Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നഷ്ടപ്പെട്ട താളം (കഥ: കാര്‍ത്തിക മോഹന്‍)

Picture

ഞാനെന്റെ ചിലങ്കയെ വല്ലാതങ്ങു പ്രണയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പേ, ഇന്ന് എന്റെയിടതൂര്‍ന്ന മുടിയിഴകള്‍ക്കിടയില്‍നിന്നും അങ്ങിങ്ങുനിന്നെത്തിനോക്കുന്ന വെള്ളിനാരുകള്‍ പാരാകെക്കാണുന്നതിനും വളരെ മുന്‍പേ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു, അതിഗൂഢവും സവിശേഷവുമായ പ്രണയത്തില്‍.. ഞാനോര്‍ക്കുന്നു, ഞാന്‍ തന്നെയാണാദ്യം പറഞ്ഞത്, എന്റെ ആയുസ്സ് പങ്കിടുവാനായി രൂപംകൊണ്ടൊരു ദേവകിന്നരനാണ് ചിലങ്കേ,നീയെന്ന്... നീയതുകേട്ട് കുലുങ്ങിക്കുലുങ്ങിച്ചിരിച്ചൂ, അന്ന് നിന്നെയെന്റെ കാലുകളിലണിഞ്ഞപ്പോള്‍ ഞാനനുഭവിച്ച നിര്‍വൃതി അവാച്യമാണ്, ലോകത്തിന്റെ നിറുകയില്‍ കാല്‍പ്പാദമൂന്നിനിന്ന ഒരു പ്രതീതി. നിന്നോടെന്റെയിഷ്ടമോതീ, പിന്നെ നന്നേ ശ്രമകരമായൊരു തപസ്യയിലൂടെ നിന്നെ ഞാനെന്റെ സന്തതസഹചാരിയാക്കി, ക്രമേണ നീയെന്റെ പ്രാണനും ജീവശ്വാസവുമായി.

അന്നു നമ്മളൊന്നിച്ചു നടന്ന വഴികളിലൂടെയെല്ലാം ഞാന്‍ ഇക്കഴിഞ്ഞ രാവിലൊന്നു സഞ്ചരിക്കുകയുണ്ടായി.. കൈകാലുകളില്ലാതെ; അദൃശ്യമായ ചിറകുകള്‍ വീശിയടിച്ച്, കഴിഞ്ഞകാലത്തിന്റെ മങ്ങിയ മണ്‍പാതകളിലൂടെ എന്നില്‍ പറന്നിറങ്ങിയ നിറമുള്ള ഒരു സ്വപ്നം എന്നെയെവിടേയ്ക്കെല്ലാമോ കൂട്ടിക്കൊണ്ടുപോകുകയുണ്ടായി.

യാത്ര തുടക്കത്തില്‍ സുഖകരമായിരുന്നു, മധുരതരവും. പക്ഷേ, ഇടയ്‌ക്കെപ്പോഴോക്കെയോ കാഴ്ച്ചകള്‍ അനേകം കഠാരമുനകളുടെ ആഴത്തിലുള്ള സ്പര്‍ശനങ്ങളായി മാറി. നിന്നെയെന്റെ പാദങ്ങളില്‍ ചേര്‍ത്തുവെച്ച് ഞാനന്നു നടന്ന വഴികളെയെല്ലാം കാടു പുണര്‍ന്നിരിക്കുന്നൂ ഇന്ന്.. നമുക്കായി ഈ ജന്മമെന്നല്ല, വരും ജന്മങ്ങളിലും പൂവിടുമെന്നു മെല്ലെച്ചൊല്ലി അന്ന് നമ്മുടെമേല്‍ പൂമഴ പെയ്യിച്ച പാരിജാതം ഉണങ്ങിക്കരിഞ്ഞ്, ഏറെനാളുകള്‍ അവസാനശ്വാസത്തിനായി കാത്തുനിന്ന്, ഒടുവില്‍ എന്നെക്കണ്ടപ്പോള്‍ ബദ്ധപ്പെട്ടു പാത്തുവെച്ച ഒരേയൊരു പൂമൊട്ട് എന്റെ കൈകളിലേക്കിട്ടുതന്ന് തളര്‍ന്നൊരു ശബ്ദത്തോടെ എന്റെ കണ്ണുകള്‍ക്കുമുന്‍പില്‍ കടപുഴകിവീണു. പാരിജാതത്തിന്റെ മരണശേഷം അവിടമാകെ നിറഞ്ഞുനിന്നത് ഭയപ്പെടുത്തുന്ന ഒരുതരം നിശ്ശബ്ദതയായിരുന്നു, അതിന്റെ കാഠിന്യം തകര്‍ത്താവട്ടെ, ഞാനും. ഉറക്കം നടിച്ചു കിടന്നിരുന്ന അനേകം കടവാവലുകളും മൂങ്ങകളും നീയില്ലാത്ത എന്റെ കാല്‍പ്പാടുകളുടെ പതിഞ്ഞ ശബ്ദം കേട്ട് വെറുപ്പോടെയോ അവജ്ഞയോടെയോ മറ്റോ എന്നെ തുറിച്ചുനോക്കി. നമുക്കൊപ്പം ഇളകിയാടിയിരുന്ന ഇണക്കുരുവികളും മൈനകളും നമ്മെയേറെ കാലം കാത്തിരുന്നുവത്രെ.. ഒടുവിലവ ഒരു ശിശിരകാലത്തില്‍ എങ്ങുനിന്നോ അവിടെ വന്നുചേര്‍ന്ന ദേശാടനക്കിളികള്‍ക്കൊപ്പം യാത്രയായീ, ഒരായിരം മൈലുകള്‍ക്കപ്പുറത്തേയ്ക്ക്. ഇളംകാറ്റിനെ ഞാന്‍ യാത്രയിലൊരിക്കല്‍പ്പോലും കണ്ടുമുട്ടിയില്ല, അവനും അവസാനിപ്പിച്ചിരുന്നു ആ വഴിയുള്ള വരവ്. നിലാവും നക്ഷത്രങ്ങളും നമ്മളൊന്നിച്ചുള്ള അവസാനയാത്രയ്‌ക്കൊടുവില്‍ ഇനിയൊരു കൂടിക്കാഴ്ചയില്ലെന്നോതി ചക്രവാളത്തിന്നപ്പുറത്തേയ്ക്കെങ്ങോ മറഞ്ഞിരുന്നൂ.

നീയോര്‍ക്കുന്നുവോ? നമ്മളൊന്നിച്ചുള്ള ആ അവസാനയാത്ര.. നിന്നിലൂടെ ലോകമെന്നെ കണ്ടുതുടങ്ങിയ നാളുകള്‍.. നിന്നിലൂടെ ഞാന്‍ ആത്മസാക്ഷാത്കാരം നേടിയ നാളുകള്‍.. എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം തിരിച്ചറിഞ്ഞ് നീ എന്നില്‍ അലിഞ്ഞുചേരാന്‍ തുടങ്ങിയ നാളുകള്‍.. ആ നാളുകള്‍ക്കൊടുവില്‍ ഞാനേറ്റം വെറുക്കുന്ന ഒരു നിമിഷത്തില്‍ ഞാനാഗ്രഹിക്കാതെ എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന ഒരുവനെ ഭയന്ന് നീയെന്നെ തനിച്ചാക്കി പൊയ്ക്കളഞ്ഞൂ, ദൂരേയ്ക്ക്, ഒരുപാടു ദൂരേയ്ക്ക്, എന്റെ ജീവനുറങ്ങുന്ന; ഈ ഇരുമ്പുപെട്ടിയുടെ തുരുമ്പു വിഴുങ്ങിയ ഉള്ളറയ്ക്കുള്ളിലേയ്ക്ക്...മൂകനായി.
എന്റെ പ്രണയമേ, അറിയുന്നുവോ?
അന്നു തളര്‍ന്നതാണെന്റെയീ പാദങ്ങള്‍..

അന്നു നിലച്ചതാണെന്റെ സ്വപ്നങ്ങളുടെ ഒഴുക്ക്.. അന്നു നഷ്ടപ്പെട്ടതാണെന്റെ മനസ്സിന്റെ താളം..

കാര്‍ത്തിക മോഹന്‍

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code