Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗര്‍ഭം മുതല്‍ നീ എന്നെ താങ്ങിയിരിക്കുന്നു (തോമസ് ഫിലിപ്പ് പാറക്കമണ്ണില്‍, റാന്നി

Picture

ബാല്യം മുതല്‍ ദൈവത്തില്‍ ആശ്രയമര്‍പ്പിച്ച്, ദൈവത്തിന്റെ അത്ഭുതകരങ്ങളായ സഹായസംരക്ഷണങ്ങളും കൃപകളും തന്റെ ജീവിതത്തില്‍ ധാരാളമായി അനുഭവിച്ചറിഞ്ഞ സങ്കീര്‍ത്തനക്കാരന്റെ നന്ദി നിറഞ്ഞ വാക്കുകളാണിവ: ‘ഗര്‍ഭം മുതല്‍ നീ എന്നെ താങ്ങിയിരിക്കുന്നു’. ജീവന്റെ ആരംഭനിമിഷം മുതല്‍ ഈ പ്രായം വരെയും ദൈവത്തിന്റെ കൃപാകടാക്ഷങ്ങളും കരുതലുകളും ഉണ്ടായതുകൊണ്ടു മാത്രമാണു നാമിന്നു ജീവനോടെ ഭൂമിയില്‍ ശേഷിക്കുന്നതെന്നുള്ള സത്യം ഓര്‍ക്കുന്നവര്‍ എത്ര പേരുണ്ട്?

ദൈവത്തെക്കൂടാതെയും അവന്റെ നന്മയുടെ വഴിയേ പ്രമാണിക്കാതെയും ജീവിതത്തെ സാര്‍ത്ഥകവും ശുഭപര്യവസായിയുമാക്കിത്തീര്‍ക്കാമെന്നു കരുതി ജീവിക്കുന്ന അനേകായിരങ്ങളുണ്ട്. അമേരിക്കയില്‍ ജീവിക്കുന്ന ഭൂരിപക്ഷം ആള്‍ക്കാരുടേയും ജീവിതത്തില്‍ ഇന്നു ദൈവമില്ല. മനുഷ്യന്റെ ഏറ്റവും വലിയ അപകടാവസ്ഥ ദൈവമില്ലാത്ത അവന്റെ അവസ്ഥ തന്നെ. മനുഷ്യന്റെ ഏറ്റവും വലിയ നിസ്സഹായാവസ്ഥയും ഇതു തന്നെ. ഡോളറും സമ്പന്നാവസ്ഥയും തങ്ങളേയും കുടുംബത്തേയും രക്ഷിച്ചുകൊള്ളുമെന്നാണ് അനേകരും ഇന്നു വിശ്വസിച്ചുപോരുന്നത്. ദൈവാശ്രയവും ദൈവഭക്തിയും ആധുനികതയ്ക്കും തങ്ങളുടെ സ്റ്റാറ്റസ്സിനും ഫാഷനുമൊക്കെ ചേരാത്തൊരു ദൗര്‍ബല്യമായിട്ടാകുന്നു പലരുമിന്നു കാണുന്നത്. ദൈവമേ എന്നു വിളിക്കുന്നതു തന്നെ തന്റെ വ്യക്തിത്വത്തിനു കുറവായി കരുതുന്ന ധാരാളമാളുകളുണ്ട്. അനുഭവിക്കുന്ന നന്മകള്‍ക്കും ആയുരാരോഗ്യങ്ങള്‍ക്കും നന്ദി പറയാന്‍ പോലും സമയം കിട്ടാതെ ലോകത്തിന്റെ പിന്നാലെ അന്ധമായി ഓടിക്കൊണ്ടിരിക്കുന്ന അനേകമാളുകളുണ്ട്. ദൈവപരിപാലനങ്ങളെപ്പറ്റിയോ ദൈവകൃപകളെക്കുറിച്ചോ ഉള്ള യാതൊരു സത്യവും മനസ്സിലാക്കിക്കൊടുക്കാതെ, പണത്തിന്റെ താന്‍പോരിമയില്‍ മാത്രം ആശ്രയിച്ചു ജീവിപ്പാന്‍ കുഞ്ഞുങ്ങളെ അഭ്യസിപ്പിക്കുന്ന ആയിരക്കണക്കിനു മാതാപിതാക്കള്‍ ഇന്ന് അമേരിക്കയിലുണ്ട്.

ജീവിതത്തിലെ ഭയങ്കരങ്ങളായ കൊടുങ്കാറ്റില്‍ നിന്നും പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും കൂരിരുട്ടില്‍ നിന്നും അപകടങ്ങളില്‍ നിന്നുമൊക്കെ രക്ഷ നേടുന്നതിനും, യഥാര്‍ത്ഥവിജയം കൈവരിക്കുന്നതിനും ദൈവപരിപാലനങ്ങളും കൃപകളും അനുപേക്ഷണീയം തന്നെയാണെന്നു മനസ്സിലാക്കി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും തദ്വാരാ ദൈവകൃപകള്‍ അനുഭവിച്ചു ജീവിക്കുകയും ചെയ്യുന്നവര്‍ ബുദ്ധിയുള്ളവരാകുന്നു. അന്ധകാരാവൃതമായ ജീവിതത്തെ കണ്ട് രവീന്ദ്രനാഥ ടാഗോര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘പ്രഭോ, കൂരിരുട്ടില്‍ നിന്നു പ്രകാശത്തിലേക്കും, നിഴലുകളില്‍ നിന്നു യഥാര്‍ത്ഥത്തിലേക്കും, മരണത്തില്‍ നിന്ന് അനശ്വരതയിലേക്കും എന്നെ നയിക്കേണമേ’ എന്ന്. ‘നാശകരമായ കുഴിയില്‍ നിന്നും, കുഴഞ്ഞ ചേറ്റില്‍ നിന്നും അവന്‍ എന്നെ കയറ്റി, എന്റെ കാലുകളെ ഒരു പാറമേല്‍ നിര്‍ത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി’ എന്നു ദാവീദ് ദൈവത്തെ സ്തുതിച്ചു. ജീവിതത്തിലെ അപകടങ്ങളായ പാപക്കുഴിയില്‍ നിന്നും കുഴഞ്ഞ ചേറുകളില്‍ നിന്നും രക്ഷിപ്പാന്‍ ദൈവം ഓരോ മനുഷ്യന്റേയും അടുത്തേക്ക് ഓടി വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ദൈവകൃപകളേയും അവന്റെ രക്ഷാമാര്‍ഗങ്ങളേയും മനുഷ്യന്‍ തിരസ്കരിച്ചു കളയുന്നു. ദൈവവിശ്വാസവും ദൈവാത്മബന്ധവും മുരടിച്ചുപോയതുകൊണ്ടു ജീവന്റെ പ്രകാശത്തില്‍ നടക്കാന്‍ അനേകര്‍ക്കു സാധിക്കാതെ പോയിരിക്കുന്നു. ദൈവത്തില്‍ നിന്നുമുള്ള ദിവ്യപ്രകാശം പലരുടേയും ജീവിതത്തില്‍ നിന്ന് ഇന്നു നഷ്ടപ്പെട്ടുപോയിരിക്കുന്നു. ദൈവത്തെ അവഗണിച്ച് സ്വന്തം വഴികളില്‍ ജീവിക്കുന്ന മനുഷ്യന്‍ നിനച്ചിരിക്കാത്ത വേളകളില്‍ പ്രതിസന്ധിഘട്ടങ്ങളുടേയും ആപത്തുകളുടേയും കരിമ്പാറകളില്‍ തട്ടി കാലത്തിലും അകാലത്തിലുമൊക്കെയായി തകര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ച നാം എന്നും കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നിട്ടും മനുഷ്യര്‍ ദൈവത്തെ ജീവിതത്തില്‍ രക്ഷകനായി സ്വീകരിക്കാത്തതു ദയനീയം തന്നെയല്ലേ?

ആരോഗ്യത്തിലും ധനശക്തിയിലും ജീവിതപ്രതാപത്തിലുമൊക്കെ അഹങ്കരിച്ചു ജീവിക്കുന്ന മനുഷ്യരെപ്പറ്റി തിരുവെഴുത്തുകളിലൂടെത്തന്നെ വിലയിരുത്തട്ടെ: ‘സൈന്യബഹുത്വത്താല്‍ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യം കൊണ്ടു വീരന്‍ രക്ഷപ്പെടുന്നതുമില്ല. ജയത്തിനു കുതിര വ്യര്‍ത്ഥമാകുന്നു; തന്റെ ബലാധിക്യം കൊണ്ട് അതു വിടുവിക്കുന്നതുമില്ല. യഹോവയുടെ ദൃഷ്ടി അവന്റെ ഭക്തന്മാരുടെ മേലും തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെ മേലും ഇരിക്കുന്നു’ (സങ്കീ. 33). നമ്മുടെ മിടുക്കുകൊണ്ടല്ല, പ്രത്യുത ദൈവത്തിന്റെ മഹാമനസ്കതയും ദയയും കൊണ്ടാകുന്നു, നാം ജീവിക്കുന്നതും നന്മയനുഭവിക്കുന്നതും എന്നുള്ള സത്യം വിസ്മരിക്കരുത്. ‘നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയയാകുന്നു. അവന്റെ കരുണ തീര്‍ന്നുപോയിട്ടില്ലല്ലോ’ (വിലാപ. 3:26).

എത്രയോ ആപത്തനര്‍ത്ഥങ്ങളില്‍ നിന്നും അപകടാവസ്ഥകളില്‍ നിന്നും രോഗദുഃഖങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നു! എത്രയോ അന്ധകാരാനുഭവങ്ങളില്‍ നിന്നും പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും ഭീതികളില്‍ നിന്നും നിരാശകളില്‍ നിന്നും ജീവിതത്തകര്‍ച്ചകളില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചിരിക്കുന്നു! സത്യസന്ധതയോടും വിനയത്തോടും കൂടി തന്റെ ജീവിതത്തെ പരിശോധിച്ച സങ്കീര്‍ത്തനക്കാരന്‍ ദൈവത്തിനു നന്ദി പറയുന്നതു ശ്രദ്ധിക്കുക: ‘യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങള്‍ക്കും ഞാന്‍ അവന് എന്തു പകരം കൊടുക്കും? യഹോവയ്ക്കു ഞാന്‍ എന്റെ നേര്‍ച്ചകളെ അവന്റെ സകല ജനവും കാണ്‍കെ കഴിക്കും’. സംഖ്യാതീതങ്ങളായ നന്മകളും ഉപകാരങ്ങളും ദൈവത്തില്‍ നിന്നു നാം അനുഭവിച്ചിട്ടില്ലേയെന്ന് ഓരോരുത്തരും അവരുടെ ജീവിതത്തെ ഒന്നു പരിശോധിച്ചു നോക്കട്ടെ. ദൈവത്തെ അവഗണിച്ചു ജീവിക്കുന്ന മനുഷ്യരോടു ദൈവം ഇങ്ങനെ ചോദിക്കുന്നു: ‘യഹോവയുടെ കൈ ഇതു പ്രവര്‍ത്തിച്ചിരിക്കുന്നു എന്ന് ഇവയെല്ലാം കൊണ്ടു ഗ്രഹിക്കാത്തവനാര്‍? സകല ജീവജന്തുക്കളുടേയും പ്രാണനും സകല മനുഷ്യവര്‍ഗത്തിന്റേയും ശ്വാസവും അവന്റെ കൈയില്‍ ഇരിക്കുന്നു’. ജീവിതത്തിലെ അമൂല്യമായ സത്യവും അറിവും ഇതാകുന്നു.

നമ്മുടെ കുഴഞ്ഞുമറിഞ്ഞ സകല ജീവിതപ്രശ്‌നങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും പരാജയങ്ങള്‍ക്കും പരിഹാരം നല്‍കുവാനും, ഏത് അന്ധകാരാനുഭവങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും നമ്മെ ഉദ്ധരിച്ചു രക്ഷിപ്പാനും സര്‍വശക്തനായ ദൈവത്തിനു കഴിയും, ദൈവത്തിനു മാത്രമേ കഴിയൂ എന്നുള്ള മഹല്‍സത്യം നാമറിയണം. തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയങ്ങളോടു കൂടിയവരേ, സ്‌നേഹനിധിയായ ദൈവത്തിങ്കലേക്കു തിരിയുക. അവന്‍ നിങ്ങളെ രക്ഷിക്കും. ‘ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവമാകുന്നു’ (സങ്കീ. 68:20).

‘പര്‍വതങ്ങള്‍ ഉണ്ടായതിനും, നീ ഭൂമിയേയും ഭൂമണ്ഡലത്തേയും നിര്‍മ്മിച്ചതിനും മുമ്പേ നീ അനാദിയായും ശാശ്വതമായും ദൈവമാകുന്നു.’

അതെ, ഗര്‍ഭം മുതല്‍ നീ എന്നെ താങ്ങിയിരിക്കുന്നു.

Picture2



Comments


Good Writing
by Thomas Koovalloor, New York on 2017-01-23 18:05:38 pm
I really like Thomas Philip Sir's biblical writings. These kinds of biblical writings actually help us to calm our mind in the hurly burly of every day life. It also help us to think about God and live peacefully and happily in this world. Special thanks to Joychen Puthukulam for publishing and promoting these types of biblical writings. Thomas Koovalloor


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code