായ സറു, കൗമാരക്കാരനായ ജ്യേഷ്ഠന്‍ ഗുഡ്ഡു, കൈക്കുഞ്ഞായ അനിയത്തി എന്നിവര്‍ അടങ്ങുന്നതാണ് അവരുടെ കുടുംബം. അനുജത്തിക്ക് പാല്‍ വാങ്ങാനും, മറ്റു ചിലവുകള്‍ക്കുമായി എന്തു ജോലി ചെയ്യാനും തയാറുള്ള മിടുക്കനാണ് ഗുഡ്ഡു. സറുവിന്റെ ഹീറോയാണ് ഗുഡ്ഡു. അതിനാല്‍ തന്നെ ഗുഡ്ഡു എവിടെപ്പോയാലും സറുവും ഒപ്പംപോകും. ആഹാരത്തിനു വഴിതേടിയുള്ള യാത്രയ്ക്കിടയില്‍ സറു ആളൊഴിഞ്ഞ ഒരു തീവണ്ടിമുറില്‍ അകപ്പെടുന്നു. ഉറങ്ങിപ്പോയ സറു കണ്ണു തുറക്കുമ്പോള്‍ നിര്‍ത്താതെ പോകുന്ന തീവണ്ടിക്കുള്ളിലാണ്.

കൊല്‍ക്കൊത്തയിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോള്‍ 31 മണിക്കൂറും ആയിരത്തില്‍കൂടുതല്‍ മൈല്‍ ദുരവും പിന്നിട്ടിരുന്നു.

തികച്ചും അപരിചിതമായ ഒരു മഹാ നഗരത്തില്‍ പൊരിയുന്ന വിശപ്പും പ്രിയപ്പെട്ടവരെ വേര്‍പിരിഞ്ഞ വേദനയുമായി അലയുന്ന അഞ്ചു വയസുകാരന്റെ ദയനീയാവസ്ഥ കാണികളുടെ കണ്ണു നനയിക്കുന്നു. നഗരത്തിന്റെ ചതികളില്‍ നിന്നും തന്റെ അപാരമായ ബുദ്ധിവൈഭവംകൊണ്ട് രക്ഷപെടുന്ന സറു, സുമസ്സുള്ള യുവാവിന്റെ സഹായത്തോടെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ എത്തപ്പെടുന്നു. അവന്റെ കുടുംബത്തെ കണ്ടെത്താനുള്ള അധികൃതരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു. അങ്ങനെയിരിക്കെ ആ സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറുടെ സഹായത്തില്‍ ഓസ്‌ട്രേലിയന്‍ ദമ്പതികളായ ജോണ്‍ ബ്രയര്‍ലിയും (ഡേവിഡ് വെന്‍ഹാം), ഭാര്യ സൂസനും (നിക്കോള്‍ കിഡ്മാന്‍) സറുവിനെ ദത്തെടുക്കുന്നു.

ഇവിടെ കഥയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമുള്ള സറുവിലേക്ക് കഥ പരിണമിക്കുന്നു. "സ്ലംഡോഗ് മില്യനേര്‍, ദി മാന്‍ ഹൂ ന്യൂ ഇന്‍ഫിനിറ്റി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ദേവ് പട്ടേലാണ് മുതിര്‍ന്ന സറുവായി എത്തുന്നത്. സൗഭാഗ്യങ്ങളില്‍ വളരുമ്പോഴും അവന്റെ നഷ്ടബാല്യത്തേയും, പ്രിയപ്പെട്ടവരേയും കുറിച്ചുള്ള നേരിയ ഓര്‍മ്മകള്‍ വല്ലാതെ അസ്വസ്ഥനാക്കുന്നു. മെല്‍ബണ്‍ നഗരത്തില്‍ ഉപരിപഠനത്തിനെത്തുമ്പോള്‍ പരിചയപ്പെടുന്ന ഇന്ത്യന്‍ സുഹൃത്തുക്കളും, ഇന്ത്യന്‍ ആഹാരസാധനങ്ങളും അവന്റെ ഓര്‍മ്മകളെ കൂടുതല്‍ തീവ്രമാക്കുന്നു. ഇതിനിടെ ലൂസിയെന്ന എന്ന അമേരിക്കന്‍ പെണ്‍കുട്ടി (റൂണിമാര) സറുവിന്റെ കാമുകിയായി എത്തുന്നു.

ഓര്‍മ്മകളെ കൂട്ടിയിണക്കി ഭിത്തിയില്‍ വരച്ചിട്ട ചിത്രങ്ങളുടേയും, ഗൂഗിള്‍ എര്‍ത്തിന്റേയും സഹായത്തോടെ തന്റെ ജന്മസ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുന്നു. അന്വേഷണം എങ്ങുമെത്താതെ നിരാശനായിരിക്കുമ്പോഴാണ് ഗൂഗിള്‍ എര്‍ത്തില്‍ "ഗണേഷ് തലായ്' എന്ന സ്ഥലപ്പേര് തെളിഞ്ഞുവരുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ അതുവഴി കടന്നുപോകുന്ന തീവണ്ടിപ്പാതയും, ജലസംഭരണിയും, കുളിക്കടവുമെല്ലാം തെളിഞ്ഞുവരുന്നു. തന്റെ ജന്മസ്ഥലം കണ്ടെത്തുമ്പോള്‍ സറുവിനുണ്ടാകുന്ന ഹര്‍ഷം വാക്കുകള്‍കൊണ്ട് വിവരിക്കാനാവുന്നതല്ല.

വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ജന്മം നല്‍കിയ മാതാവിനേയും സഹോദരങ്ങളേയും കാണാന്‍ സറു ഇന്ത്യയില്‍ എത്തുന്നു. അഞ്ചു വയസ്സുകാരന്റെ ഓര്‍മ്മയിലുള്ള ഒറ്റമുറി വീട് തേടി കണ്ടെത്തുമ്പോള്‍ അതൊരു ആട്ടിന്‍കൂടാണ്. അവിടെ കണ്ട ഒരു സ്ഥലവാസി സറുവിനെ അവന്റെ അമ്മയേയും അനുജത്തിയേയും കാട്ടിക്കൊടുക്കുന്നു. വളരെ വികാരഭരിതമാണ് ആ പുനസമാഗമം. തന്റെ ഹീറോ ആയിരുന്ന സഹോദരന്‍ ഗുഡ്ഡു അവര്‍ വേര്‍പിരിഞ്ഞ ദിവസം തന്നെ തീവണ്ടി തട്ടി മരിച്ചുപോയി എന്ന അറിവ് അവനൊരു ആഘാതമായിരുന്നു. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷവും തന്റെ മകന്‍ എന്നെങ്കിലും തിരികെ വരുമെന്ന മാതാവിന്റെ ഉറച്ച വിശ്വാസത്തിന്റെ സഫലീകരണമാണ് ഈ ചിത്രം. അതോടൊപ്പം ശാസ്ത്രത്തിന്റെ നന്മയും. പെറ്റമ്മയെ കണ്ടെത്തിയെങ്കിലും തന്നെ ഈ നിലയില്‍ എത്തിച്ച വളര്‍ത്തു മാതാപിതാക്കളെ വിസ്മരിക്കാന്‍ സറുവിന് ആവുമായിരുന്നില്ല. ചിത്രം അവസാനിക്കുമ്പോള്‍ സറുവിനൊപ്പം കാണികളുടെ കണ്ണുകളിലും സന്തോഷാശ്രുക്കള്‍ പൊടിയുന്നു.

സറുവിന്റെ ബാല്യകാലം അവതരിപ്പിച്ച സണ്ണി പവാര്‍ അഭിനയിക്കുകയാണെന്ന തോന്നല്‍ ഉളവാക്കുന്നില്ല. പഥേര്‍ പാഞ്ചാലിയിലെ അപുവിനെപ്പോലെ മനസ്സില്‍ മായാത്തൊരു രൂപമായി കൊച്ചു സറു മാറുന്നു. മുതിര്‍ന്ന സറുവായെത്തിയ ദേവ് പട്ടേലും, വളര്‍ത്തു മാതാവായ നിക്കോള്‍ കിഡ്മാനും തങ്ങളുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. രണ്ടുപേരേയും ഓസ്കാറിനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്. സറുവിന്റെ കാമുകിയായി എത്തിയ ഹോളിവുഡ് നടി റൂണിമാരയ്ക്കു കാര്യമായി ഒന്നും ചെയ്യാനില്ല. ലാളിത്യമാര്‍ന്ന തിരക്കഥയും വളരെ ശ്രദ്ധയോടെയുള്ള ഫോട്ടോഗ്രാഫിയും എടുത്തു പറയേണ്ടതാണ്.

ഇന്ത്യയില്‍ പ്രതിവര്‍ഷം കാണാതാവുന്ന എട്ടുലക്ഷത്തിനുമേലേ കുട്ടികളില്‍ ഒരാള്‍ മാത്രമാണ് സറു. സറുവിന് ലഭിച്ച സൗഭാഗ്യങ്ങള്‍ ഒരു അപവാദം മാത്രം. ലയണ്‍ എന്ന കൊച്ചു ചലച്ചിത്രം കണ്ടിറങ്ങുമ്പോള്‍ അതു ബോധമണ്ഡലത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു അനുഭവമായി മാറുന്നു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code