Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇതാണ് സ്‌നേഹം ! (തോമസ് ഫിലിപ്പ് റാന്നി)

Picture

ദൈവം മനുഷ്യവര്‍ഗ്ഗത്തിനു നല്‍കിയിട്ടുള്ള മനോഹരമായ ദാനവും അപ്രമേയ ആനന്ദവും സ്‌നേഹമാകുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്നു തന്നെ പറയട്ടെ, സ്‌നേഹത്തിന്റെ വില യഥാതഥം മനസ്സിലാക്കി അതനുഭവിച്ച് ജീവിക്കുന്ന മനുഷ്യര്‍ ഇന്ന് തുലോം പരിമിതമാകുന്നു.

ദൈവം രുപകല്‍പ്പന ചെയ്ത മനോഹരമായ മനുഷ്യജീവിതത്തിന്റെ മൂലക്കല്ല് സ്‌നേഹമാകുന്നു. അനശ്വരമായ ആനന്ദത്തിന്റെ മാര്‍ഗ്ഗവും മറ്റൊന്നല്ല. ഇതു സംബന്ധിച്ച് വളരെ അര്‍ത്ഥസമ്പന്നവും നാം ഏറെ കേട്ട് സുപരിചിതവുമായിട്ടുള്ളതുമായ ആശാന്റെ ഒരു കവിത ഭംഗ്യന്തരേണ ഞാന്‍ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.

സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം
സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു
സ്‌നേഹം താന്‍ ശക്തി, ജഗത്തില്‍
സ്വയം സ്‌നേഹം താനാന്ദമാര്‍ക്കും.

സ്‌നേഹത്തിന്റെ ഗുണഗണങ്ങളെ വാഴ്ത്തിക്കൊണ്ട് പ്രേമ സംഗീതത്തിലൂടെ ഉള്ളൂരും ഇങ്ങനെ പാടി:

ഒരൊറ്റ മതമുണ്ടുലകിന്നുയിരാ-
പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പര്‍വ്വണ ശശിബിംബം
*******
ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലു-
ണ്ടയ്യന്‍ പുലയനിലുണ്ടാ -
ദിത്യനിലുണ്ടന്നു കൃമിയിലുമു-
ണ്ടതിന്‍ പരിസ്ഫുരണം.

എബ്രായ ഭാഷയില്‍ യഹോവയായ ദൈവത്തിന്റെ അഗ്നിജ്വാലയാകുന്നു പ്രേമം. ഭൂമിയേയും മനുഷ്യ ജീവിതത്തെ മുഴുവനും ആനന്ദിപ്പിച്ച് സ്വര്‍ഗ്ഗമാക്കി മാറ്റുവന്‍ പര്യാപ്തമായ സ്‌നേഹത്തിന്റെ മാഹാത്മ്യത്തെ വര്‍ണ്ണിക്കുവാന്‍ ആയിരമായിരം നാവുകൊണ്ടുപോലും ആര്‍ക്കും സാധ്യമല്ല എന്നു ഒരു ഭക്തനും പാടിയിരിക്കുന്നു.

മഹാനായ പൗലോസ് അപ്പോസ്തലന്‍ പറഞ്ഞു: "താന്‍ മനുഷ്യരുടേയും ദൂതന്മാരുടേയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ, ചിലമ്പുന്ന കൈത്താളമോ അത്രേ. എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചാലും സ്‌നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല'.

ഒരുവന്‍ ആഢംബരനിര്‍ഭരമായ മണിമാളികയില്‍ വസിച്ചാലും അവന് ബഹുമില്യന്‍ ഡോളറുകള്‍ ബാങ്ക് ബാലന്‍സ് ഉണ്ടായിരുന്നാലും ഹൃദയത്തില്‍ സ്‌നേഹമില്ലായെങ്കില്‍ അവന്റെ ജീവിതം ശൂന്യവും നിരര്‍ത്ഥകവും നിഷ്ഫലവുമായിരിക്കും.

സന്തോഷത്തോടും സംതൃപ്തിയോടുംകൂടി ആഹാരം കഴിക്കുവാന്‍ ഒരുവന് കഴിയുന്നില്ലെങ്കില്‍, സമാധാനത്തോടുകൂടി അന്തിയുറങ്ങുവാന്‍ ഒരുവന് കഴിയുന്നില്ലെങ്കില്‍, തന്റെ പ്രിയതമനില്‍ നിന്നു/തന്റെ പ്രിയതമയില്‍ നിന്നു ഒരു സ്‌നേഹചുംബനം ലഭിക്കുന്നില്ലെങ്കില്‍ ആ ജീവിതത്തിന് എന്ത് ആസ്വാദ്യത? എന്തര്‍ത്ഥം? എന്താനന്ദം? സമൃദ്ധി ഏറെയുണ്ടായിട്ടും അസംതൃപ്തരായും അസ്വസ്ത ഹൃദയരായും ജീവിതം തള്ളിനീക്കുന്ന അസംഖ്യം ഭാര്യാ ഭര്‍ത്താക്കന്മാരും ലക്ഷക്കണക്കിന് അനാഥരായ പിഞ്ചു കുഞ്ഞുങ്ങളും അമേരിക്കയിലുണ്ട്. ലോകത്തിലുണ്ട്. അമ്മമാരില്‍ നിന്നും ലഭിക്കേണ്ട സ്‌നേഹലാളനങ്ങള്‍ കിട്ടാത്ത നിഷ്കളങ്കരായ ആ കുഞ്ഞുങ്ങള്‍ ഹൃദയം തുറന്നെങ്ങനെ പുഞ്ചിരിക്കും? പരിക്ഷീണമായ വര്‍ദ്ധക്യാവസ്ഥയില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട എത്രയോ മാതാപിതാക്കളുണ്ട്? അവരുടെ ദുസ്സഹദുഖത്തിന്റെ ആത്മനൊമ്പരങ്ങളും ഗദ്ഗദങ്ങളും മനസ്സിലാക്കാന്‍ കഴിയാത്ത എത്രയോ ഓമനപ്പുത്രന്മാരും പുത്രിമാരുമുണ്ട്? എന്നാല്‍ തങ്ങളുടെ മാതാപിതാക്കള്‍ അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ദുഖങ്ങളും നിസ്സഹായാവസ്ഥയുമൊക്കെ അനുഭവിച്ചറിയാതെ, ആ കയ്പുനീര്‍ കുടിക്കാതെ ലോകത്തില്‍ നിന്നും കടന്നു പോകാന്‍ ദൈവം ഈ മക്കളേയും അനുവദിക്കില്ലെന്നതാണ് സത്യം. ലോകമെമ്പാടും, ഭാരതത്തിലും കേരളത്തില്‍ പോലും സ്ത്രീകളും, കുഞ്ഞുങ്ങളും വയോധികരും പീഡനങ്ങളും കഠിന ദുഖങ്ങളും അനുഭവിച്ച് ജീവിക്കുന്നു എന്നുള്ളതാണ് സത്യം. അധികവും പുറത്തറിയുന്നില്ലന്നേയുള്ളൂ.

പരസ്പരം സ്‌നേഹിക്കപ്പെടേണ്ട കരുതപ്പെടേണ്ട, ശുശ്രൂഷിക്കപ്പെടേണ്ട മനുഷ്യര്‍, തമ്മില്‍ തമ്മില്‍ പോരടിക്കുന്നതിന്റേയും അന്യേന്യം അസൂയപ്പെടുന്നതിന്റേയും അടിസ്ഥാനപരമായ കാരണം എന്താണ്? അനല്പമായി മനുഷ്യനെ ഭരിച്ചുകൊണ്ടിരിക്കുന്ന സ്വാര്‍ത്ഥത തന്നെയല്ലേ? തന്‍കാര്യ ചിന്തകൊണ്ട് മനസ്സാക്ഷിയും മനുഷ്യത്വമൊക്കെ മനുഷ്യ ഹൃദയങ്ങളില്‍ മരവിച്ചുപോയതല്ലേ അതിനു കാരണം? സ്വാര്‍ത്ഥം അന്വേഷിക്കാത്ത, മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളുന്ന, കരുതുന്ന, മറ്റുള്ളവരോട് കരുണ കാണിക്കുന്ന ദൈവീക സ്‌നേഹം മനുഷ്യ ഹൃദയങ്ങളില്‍ ഇല്ലാതാകുന്നു എന്നതാണ് ഇന്നത്തെ അധിക ദുഖങ്ങള്‍ക്കും കാരണം. സ്‌നേഹത്തിന്റെ കണികയെങ്കിലും ഹൃദയത്തിലുള്ളവന് സ്വന്തം അപ്പനേയും അമ്മയേയും ഭാര്യയേയും അന്യസ്ത്രീകളേയുമൊക്കെ നിഷ്ഠൂരമായി കൊല്ലുവാനും ഒരിക്കലും സാധ്യമല്ല. മാതാപിതാക്കള്‍ മക്കളെ സ്‌നേഹ- സാഹോദര്യ- ധാര്‍മ്മിക ശിക്ഷണത്തില്‍ വളര്‍ത്താത്തതാകുന്നു ഈദൃശ ദുഖങ്ങള്‍ക്ക് കാരണം.

ലോകത്തിലെ സമസ്ത പ്രശ്‌നങ്ങള്‍ക്കും, അഭൂതപൂര്‍വ്വമായി ഇന്നു വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനങ്ങള്‍ക്കും, കുടുംബ തകര്‍ച്ചയ്ക്കും, വര്‍ഗ്ഗീയ വിദ്വേഷങ്ങള്‍ക്കും, യുദ്ധങ്ങള്‍ക്കു പോലുമുള്ള മൂലകാരണം മനുഷ്യന്റെ കൊടിയ സ്വാര്‍ത്ഥതയാകുന്നു. അപകടകാരിയായ വലിയ തിന്മയാകുന്നു ഇതെന്നു അധിമാളുകളും മനസ്സിലാക്കുന്നില്ല എന്നുള്ളതാകുന്നു ദയനീയമായ സത്യം. ഹൈന്ദവധര്‍മ്മം മനുഷ്യ വര്‍ഗ്ഗത്തിനു മുഴുവനും നന്മനേരുന്നതാകുന്നു. ഒരു യഥാര്‍ത്ഥ ഹിന്ദുമത വിശ്വാസിയെ സംബന്ധിച്ച് അന്യ മനുഷ്യരെ പീഡിപ്പിക്കുകയെന്നത് പാപമാകുന്നു. എന്നാല്‍ ഗുജറാത്തിലും വടക്കേ ഇന്ത്യയിലും നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതും എന്താകുന്നു? ക്രിസ്തീയ ദര്‍ശനത്തിന്റെ പൊരുളും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണം എന്നുള്ളതാകുന്നു. എന്നാല്‍ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ തമ്മില്‍ തമ്മിലായും, സഭകള്‍ക്കുള്ളില്‍ വിശ്വാസികള്‍ തമ്മില്‍ തമ്മിലായും, ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ തമ്മിലായും നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ ക്രിസ്തീയ ദര്‍ശനങ്ങള്‍ക്ക് മുമ്പില്‍ നിരക്കുന്നതാണോ?

നാം മനുഷ്യരേയും ദൈവത്തേയും സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും കടപ്പെട്ടവരാകുന്നു. അക്രമവും അധര്‍മ്മവും ചതിയും വഞ്ചനയും കൊലയും കൊള്ളയും കൂട്ടക്കൊലകളും അഴിമതിയും സ്ത്രീപീഡനങ്ങളുംകൊണ്ട് നിറയപ്പെട്ട, കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ നിര്‍ദ്ദയം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ ദുഷ്ടവും ഭയാനുകവുമായ ലോകത്തില്‍ ഒരിറ്റ് സ്‌നേഹത്തിനുവേണ്ടി, ദയയ്ക്കുവേണ്ടി, തെല്ലൊരാശ്വാസത്തിനും, സാന്ത്വനത്തിനുംവേണ്ടി മനുഷ്യര്‍ ഇന്ന് ദാഹിക്കുകയാണ്. ഒരു സ്‌നേഹശബ്ദം കേള്‍ക്കാന്‍ കാത് കൊതിക്കുന്നു.

പക്ഷെ, സ്‌നേഹം ഇന്നെവിടെ? എഴുത്തുകാരിലുണ്ടോ അത്? സാഹിത്യ -സാംസ്കാരിക നായകന്മാരിലുണ്ടോ അത്? നമ്മുടെ രാഷ്ട്രീയ നേതാക്കളിലുണ്ടോ സ്‌നേഹം? നമ്മുടെ പ്രധാനമന്ത്രി പോലും "മേരാ പ്യാരേ ദേശവാസിയോ' പറഞ്ഞുകൊണ്ടാണ് അര്‍ദ്ധ പട്ടിണിക്കാരന്റെ വയറു നിറച്ചുകൊണ്ടിരിക്കുന്നതിന്ന്. പുരോഹിതന്മാരിലും പൂജാരിമാരിലും സുവിശേഷവേലക്കാരിലും യോഗിമാരിലും സ്വാര്‍ത്ഥം അന്വേഷിക്കാത്ത സ്‌നേഹമുണ്ടോ? ദേവാലയങ്ങളിലും വിശ്വാസികളിലും ഇന്ന് ദൈവസ്‌നേഹമുണ്ടോ? കാര്യസാധ്യങ്ങള്‍ക്കുവേണ്ടി കരളേ, മുത്തേ എന്നു വിളിച്ച് ഐ ലവ് യു പറഞ്ഞും ചതിക്കുന്നതല്ല സ്‌നേഹം. ഇന്ന് അധികം മലയാളികളുടേയും മുഖമുദ്ര സ്വാര്‍ത്ഥതയാകുന്നു. ഫാ. ഡേവീസ് ചിറമേലും, ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കനും, ലേഖാ നമ്പൂതിരിയും, മറ്റു പലരും അന്യരുടെ ജീവനെ രക്ഷിപ്പാന്‍ സ്വന്തം വൃക്ക പോലും ദാനം ചെയ്തവരാകുന്നു. യഥാര്‍ത്ഥമായ സ്‌നേഹം ഇതാകുന്നു.

ഹൃദയത്തില്‍ സ്വാര്‍ത്ഥമായ സ്‌നേഹവും പരസ്പര ആദരവും കരുതലുമുള്ള ഭാര്യാ ഭര്‍ത്താക്കന്മാര്‍ വസിക്കുന്ന ഭവനങ്ങള്‍ ആനന്ദം അലതല്ലുന്ന ഭൂമിയിലെ സ്വര്‍ഗ്ഗമാകുന്നു. മറിച്ചുള്ള സ്‌നേഹശൂന്യമായ ഭവനങ്ങള്‍ നരകങ്ങളാകുന്നു. ആരാണ് ഇതിന് ഉത്തരവാദി? മറ്റാരുമല്ല നാം തന്നെ. "നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ' എന്ന് മഹാകവി ഉള്ളൂര്‍ പാടി.

ലോകത്തിലേക്കും ഏറ്റവും മാധുര്യമുള്ള കാര്യം സ്‌നേഹമാകുന്നു! അനശ്വരവും അപ്രതിഹതവുമായ ശക്തിസ്രോതസാകുന്നത്. മഹാജ്ഞാനിയായിരുന്ന സോളമന്റെ അനശ്വരമായ ഉത്തമഗീതത്തിലെ (പ്രേമഗീതം) ചില സ്‌നേഹസൂക്തങ്ങള്‍ കൂടി ഉദ്ധരിച്ചുകൊണ്ട് ഇത് ഇവിടെ ഞാന്‍ ഉപസംഹരിക്കട്ടെ. "മുള്ളുകളുടെ ഇടയില്‍ താമര പോലെ കന്യകമാരുടെ ഇടയില്‍ എന്റെ പ്രിയ ഇരിക്കുന്നു. കാട്ടുമരങ്ങളുടെ ഇടയില്‍ ഒരു നാരകം പോലെ യൗവ്വനക്കാരുടെ ഇടയില്‍ എന്റെ പ്രിയന്‍ ഇരിക്കുന്നു; അതിന്റെ നിഴലില്‍ ഞാന്‍ അതിമോദത്തോടെ ഇരുന്നു, അതിന്റെ പഴം എന്റെ രുചിക്ക് മധുരമായിരുന്നു. അവന്‍ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടു ചെന്നു; എന്റെ മീതെ അവന്‍ പിടിച്ചിരുന്ന കൊടി സ്‌നേഹമായിരുന്നു.' ഇതാണ് സ്‌നേഹം!

Picture2Comments


Good
by Kurian, u.s on 2017-01-11 14:49:36 pm
ഇങ്ങിനെ ഉള്ള ലേഖനങ്ങളാണു നമുക്ക് വേണ്ടത്..ഇന്നു ലോകത്തു നിന്നുംപോയി മറഞ്ഞു കൊണ്ടിരിക്കുന്ന സ്നേഹത്തെകുറിച്ച് എത്ര സുന്ദരമായ ഭാഷയില്‍ ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്നു. സകലവിധ മംഗളങ്ങളും തോമസ്സ് പിലിപ്പ് റാന്നിക്കു നേരുന്നു


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code