Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നേരിന്റെ പൊരുള്‍ നേരത്തെ അറിയിച്ച് കല യു.എസ് ഇലക്ഷന്‍ ഡിബേറ്റ്   - ജോജോ കോട്ടൂര്‍

Picture

ഫിലാഡല്‍ഫിയ: പ്രവാസി സമൂഹത്തിന്റെ രാഷ്ട്രീയ അവബോധവും ജനാധിപത്യദര്‍ശനങ്ങളും വിളിച്ചോതുന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ സംവാദ പരമ്പരയ്ക്ക് "കല' മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ നാന്ദികുറിച്ചു.

വൈജ്ഞാനിക രംഗത്തെ ശാക്തീകരണത്തിനായി "കല' നടത്തുന്ന സംരംഭങ്ങളുടെ ഭാഗമായാണ് യു.എസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് മലയാളത്തില്‍ സംഘടിപ്പിച്ചത്. മതനേതാക്കളും മാധ്യമ പ്രവര്‍ത്തകരും, പൗരസമൂഹവും തിങ്ങിനിറഞ്ഞ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ നയങ്ങളേയും നിയമസംവിധാനത്തേയും നികുതിവ്യവസ്ഥകളേയും സംബന്ധിച്ച് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യശരങ്ങള്‍ക്ക് തങ്ങളുടെ അറിവിന്റേയും മുന്നൊരുക്കത്തിന്റേയും വാക്ചാതുര്യത്തിന്റേയും പിന്‍ബലത്തില്‍ മറുപടി നല്‍കുന്നതില്‍ ഇരുപാര്‍ട്ടികളുടേയും പ്രതിനിധികള്‍ മികവു പുലര്‍ത്തി.

ആവേശം അലയടിച്ച ഉദ്വേഗഭരിതമായ സംവാദത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജിബി തോമസ് (ഫോമ ജനറല്‍ സെക്രട്ടറി/ ബിസിനസ് മാന്‍), ജ്യോതി എസ് വര്‍ഗീസ് (യുവസംരംഭക), ബിനു ജോസഫ് (മുന്‍ ഫോമ നാഷണല്‍ കമ്മിറ്റി അംഗം), അലക്‌സ് ജോണ്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍) എന്നീ പ്രതിഭകള്‍ പങ്കെടുത്തപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് വിന്‍സണ്‍ പാലത്തിങ്കല്‍ (ഫോമ മുന്‍ വൈസ് പ്രസിഡന്റ്/വ്യവസായി), മോഹന്‍ മാവുങ്കല്‍ (ഫോമ മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍), അനിയന്‍ ജോര്‍ജ് (ഫോമ മുന്‍ ജനറല്‍ സെക്രട്ടറി/ബിസിനസ് വിദഗ്ധന്‍), ജോ ജോസഫ് (പ്രോ ലൈഫ് പ്രവര്‍ത്തകന്‍) എന്നീ പ്രഗത്ഭരായിരുന്നു.

പക്വതയാര്‍ന്ന സമീപനങ്ങള്‍കൊണ്ടും ക്ലിപ്തമായ സമയക്രമീകരണങ്ങള്‍കൊണ്ടും സംവാദത്തെ മാതൃകാപരമാക്കാന്‍ മോഡറേറ്റര്‍മാരായ ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു സി.പി.എ എന്നിവര്‍ ജാഗ്രത പുലര്‍ത്തി. നികുതി വ്യവസ്ഥ, സമ്പദ്ഘടന, കുടിയേറ്റം, ആഗോള ഭീകരത, ആയുധ നിയമങ്ങള്‍, സുരക്ഷാവിഷയങ്ങള്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള മോഡറേറ്റര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഇരുപാര്‍ട്ടികളുടെ പ്രതിനിധികളും സദസ്യരും തങ്ങളുടെ ആശയങ്ങളും വീക്ഷണങ്ങളും, ആശങ്കകളും പങ്കുവെച്ചു.

ഹിലരി ക്ലിന്റന്റേയും, ഡൊണാള്‍ഡ് ട്രമ്പിന്റേയും പേരില്‍ സമീപകാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിലും ന്യായീകരിക്കുന്നതിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരിക്കുന്നത് പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തി.

തീപാറുന്ന പോരാട്ടം കാഴ്ചവെച്ച ഇരുപാര്‍ട്ടികളിലേയും പ്രതിനിധികള്‍ പുഞ്ചിരിയോടെ പരസ്പരം ഹസ്തദാനം ചെയ്തു പിരിയുമ്പോള്‍ ആരുടെ ചുണ്ടിലെ മന്ദഹാസമാണ് നവംബര്‍ എട്ടിനു മായുക എന്ന ആകാംക്ഷയിലാണ് കാണികള്‍.

സംവാദത്തിന്റെ പൂര്‍ണ്ണരൂപം കൈരളി ചാനലിലും, പ്രവാസി ചാനലിലും പിന്നീട് സംപ്രേഷണം ചെയ്യുന്നതാണ്.

ജോസഫ് സഖറിയയുടെ നേതൃത്വത്തില്‍ "കല ഹോസ്പിറ്റാലിറ്റി ടീം' എല്ലാവര്‍ക്കും ഹൃദ്യമായ സ്വീകരണമൊരുക്കി. കല പ്രസിഡന്റ് സണ്ണി ഏബ്രഹാം സ്വാഗതവും ജനറല്‍ സെക്രട്ടറി രേഖ ഫിലിപ്പ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code