Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സുഖചികിത്സയും വിനോദ സഞ്ചാരങ്ങളും (ജീവിതത്തില്‍ നിന്ന് ഒരു നിമിഷം: സരോജ വര്‍ഗീസ്സ്, ന്യൂയോര്‍ക്ക്)

Picture

നമ്മുടെ ശരീരം കാലത്തെ അതിജീവിച്ചു കൊണ്ടു മുന്നോട്ട് പോകുമ്പോള്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാകുക സാധാരണമാണു്. അതിനെ നമ്മള്‍ വാര്‍ദ്ധക്യം എന്നു വിളിക്കുന്നു. ഇനിയും ഓടാന്‍ അധികം ദൂരമില്ലെന്ന മുന്നറിയിപ്പും അവയവങ്ങളുടെ പണിമുടക്കും അപ്പോള്‍ ഉണ്ടാകും. ചില സുഖചികിത്സകള്‍ അപ്പോള്‍ ഉപകാരപ്രദമാകും. വര്‍ഷങ്ങളോളം ജോലി ചെയ്ത് അദ്ധ്വാനിച്ച് വിശ്രമജീവിതം നയിക്കാനാരംഭിക്കുമ്പോള്‍ ശരീരസുഖമില്ലെങ്കില്‍ പിന്നെ എന്തു വിശ്രമം. അപ്പോള്‍ വിശ്രമം ചില ആതുരാലയങ്ങളില്‍ വേണ്ടിവരുന്നു. ശരീരത്തിന്റെ ഒരു അഴിച്ചുപണി നടത്തി വൈദ്യന്മാര്‍ ഒരു ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് തരുന്നതും കൊണ്ട് നമ്മള്‍ ജീവിതയാത്ര തുടരുന്നു.
കാലം കൂട്ടിനു നല്‍കുന്ന അസുഖങ്ങള്‍ വരും മുമ്പ് കേരളത്തിലെ പ്രക്രുതി രമണീയങ്ങളായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ഒരു വിനോദമായിരുന്നു അല്‍പ്പസ്വല്‍പ്പം ശരീരാസ്വാസ്ഥ്യങ്ങള്‍ ഉണ്ടെങ്കിലും നാട്ടിലെ പുണ്യസ്ഥലങ്ങള്‍ ഒന്നു സന്ദര്‍ശിച്ച് വരാന്‍ മനസ്സ് ആഗ്രഹിക്കാന്‍ തുടങ്ങിയപ്പോള്‍ അത് സാധിച്ചു കളയാമെന്നു തീരുമാനിച്ചു. ഒപ്പം ഒരു സുഖചികിത്സയും. എന്റെ ശരീരാസ്വാസ്ഥ്യങ്ങള്‍ ഭേദമാക്കാന്‍ ഞാന്‍ സമീപിച്ചത് വളര്‍ന്ന് വരുന്ന, വളരുവാന്‍ സാഹചര്യങ്ങളുള്ള ഒരു ആയുര്‍വേദ സ്ഥാപനമാണു്. വളരെ ശുഭപ്രതീക്ഷയോടെ എത്തിയ എനിക്ക് അല്‍പ്പം നിരാശപ്പെടേണ്ടി വന്നു. എങ്കിലും മുന്‍ കൂട്ടി നിശ്ചയിച പ്രകാരം ചികിത്സാ കര്‍മ്മങ്ങള്‍ നടത്തി. എനിക്കായി ഒരുക്കിയ മുറി, സൗകര്യങ്ങള്‍ എന്നിവയില്‍ വീഴ്ച വരുത്തിയെങ്കിലും ചികിത്സയില്‍ കുറവുകള്‍ ഒന്നും വരുത്തിയില്ലെന്നു വിശ്വസിക്കുന്നു. വിധിപ്രകാരമുള്ള ചികിത്സ കഴിഞ്ഞപ്പോള്‍ അല്‍പ്പം സുഖം തോന്നിയത് കൊണ്ട് അവരുടെ മരുന്നും, ഉഴിച്ചിലുമൊക്കെ ശരിയാംവണ്ണമെന്നു വിശ്വസിച്ചു.

ദിവസവും രോഗിയുടെ പ്രഥമ ഡോക്ടര്‍, കോഴ്‌സ് പൂര്‍ത്തിയാക്കി ഹൗസ്‌സര്‍ജന്‍ എന്ന പദവിയില്‍ സേവനം അനുഷ്ഠിക്കുന്ന ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍, ഒരു നേഴ്‌സ്, ആവശ്യമെങ്കില്‍ വിദഗ്‌ദ്ധോപദേശം നല്‍കുന്നതിനു വേണ്ടി സീനിയര്‍ ഡോക്ടര്‍മാര്‍ എന്നിവരടങ്ങിയ ഒരു സംഘം രോഗിയെ സന്ദര്‍ശിക്കുന്നു. ചികിത്സാക്രമത്തില്‍ നിന്നുള്ള നെഗറ്റിവും പോസിറ്റീവുമായ ഫലങ്ങള്‍, ചികിത്സാ രീതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ രോഗിയും, രോഗിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നു. ഡോക്ടരുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള ചികിത്സകള്‍ നടത്തുന്നത് പരിശീലനം ലഭിച്ചിട്ടുള്ള തെറാപിസ്റ്റുകളാണു്. തിരുമ്മല്‍ (massaging) കിഴി, വസ്ഥി, ധാര തുടങ്ങി വിവിധ ചികിത്സാരീതികള്‍ രോഗികളുടെ അവസ്ഥയനുസരിക്ല് നടത്തുന്നു. ചികിത്സക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മുറികളില്‍ ഒരു ഡോക്ടരുടെ സാന്നിദ്ധ്യവും നിര്‍ദ്ദേശവും അനുസരിച്ചാണു ഇതു നടത്തുക.

എന്നെ ആകര്‍ഷിച്ചത് ആ ചികിത്സാകേന്ദ്രത്തിന്റെ ചുറ്റുപാടുമുള്ള പച്ചപ്പായിരുന്നു. " പച്ചക്കദളിക്കുലകള്‍ക്കിടക്കിടെ മെല്ലത്തിലങ്ങനെ പഴുത്ത പഴങ്ങളും'' കേരളത്തിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു. നിത്യഹരിത കേരളം ഒരു സുന്ദരഭൂമി തന്നെ. എനിക്ക് ചുറ്റും ഞാന്‍ കാണുന്ന ഹരിതാഭ കദളിവാഴകളോ, തെങ്ങിന്‍ തോപ്പുകളോ അല്ല, അന്യം നിന്നുപോയിയെന്നു വിശ്വസിച്ചിരുന്ന പച്ചമരുന്നുകളുടെ കാനനശോഭ. പച്ചമരുന്നുകളുടെ വിസ്മയാവഹമായ ശക്തി വിവിധ രോഗങ്ങളില്‍നിന്നും സാധാരണക്കാരനായ മനുഷ്യനു ഉന്മേഷം പ്രദാനം ചെയ്യുന്നു. പഴമയുടെ മഹത്വം മനസ്സിലാക്കിയ ഏതാനും സുമനസ്സുകളുടെന്ഉള്‍പ്രേരണ ഈ ആതുരാലയത്തിനും കലാലയത്തിനും പ്രേരകമായി. പട്ടണത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നില കൊള്ളുന്ന ഒരു ബഹുനിലകെട്ടിടം. പഴമയുടെ പുതുമയുമായി ഒരു ആശുപത്രി. ഈ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ വനഭംഗിയുടെ പ്രാഭവം തിളങ്ങുന്നത് കാണാം. പ്രഭാതങ്ങളില്‍ പൊന്‍പ്രഭ പരത്തുന്ന, സായാഹ്നങ്ങളില്‍ അരുണാഭ പരത്തുന്ന സൂര്യന്‍ കണ്ണിനു കൗതുകവും ആനന്ദവും നല്‍കുന്നു.
ശാരീരികമായ അസ്വസ്ഥ തകള്‍ മറന്നു ഞാന്‍ പ്രക്രുതി സൗന്ദര്യത്തില്‍ മുഴുകിയിരുന്നു. ഒരു പക്ഷെ രോഗശമനത്തിനായി നടത്തിയിരുന്ന ഉഴിച്ചില്‍, തിരുമ്മല്‍ എന്നതിനേക്കാള്‍ അതെല്ലാം കഴിഞ്ഞ് കിട്ടുന്ന സമയം ചുറ്റിലും സൗന്ദര്യം പരത്തി നില്‍ക്കുന്ന പ്രക്രുതിയുടെ കാഴ്ചകളില്‍ കണ്ണും നട്ടിരിക്കാനായിരുന്നു എനിക്കിഷ്ടം. .

എണ്ണയും, കുഴമ്പും, കഷായവും നല്‍കിയ ഉന്മേഷവുമായി ആയുര്‍വേദ ആശുപത്രി വിട്ടുപോരുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു "ദാ ആ വഴി പോയാല്‍ മലയാറ്റൂര്‍ പള്ളിയില്‍ എത്താം''. ക്രിസ്തുദേവന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം ദൈവപുത്രന്റെ സ്‌നേഹസന്ദേശവുമായി നമ്മുടെ നാട്ടില്‍ വന്ന തോമാശ്ശീഹയുടെ പുണ്യപാദങ്ങള്‍ പതിഞ്ഞ ആ പള്ളി മുമ്പ് സന്ദര്‍ശിച്ചതാണെങ്കിലും അവിടെ ഒന്നുകൂടി പോകുക സന്തോഷമായിരുന്നു. മേല്‍പ്പോട്ടുള്ള പടികള്‍ എന്നെ നോക്കി സഹതപിക്കുകയും ഞാന്‍ മലയടിവാരത്തില്‍ നിന്നും മുത്തപ്പനെ വണങ്ങുകയും ചെയ്തു. ദേവലയ സന്ദര്‍ശനങ്ങളെന്തൊരു ആത്മീയാനുഭൂതിയാണു നല്‍കുന്നത്. അവിടെ ആ മലയടിവാരത്തില്‍ ഞാന്‍ ശരിക്കും മുട്ടു മടക്കി. പടികള്‍ കയറാന്‍ മുട്ടുകള്‍ അനുവദിക്കുന്നില്ല. മുത്തപ്പനു മനസ്സിലായിയെന്നു തോന്നുന്നു, ഒരനുഗ്രഹം പോലെ സൂര്യ കിരണങ്ങള്‍ എന്റെ മുന്നില്‍ വന്നു മണ്ണില്‍ വീണു ആശ്വാസം നല്‍കി.

നാട്ടില്‍ അവധിക്ക് ചെല്ലുമ്പോള്‍ ദിവസങ്ങള്‍ പെട്ടെന്നു കടന്നു പോകുന്നു. എന്തെങ്കിലും ചെയ്യാന്‍ ഇനി ഒരു ദിവസം മുഴുവനായിട്ടുണ്ട്. ഹിന്ദുവും, ക്രുസ്താനിയും, മുസല്‍മാനും കൈകോര്‍ത്ത് ജീവിക്കുന്ന കേരളത്തിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക തന്നെ. അപ്പോഴാണു എല്ലാ മതസ്ഥര്‍ക്കും ദര്‍ശനം നല്‍കുന്ന അയ്യപ്പസ്വാമിയുടെ ശബരിമല സന്ദര്‍ശിക്കാമെന്നു തോന്നിയത്. ഭക്തന്മാരുടെ സീസണ്‍ അല്ലാത്തതിനാല്‍ വിജനമായ കാനനമധ്യത്തിലൂടെ യാത്ര അല്‍പ്പം പ്രയാസമായിരിക്കുമെന്ന ഡ്രൈവരുടെ താക്കീത് കാര്യമാക്കിയില്ല. അല്‍പ്പം ത്രില്‍ നല്ലത് തന്നെ. അങ്ങനെ എരുമേലി വഴി ശബരിമലയിലേക്കുള്ള യാത്ര തിരിച്ചു. കേരളത്തിന്റെ കാനനഭംഗി ആവോളം ആസ്വദിച്ച യാത്ര. ഭക്തജനങ്ങള്‍ക്ക് വീഥികള്‍ ഒരുക്കിയിട്ടുണ്ട്. പലഭാഗങ്ങളിലും ഹെയര്‍പിന്‍ വളവുകള്‍. ആള്‍താമസം തീരെയില്ലാത്ത, ഈറ മുറ്റി വളരുന്ന വനാന്തരങ്ങള്‍. ആദിവാസികളുടെ കുടിലുകള്‍ കുന്നിന്‍ മുകളില്‍ അവിടവിടെക്കാണാം. ചില ഭാഗങ്ങളില്‍ സൂര്യപ്രകാശം ഒട്ടും കടന്നുവരാത്തവണ്ണം വ്രുക്ഷലതാദികള്‍ തിങ്ങി നില്‍ക്കുന്നു. റോഡിന്റെ പാര്‍ശ്വങ്ങളിലായി കുരങ്ങന്മാര്‍ ചാടിക്കളിക്കുന്നു. ചുരുക്കമായി പന്നികളേയും കാണാം. ശബരിമല അടുക്കുന്തോറും ആള്‍താമസമുള്ള ചില ഭാഗങ്ങള്‍, റോഡിന്റെ ഇരുവശങ്ങളിലുമായി അടഞ്ഞ്കിടക്കുന്ന കൊച്ചുകൊച്ചു കടകള്‍. ഭക്തജനങ്ങളുടെ തിരക്കുള്ള സീസണില്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥലങ്ങളാണവ.

ആ നീണ്ട യാത്ര ശബരിമലയുടെ താഴ്‌വാരങ്ങളില്‍ അവസാനിച്ചു. ഭക്തജനങ്ങള്‍ക്ക് വിശ്രമത്തിനായി പണിഞ്ഞിരിക്കുന്ന കൂറ്റന്‍ ഷെഡ്ഡുകള്‍. അതിന്റെ മുറ്റത്തും പന്നികള്‍ കൂട്ടമായി മേഞ്ഞു നടക്കുന്നു. പമ്പയുടെ ഉത്ഭവസ്ഥാനം കാണാന്‍ കഴിഞ്ഞതിലുള്ള സംത്രുപ്തി. തെളിനീര്‍ നിറഞ്ഞ പമ്പാനദി, അതിലേക്കിറങ്ങാന്‍ ചവിട്ടുപടികള്‍. കുളിരുള്ള വെള്ളത്തില്‍ കാല്‍ തൊട്ടപ്പോള്‍, സൂര്യന്റെ ഉഗ്രതാപത്തില്‍ നിന്നും ഒരു മോചനം. പലത്തരത്തിലുള്ള മത്സ്യങ്ങള്‍ വെള്ളത്തിനടിയിലായി ഓടിനടക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോര്‍ഡാന്‍ നദിയില്‍ ഇറങ്ങി നിന്ന ഓര്‍മ്മ. മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ പ്രക്രുതി എല്ലാവരേയും സ്വീകരിക്കുന്നു, അനുഗ്രഹിക്കുന്നു.

മലമുകളില്‍ ഇരിക്കുന്ന ശ്രീ അയ്യപ്പനെ ഒന്നു കാണാന്‍ തോന്നിയെങ്കിലും പിന്നെയും മല കയറാന്‍ പ്രയാസമായിരുന്നു. ക്ഷേത്രനടയില്‍ "തത്വമസി'' എന്നെഴുതിയിരിക്കുന്നത് ഓര്‍മ്മ വന്നു. അതേ, ദൈവം നമ്മുടെ മനസ്സില്‍ തന്നെയുണ്ട്. പിന്നെന്തിനു അവനെ തേടി അലയുന്നു. അങ്ങനെ തിരിച്ചുള്ള യാത്ര ആരംഭിച്ചു. വിശപ്പിന്റെ വിളി തുടങ്ങികഴിഞ്ഞിരുന്നു.

സുഖചികിത്സകളും വിനോദസഞ്ചാരങ്ങളും പ്രായം വരുത്തി വയ്ക്കുന്ന കെടുതികളില്‍ നിന്നു ശരീരത്തിനേയും മനസ്സിനേയും ഒരു പരിധി വരെ സംരക്ഷിക്കാന്‍ പ്രാപ്തമാണു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code