Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വജ്രജൂബിലിയുടെ വെല്ലുവിളികള്‍ (ഡി. ബാബു പോള്‍ ഐ.എ.എസ്)

Picture

മലബാര്‍ തിരു കൊച്ചിയോട് ചേര്‍ന്നതിന്റെ ആദ്യത്തെ ഫലം തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ ഏഴ് സംവത്സരങ്ങള്‍ക്കപ്പുറം അടിച്ചേല്പിക്കപ്പെട്ട സംയോജനം വൈകാരികതലത്തില്‍ പൂര്‍ത്തിയായി എന്നതാണ്. മലബാര്‍ പുതിയാപ്‌ളയോ പൊതുശത്രുവോ ആയി രംഗപ്രവേശം ചെയ്തതോടെ തിരുവിതാംകൂറും കൊച്ചിയും പണ്ട് രണ്ട് രാജ്യങ്ങളായിരുന്നു എന്നത് വിസ്മൃതമായി. കൊച്ചിക്കാരുടെ നേതാവായി വിളങ്ങിയിരുന്നതിനാല്‍ പനമ്പിള്ളി ഗോവിന്ദമേനോനെ പോലെ പ്രഗത്ഭനായ ഒരാള്‍ക്ക് പോലും പുതിയ സാഹചര്യങ്ങളില്‍ സ്വന്തം ഇടം കണ്ടെത്താന്‍ ഒരു ദശകം കാത്തിരിക്കേണ്ടിവന്നു എന്നത് ഈ നിരീക്ഷണത്തിന് ബലം പകരുന്നു.

1956 ല്‍ കേരളം രൂപപ്പെട്ടുവെന്ന് പറയാമെങ്കിലും 1957 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നകാലം തൊട്ടാണ് കേരള സംസ്ഥാന രൂപീകരണത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്.

സ്വതന്ത്രഭാരതത്തില്‍ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്‌ക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് വി.പി. മേനോനും സര്‍ദാര്‍ പട്ടേലും നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചത്. അത് അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു ആധുനിക ജനാധിപത്യ രാഷ്ട്രം പാര്‍ട്ട് എ, പാര്‍ട്ട് ബി, പാര്‍ട്ട് സി സംസ്ഥാനങ്ങളുടെ സമുച്ചയമായി എക്കാലവും തുടരുമായിരുന്നില്ല. അതുകൊണ്ട് പോറ്റി ശ്രീരാമുലുവിന്റെ പ്രായോപവേശവും ആന്ധ്രയുടെ രൂപീകരണവും ആണ് സംസ്ഥാന പുനഃസംഘടനയ്ക്ക് വഴിവച്ചത് എന്ന് കരുതിക്കൂട. അവ ആ പ്രക്രിയയെ ത്വരിപ്പിച്ചുഎന്നത് ശരി. അതിലേറെ പ്രധാനം ഭാഷയാവണം പുനഃസംഘടനയുടെ അടിസ്ഥാനം എന്ന പ്രമാണം അംഗീകരിക്കപ്പെട്ടത് തെലുങ്കരുടെ സമരം വിജയം കണ്ടതിന് ശേഷം ആണ് എന്ന വസ്തുതയാണ്.

ഭാഷ അടിസ്ഥാനമായതുകൊണ്ട് ഗുണവും ദോഷവും ഉണ്ടായി. കേരളവും ഗുജറാത്തും ഗുണഫലങ്ങളായി കാണാം. എന്നാല്‍ ഒരേ ഭാഷ ഹിന്ദി സംസാരിച്ചിരുന്ന പഴയ ബ്രിട്ടീഷ് പ്രവിശ്യകള്‍ വിഭജിക്കപ്പെട്ടില്ല എന്നതും കാണാതിരുന്നുകൂട. ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ട്, തെലുങ്കാന ഇവയൊക്കെ എത്രകാലം കഴിഞ്ഞാണ് നിലവില്‍ വന്നത് എന്ന് ശ്രദ്ധിക്കുക.<യൃ />
അങ്ങനെ കേരളം നിലവില്‍ വന്നു. നിയമെന ഡിജൂറെ 1956 നവംബറില്‍; ഫലത്തില്‍ ഡിഫാക്ടോ 1957 ഏപ്രിലില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകള്‍ നെടിയമല കിഴക്കും നേരെഴാത്താഴി മെക്കും വടിവിലെലുകയായി തള്ളിടും കേര നാട്ടില്‍ എന്ത് വ്യതിയാനങ്ങളാണ് സൃഷ്ടിച്ചത് എന്ന് പരിശോധിക്കാം.

നിശബ്ദമായ ഒരു സാമൂഹിക വിപ്ലവം ഈ നാട്ടില്‍ അരങ്ങേറി എന്നതാണ് ആദ്യം നാം ശ്രദ്ധിച്ചുപോവുന്നത് 'വാഴക്കുല' എന്ന കവിതയും 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും വരച്ചുവയ്ക്കുന്ന ചിത്രം ചരിത്രത്തിന്റെ ഭാഗമായി. തമ്പ്രാനെന്ന് വിളിക്കാനും പാളയില്‍ കഞ്ഞികുടിക്കാനും തങ്ങള്‍ തയ്യാറല്ല എന്ന് വിളിച്ചുപറയാന്‍ കുട്ടനാട്ടിലെ ദളിതര്‍ ധൈര്യം കാണിച്ചു.

ഭാരതത്തില്‍ ഭൂപരിഷ്ക്കരണരംഗത്ത് ഏറ്റവും ശ്രദ്ധേയമായ രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇതിന്റെ പിതൃത്വവും മാതൃത്വവും ഒക്കെ അവകാശപ്പെടാവുന്നവര്‍ മൂന്നുപേര്‍ ആണ്. കെ.ആര്‍. ഗൗരി തുടങ്ങിവച്ചു. പി.ടി ചാക്കോ പൂര്‍ത്തീകരിച്ചു. വളരെ ചെറിയ ഇടവേളയില്‍ മാത്രം മന്ത്രി ആയി പ്രവര്‍ത്തിച്ച കെ.ടി. ജേക്കബ് ഏട്ടിലെ പശുവിനെ കെട്ടഴിച്ച് പുല്ല് തിന്നാന്‍ വിട്ടു.<യൃ />
ഭൂപരിഷ്കരണം ഉദ്ദിഷ്ടഫലം നല്‍കിയില്ലെങ്കിലും ഉദ്ദേശിക്കാതെ നല്‍കിയ സല്‍ഫലമാണ് ഉപരി സൂചിപ്പിച്ച സാമൂഹിക വിപ്ലവം. ഉല്പാദനമൊ ഉല്പാദനക്ഷമതയോ വര്‍ദ്ധിച്ചില്ല. തങ്ങള്‍ കൊയ്യുന്ന വയലുകളെല്ലാം തങ്ങളുടേതാവും എന്ന് വിശ്വസിച്ച പൈങ്കിളികള്‍ വഞ്ചിക്കപ്പെട്ട വിവരം അവര്‍ പോലും തിരിച്ചറിഞ്ഞത് അടുത്ത കാലത്താണ്.

പാട്ടക്കാരെയാണ് ഗൗരിയമ്മയും ചാക്കോയും സഹായിച്ചത്. ആ നിയമം ആണ് ജേക്കബ്ബാശാന്‍ നടപ്പാക്കിയത്. പാടത്ത് പണിയെടുത്ത് വരമ്പത്ത് കൂലി വാങ്ങിച്ചിരുന്ന കര്‍ഷകത്തൊഴിലാളികള്‍ അവഗണിക്കപ്പെട്ടു. അവര്‍ക്ക് കിട്ടിയത് തലയ്ക്കു മേലെ ഒരു കൂരമാത്രം. അന്ന് അത് ചെറിയ കാര്യമായിരുന്നില്ല. അതുകൊണ്ടാണ് അന്ന് അവ&്വംിഷ;ര്‍ ബഹളത്തിന് ഇറങ്ങാതിരുന്നതും.<യൃ />
ഇതിന് ഒരുകാരണം ഉണ്ട്. ദേശീയപ്രസ്ഥാനത്തിലായാലും ഇടതുപക്ഷപ്രസ്ഥാനത്തിലായാലും ദളിതര്‍ അഗണ്യരായിരുന്നു. ഈഴവരില്‍ താഴെ ഒരു ജാതിയും പൊതുജീവിതത്തിലൊന്നും ഉണ്ടായിരുന്നില്ല. ഇടതുപക്ഷവും ഇതര പുരോഗമനവാദികളും കുലാക്കുകള്‍ക്കും പെറ്റി ബൂര്‍ഷ്വാകള്‍ക്കും താഴെ ഉള്ളവരെ അക്കാലത്ത് അന്വേഷിച്ചിരുന്നില്ല. അയ്യങ്കാളി പോലും ഒരു എലീറ്റിസ്റ്റ് പ്രതീകം മാത്രം ആയിരുന്നു. അദ്ദേഹം വില്ലുവണ്ടി കയറിയത് അത്യപൂര്‍വ്വമായ സംഗതി തന്നെ. എന്നാല്‍ സ്വസമുദായത്തിലെ സാധാരണക്കാര്‍ക്ക് അവിശ്വസനീയതയും അത്ഭുതപരതന്ത്രതയും നിര്‍വ്വഹിച്ച മനസ്സോടെ നോക്കിനില്‍ക്കാന്‍ മാത്രം ആണ് കഴിഞ്ഞത്.അവരാരും വില്ലുവണ്ടിയില്‍ കയറിയില്ലെന്ന് മാത്രമല്ല കയറണമെന്ന് മോഹിച്ചതുപോലുമില്ല.

ഇനി മറ്റൊന്നാലോചിച്ചാലോ? പാട്ടക്കുടിയന്മാരെയും ഭൂപരിധിയും ഒഴിവാക്കി, ജന്മിമാരെ നിലനിര്‍ത്തി, അവരും കര്‍ഷകത്തൊഴിലാളികളും മാത്രമുള്ള ഒരു വ്യവസ്ഥിതി സൃഷ്ടിച്ചിരുന്നെങ്കില്‍ തോട്ടവ്യവസായങ്ങളില്‍ സംഭവിച്ചത് സംഭവിക്കുമായിരുന്നില്ലെ? അവിടെയും സായിപ്പ് അല്ലെങ്കില്‍ നാട്ടുകാരനായ ഉടമ, പാട്ടക്കുടിയാന്മാരോട് താരതമ്യപ്പെടുത്താവുന്ന ഇടനിലക്കാര്‍, സാധാരണ തൊഴിലാളികള്‍ ഇങ്ങനെ ഒരു തലത്രയം ആണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. തൊഴിലാളികളുടെ ക്ഷേമപദ്ധതികളും സംഘടനാരീതികളും ജോലിസ്ഥിരതയും ഒക്കെ വന്ന മുറയ്ക്ക് ഇടനിലക്കാ&്വംിഷ;ര്‍ അപ്രസക്തമായി. ഉടമയും തൊഴിലാളിയും എന്ന ദ്വന്ദം നിലവില്‍ വന്നു. തോട്ടം മേഖലയിലെ ഇടനിലക്കാര്‍ കുടിയാന്മാര്‍ ആയിരുന്നില്ല എന്നതുകൊണ്ടാണ് അവരെ ഒഴിവാക്കാന്‍ കഴിഞ്ഞത്. സായിപ്പ് തിരുവനന്തപുരത്ത് താമസിച്ച് പൊന്മുടിയിലെ സ്ഥലം പാട്ടക്കാരന് കൊടുക്കയല്ല ഉണ്ടായത് എന്നതിലാണ് വ്യത്യാസത്തിന്റെ രഹസ്യം.

മുരിക്കനെ നിലനിര്‍ത്തികൊണ്ട് കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തിയിരുന്നെങ്കില്‍ മുരിക്കന്‍ നേടിയ വിജയം അതേപടി തുടരുമായിരുന്നോ എന്നതും ആലോചിക്കാവുന്ന ഒരു വഴിയാണ്. ഉല്പാദനം പഴയതുപോലെ തുടരുമായിരുന്നില്ല. കാരണം മുരിക്കന്റെ വിജയത്തിന് പിന്നില്‍ കുട്ടനാടന്‍ തൊഴിലാളിയുടെ കീഴാളഭാവവും ഒരു ഘടകം ആയിരുന്നു.

ഇപ്പറഞ്ഞതൊക്കെ ഭൂമിപരിഷ്ക്കരണം അതിന്റെ സാമ്പത്തികലക്ഷ്യങ്ങള്‍ എന്തുകൊണ്ട് നേടിയില്ല എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കാണുന്ന ഭൂമികകളാണ്. എന്നാല്‍ ജന്മിമാരുടെ തിരോധാനമാണ് സാമൂഹികവിപ്ലവത്തിന് വഴിയൊരുക്കിയത്. ജന്മി ഒരു പ്രതീകമായിരുന്നു. ആ പ്രതീകം നശിച്ചതോടെ അതുവരെ ജന്മിയുടെ മുന്നില്‍ വിനീതനായി അരയ്ക്ക് രണ്ടാം മുണ്ട് കെട്ടി വായപൊത്തി സംസാരിച്ചിരുന്ന കുടിയാന്മാര്‍ രണ്ടാംമുണ്ട് തോളത്തിട്ട് വായമൂടാതെ സംസാരിക്കുന്നത് കണ്ടപ്പോള്‍ ഒരു പുതിയയുഗം പിറന്നു എന്ന് തൊഴിലാളിക്കും മനസ്സിലായി. കുടിയാന് ജന്മിയോട് അങ്ങനെ സംസാരിക്കാമെങ്കില്‍ കര്‍ഷകത്തൊഴിലാളിക്ക് പുതിയ ജന്മിയായ പഴയ കുടിയാനോടും അങ്ങനെ സംസാരിക്കാം എന്ന് വന്നു. ഈ സാമൂഹ്യവിപ്ലവം ആണ് കഴിഞ്ഞ അറുപത് കൊല്ലം നമുക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന.

ഗൗരിയമ്മയുടെ പി.ടി. ചാക്കോയുടെയും നിയമനിര്‍മ്മാണങ്ങളാണ് അതിന് വഴിഒരുക്കിയത്. എന്നാല്‍ കെ.ടി. ജേക്കബും സി. അച്യുതമേനോനും ആ നിയമങ്ങള്‍ നടപ്പാക്കിയതാണ് വിപ്ലവം സംഘടിപ്പിച്ച പട്ടയമേളകളും അതിന്റെ പിറകെ ഉണ്ടായ തുടര്‍ പ്രവര്‍ത്തനങ്ങളും ഇല്ലായിരുന്നുവെങ്കില്‍ ഈ സാമൂഹ്യവിപ്ലവം ഉണ്ടാകുമായിരുന്നില്ല. 1969 75 കാലത്ത് കളക്ടര്‍മാരായിരുന്ന എന്റെ തലമുറയിലെ ഐ.എ.എസുകാര്‍ക്കും ഈ മഹാവിപ്ലവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതില്‍ ഇന്ന് അഭിമാനം ഉണ്ട്. അന്ന് കര്‍മ്മകുശലതയായി മാത്രമാണ് ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ അത് കണ്ടതെങ്കിലും കൃഷ്ണകുമാര്‍ നൂറ് പട്ടയം കൊടുത്താല്‍ എം. ജോസഫ് നൂറ്റിപ്പത്ത് പട്ടയം കൊടുക്കും ഞാന്‍ ആ സംഖ്യ മറിക്കടക്കാനാവുമോ എന്ന് നോക്കും. അത്രയെ അന്ന് തോന്നിയുള്ളൂ. ഇന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് കേരളത്തിലെ ഒരു വലിയ വിപ്‌ളവത്തില്‍ പങ്കാളികളാവുകയായിരുന്നു ഞങ്ങള്‍ എന്ന് തിരിച്ചറിയാനാവുന്നത്.

ഇതിന് സമാന്തരമായി മറ്റൊരു വലിയ സാമൂഹ്യവിപ്ലവം മുസ്ലിം സമുദായത്തിലും മലബാറില്‍ പൊതുവെയും ഉണ്ടായതാണ് ആറ് പതിറ്റാണ്ടിന്റെ ബാക്കിപത്രത്തില്‍ ശ്രദ്ധേയമായ മറ്റൊന്ന്. മലബാറില്‍ വിദ്യാഭ്യാസവും സ്ത്രീകളുടെ വിദ്യാഭ്യാസവും വരുത്തിയ ഈ മാറ്റങ്ങളുടെ സൂത്രധാരന്‍ സി.എച്ച്. മുഹമ്മദ്‌കോയ ആയിരുന്നു.

1816 ല്‍ നോര്‍ട്ടണ്‍ കേരളത്തില്‍ എത്തി. മണ്‍റോ പ്രത്യേകതാത്പര്യം എടുത്ത് കൊണ്ടുവന്നതാണ്. തുടര്‍ന്നുള്ള നൂറ് നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ തിരുവിതാംകൂറിലും കൊച്ചിയിലും വിദ്യാഭ്യാസമേഖലയില്‍ വലിയ വ്യതിയാനങ്ങള്‍ കണ്ടു.അവര്‍ണ്ണര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം അപ്രാപ്യമല്ലാതായി. അതുകൊണ്ടാണ് ആദ്യത്തെ സിസേറിയന്‍ നടത്തിയ മേരി പുന്നന്‍ ലൂക്കോസും, ആദ്യത്തെ വനിത എന്‍ജിനീയര്‍മാരായ ലീല ജോര്‍ജ് കോശിയും പി.കെ. ത്രേസ്യയും ആദ്യത്തെ ഐ.എ.എസുകാരിയായ അന്ന ജോര്‍ജും ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി അന്ന ചാണ്ടിയും ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജി ഫാത്തിമാബീവിയും ഒക്കെ കേരളത്തിലുണ്ടായത്.(തുടരും)

Picture2



Comments


Wg cdr
by Job Mathew Tharappel, Kochi on 2016-10-24 00:02:07 am
Sir, Well written. Most of the aspects were covered. I am sure you will add more info to the evolving socio-economic milieu of Kerala. The ascend of Christians in the socio-financial leader courtesy quick adaptation to the plantation as well as availing education provided by " pallikkoodams which the church provided should be mentioned. The Christians now could claim govt jobs which were earlier the preserve of mostly Nairs. Similarly, the Malabar migrations from central Travancore by Syrian Christians needs a mention. The formation of NSS is a great enabler for cast Hindus just as SNDP is for ( OBC) Ezhavas. Fishing and liquor business gave financial empowerment to Latin Catholics and Ezhavas. Muslims found new strengths obtained through businesses, gulf jobs and added strength through political power reflected in the near constant more than twenty MLAs the ' league' returned to Legislature. I would like to add that the revolutionaries and administrators in their enthusiasm to give more pattas and create a new social order overlooked the fact that these new layers need to be given responsibilities as well. We had a well-oiled production system, albeit loaded with injustices but production was there in agriculture and industries as well. But with the advent of ab neo revolutionaries, intellectuals , comrades and fellow travellers there were more free lunch takers than the system could support. The collapse was avoided till now courtesy gulf boom. With its end in sight how long can the catastrophe be avoided ?


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code