Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്റെ പ്രിയേ, നീ സുന്ദരി! എന്റെ പ്രിയനേ, നീ സുന്ദരൻ! (തോമസ് ഫിലിപ്പ്, റാന്നി)

Picture

ലോകത്തിൽ വെച്ചേറ്റവും മനോഹരമായ പ്രേമഗീതം ബൈബിളിലെ ഉത്തമഗീതം (Song of Songs) ആകുന്നു. ഈ പ്രേമസംഗീതം Wonder of Wonders ആയും King of Kings ആയും Holy of Holys ആയും പ്രകീർത്തിക്കപ്പെടുന്നു. നിർമ്മലവും നിസ്വാർത്ഥസുന്ദരവുമായ പ്രേമത്തെയാകുന്നു ഇതു വാഴ്‌ത്തുന്നത്.

 

 

ഇസ്രായേലിനേയും മണവാട്ടിയായ തിരുസഭയേയും സ്വർഗീയ മണവാളനായ ക്രിസ്തുവിനേയുമാകുന്നു സോളമൻ ഈ രചനയിലൂടെ ഹൃദയാവർജകമായി ആത്മാവിഷ്‌കരണം ചെയ്‌തിരിക്കുന്നത്. ഈ പ്രേമകവിതയിലെ നായകനായ പ്രിയനെക്കുറിച്ച് അവൻ ജനിക്കുന്നതിനും പല നൂറ്റാണ്ടുകൾക്കും മുൻപായി ജീവിച്ചിരുന്ന പ്രവാചകശ്രേഷ്ഠനായിരുന്ന യെശയ്യാവ് വർണിച്ചിരിക്കുന്നതു കൂടി ഭംഗ്യന്തരേണ നമുക്കിവിടെ വായിക്കാം. ‘ഞാൻ എന്റെ പ്രിയതമന് അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്റെ പ്രിയതമന്റെ പാട്ടുപാടും. എന്റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യഹൂദാ പുരുഷന്മാരുമാകുന്നു.’

 

 

ഉത്തമഗീതത്തിലെ അതിസുന്ദരമായ പ്രിയയുടെ സൗന്ദര്യത്തെ ഗോപ്യമൊന്നും കൂടാതെ പച്ചയായ ഭാഷയിലങ്ങ് വർണിച്ചിരിക്കുന്നതുകൊണ്ട് മതഭക്തരായ നിരവധിയാളുകൾ ഇതിൽ അശ്ലീലം ആരോപിക്കുന്നുണ്ട്. എന്നാൽ ഈ രചനയിലെ സുന്ദരിയായ നായിക ഒരഭിസാരികയല്ല. പ്രത്യുത അനവദ്യസുന്ദരമായ നിർമ്മലസ്നേഹത്തിന്റേയും അപരിമേയമായ ആനന്ദത്തിന്റേയും ഉറവിടമാകുന്നവൾ. ഇതിലെ പ്രമേയങ്ങളുടെ പവിത്രതയും ഈ ഇടയകന്യകയുടെ സ്വഭാവസൗഷ്ഠവവും നൈർമ്മല്യലാവണ്യവുമൊക്കെ നോക്കുമ്പോൾ മുകളിൽപ്പറഞ്ഞ അശ്ലീലാരോപണങ്ങൾക്കു പ്രസക്തിയില്ല.

 

 

എന്താകുന്നു അശ്ലീലവും മ്ലേച്ഛതയുമെന്നു കൂടി നോക്കാം. ക്രിസ്തു തന്റെ അനുയായികളോടു പറഞ്ഞു, ‘സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയം കൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി.’ വീണ്ടും ശ്രദ്ധിക്കുക, ‘സ്ത്രീയോടു കൂടെ ശയിക്കുന്നതുപോലെ ഒരുത്തൻ പുരുഷനോടു കൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു.’ അമേരിക്കയിലെ ആത്മീയനേതാക്കന്മാരായ സായിപ്പന്മാരുടേയും മദാമ്മമാരുടേയും വീക്ഷണത്തിൽ ഇതു പാപമല്ല!

 

മലയാളികൾ ഉൾപ്പെടെയുള്ള ഇന്നത്തെ ക്രിസ്തുമതവിശ്വാസികളുടെ ആത്മീയജീവിതം ഭൗതികമായ മുന്തിയ സുഖജീവിതത്തിനും മെയ്യനങ്ങാതെയുള്ള പണസമ്പാദനത്തിനുമുള്ള മാർഗമായി തീർന്നിരിക്കുന്നു, ഇന്ന്. കപടഭക്തന്മാരോട് ക്രിസ്തു ഒരു വലിയ സത്യം തുറന്നു പറഞ്ഞു, ‘നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്നു’. ഏറിയ കൂറും ആത്മീയലോകത്തിന്റെ ഇന്നത്തെ അവസ്ഥയും ഇതു തന്നെയാകുന്നു.

 

സ്നേഹം പോലെ തന്നെ സൗന്ദര്യവും അമൂല്യമായൊരു ദൈവീകദാനമാകുന്നു.

 

 

‘സ്വർഗകർത്താവിവൾക്കാവോളമേകിനാൻ സ്വർഗലോകത്തിലെ സൗന്ദര്യത്തെ’ എന്നാണു ‘മഗ്ദലനമറിയ’ത്തിൽ സൗന്ദര്യത്തെ വള്ളത്തോൾ വർണിച്ചിരിക്കുന്നത്.  മനുഷ്യർ സൗന്ദര്യാരാധകരാകുന്നു. ‘A thing of beauty is a joy for ever' എന്ന് കീറ്റ്സും സൗന്ദര്യത്തെ പ്രകീർത്തിച്ചിരിക്കുന്നു.

 

 

എന്റെ പ്രതിപാദ്യവിഷയം സർവാംഗസുന്ദരിയായ പ്രിയയും സർവാംഗസുന്ദരനായ പ്രിയനും തമ്മിലുള്ള അനുപമസുന്ദരമായ പ്രേമമാകുന്നു. ‘അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ. നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു’ എന്ന് ഹർഷപുളകിതയായി പ്രേമത്തെ വാനോളം ഉയർത്തിപ്പാടുന്ന ഉത്തമഗീതത്തിലെ ശൂലേംകാരി ഇടയമങ്കയുടെ അതുല്യസുന്ദരമായ സൗന്ദര്യത്തെ അംഗപ്രത്യംഗമായിത്തന്നെയാണ് ഉത്തമഗീതകർത്താവ് വർണിച്ചിരിക്കുന്നത്. സ്ത്രീകളിൽ വെച്ചേറ്റവും സുന്ദരിയായ ഈ ശൂലേംകാരി ഇടയകന്യകയുടെ സൗന്ദര്യത്തെ സരളകോമളവും മധുരമനോജ്ഞവുമായ കാവ്യഭാഷയിലും സോളമൻ വർണിച്ചിരിക്കുന്നു.

 

 

ദുശ്ചിന്തയും ദുർമോഹവുമില്ലാതെ നമുക്കതിവിടെ ഇങ്ങനെ വായിക്കാം: ‘എന്റെ പ്രിയേ, നീ സുന്ദരി; സുന്ദരി തന്നെ. നിന്റെ കണ്ണ് പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു. നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു. നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു. നിന്റെ അധരം കടും ചുവപ്പു നൂൽ പോലെയും നിന്റെ വായ് മനോഹരവുമാകുന്നു. നിന്റെ ഉരുണ്ട നിതംബം തട്ടാന്റെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു. നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന ഗോതമ്പു കൂമ്പാരം പോലെയാകുന്നു. എന്റെ പ്രിയേ, നീ സർവാംഗസുന്ദരി!’

 

 

അരുണോദയം പോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും ഉള്ളോരിവൾ ആര്? മനോരമ്യവും ആദരണീയവും ആരാധ്യവുമായ യഥാർത്ഥമായ സ്ത്രീത്വവും സ്ത്രീസൗന്ദര്യസാക്ഷാൽക്കാരവും അതിന്റെ വിലയും നിലയും വിശുദ്ധിയുമൊക്കെ വിലയിരുത്തേണ്ടതും ഇവിടെയാകുന്നു!

 

 

ജന്മനാ ഒരു മനുഷ്യനും ദോഷമുള്ളവനല്ല. മനുഷ്യർ അധികവും തന്നെത്താൻ ദുഷിപ്പിക്കുകയോ നശിപ്പിക്കപ്പെടുകയോ ആണു ചെയ്യുന്നത്. സ്ത്രീയും സ്ത്രീത്വവുമൊക്കെ അങ്ങനെ തന്നെ. വള്ളത്തോൾ ഇങ്ങനെ പാടി, ‘മർത്യനെ കീഴ്‌പ്പോട്ടു തള്ളുന്നതയാൾ താൻ, മറ്റാരുമല്ല കരേറ്റുന്നതും’. ഉള്ളൂരും പാടി: ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്ന്. മനുഷ്യനെ നശിപ്പിക്കുന്നത് സാത്താനോ ദൈവമോ അല്ല, മനുഷ്യൻ തന്നെയാകുന്നു. മനുഷ്യഹൃദയങ്ങളിലെ ചിന്തകളിലും പ്രവൃത്തികളിലുമാകുന്നു നന്മയും തിന്മയും കുടികൊള്ളുന്നത് എന്നുള്ളതല്ലേ സത്യം? വിശുദ്ധിയിലേക്കും ഏറ്റവും വലിയ വിശുദ്ധി ഹൃദയവിശുദ്ധിയുമാകുന്നു!

 

 

ഉത്തമഗീതത്തിലെ സർവാംഗസുന്ദരിയായ ഈ ശൂലേംകാരി സുമഗാത്രിയെ ഒരു നോക്കു കാണുവാൻ ആഗ്രഹമില്ലാത്തവർ ആരാണുള്ളത്! ‘ചേതോഹരാംഗിയായ ഇടയകന്യകയേ, വരിക; ഞങ്ങൾ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ’. ‘പറ്റില്ല, പറ്റില്ല, ഞാൻ എന്റെ പ്രിയനുള്ളവൾ’, അവൾ പറഞ്ഞു. ‘ഞാൻ എന്റെ പ്രിയനുള്ളവൾ’, ‘ഞാൻ എന്റെ പ്രിയയ്ക്കുള്ളവൻ’ എന്ന് ഹൃദയത്തിൽ നിന്നും പ്രഖ്യാപിക്കുവാൻ എത്രപേർക്ക് ഇന്നു കഴിയും?

 

ഇനി ആരാകുന്നു സുന്ദരിയായ ഈ തരുണീമണിയുടെ പ്രിയനെന്നു കൂടി നമുക്കു നോക്കാം. യരൂശലേംപുത്രിമാർ അവൾക്കു ചുറ്റും നിന്ന് പ്രസക്തമായൊരു ചോദ്യം അവളോട് ഇങ്ങനെ ചോദിച്ചു, ‘സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ, ആരാണ് നിന്റെ പ്രിയൻ? നിന്റെ പ്രിയന് മറ്റു പ്രിയന്മാരേക്കാൾ എന്തു സവിശേഷതയാണുള്ളത്? നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിന് നിന്റെ പ്രിയന് മറ്റു പ്രിയന്മാരേക്കാൾ എന്തു വിശേഷതയുണ്ട്?’ അവൾ പറഞ്ഞു, ‘എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ. പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ. അവന്റെ ശിരസ്സ് അതിവിശേഷതങ്കം. അവന്റെ അധരം താമരപ്പൂപോലെ ഇരിക്കുന്നു. അവന്റെ കൈകളിൽ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണനാളങ്ങൾ. അവന്റെ ഉദരം നീലരത്നം പതിച്ച ദന്തനിർമ്മിതം. അവന്റെ തുട തങ്കച്ചുവട്ടിൽ നിറുത്തിയ വെൺകൽത്തൂൺ. അവന്റെ രൂപം ദേവദാരു പോലെ ഉൽകൃഷ്ടമാകുന്നു. അവന്റെ വായ് ഏറ്റവും മധുരമുള്ളത്. അവൻ സർവാംഗസുന്ദരൻ തന്നെ! യരൂശലേം പുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ!’

 

 

‘സകല ജാതികളുടേയും മനോഹരനായവൻ’ എന്ന് ഹഗ്ഗായി പ്രവാചകൻ അവനെ ഉദ്ഘോഷിച്ചു. ‘ഞാൻ ക്രിസ്തുവിന്റെ കാലത്തു ജീവിച്ചിരുന്നെങ്കിൽ എന്റെ രക്തം കൊണ്ടു ഞാൻ അദ്ദേഹത്തിന്റെ പാദങ്ങളെ പ്രക്ഷാളനം ചെയ്യുമായിരുന്നു’ എന്നു സ്വാമി വിവേകാനന്ദൻ പോലും വാഴ്‌ത്തി പുകഴ്‌ത്തിയ, മറ്റുള്ളവർക്കു വേണ്ടി മാത്രം ജീവിച്ച, മനോഹരനായ ക്രിസ്തു ഇന്ന് എന്റേയും പ്രിയനാകുന്നു. അവന്റെ സ്നേഹത്തിൽ ജീവിക്കുകയും ചെയ്യുന്നു.

 

നീലക്കാർവേണിയായ ശൂലേംകാരി തന്റെ പ്രിയന്റെ അന്യാദൃശമായ ഗുണഗണങ്ങൾ വീണ്ടും ഇങ്ങനെ വർണിച്ചു: ‘കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകം പോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു. അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു. അതിന്റെ പഴം എന്റെ രുചിക്ക് മധുരമായിരുന്നു. അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടു ചെന്നു. എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.’ ഇതിനേക്കാൾ സൗഭാഗ്യപൂർണമായ മറ്റൊരു ജീവിതം ലോകത്തിലില്ല.

 

ഇതിവിടെ ഉപസംഹരിക്കട്ടെ. ദീർഘമായ വിദേശജീവിതത്തിൽ നാം എന്തു നേടി? ജീവിക്കേണ്ട വിധത്തിൽ ജീവിക്കുവാൻ നമുക്കു സാധിച്ചുവോ? സമാധാനത്തോടെ കിടന്നുറങ്ങുവാൻ നമുക്കു സാധിക്കുന്നുണ്ടോ? നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നു നമുക്ക് എന്തു കിട്ടി? നാം അവർക്ക് എന്തു നൽകി? ഒരു സ്വയം പരിശോധന നടത്തുമെങ്കിൽ നമ്മുടെ തെറ്റുകളെ തിരുത്താം. ജീവിതത്തെ സാർത്ഥകമാക്കിത്തീർക്കാം. പ്രിയമാരും പ്രിയന്മാരുമായ അമേരിക്കൻ മലയാളികളേ, പരസ്പരം നാമിന്ന് തലയ്ക്കു മീതെ ഉയർത്തിപ്പിടിച്ചിരിക്കുന്ന കൊടി സ്നേഹമാകുന്നുവോ? സ്വാർത്ഥം അന്വേഷിക്കാത്തതും ദോഷം കണക്കിടാത്തതും എല്ലാം ക്ഷമിക്കുന്നതുമായ സ്നേഹത്തിന്റെ കൊടി തന്നെയാണോ? എങ്കിൽ അതിന്റെ ഫലം എന്നും എപ്പോഴും മധുരമായിരിക്കും. ആ സ്നേഹത്തിന്റെ തണലിൽ അതിമോദത്തോടെ നമുക്കു വസിക്കാം. സമാധാനത്തോടെ കിടന്നുറങ്ങാം. ദൈവമില്ലാത്ത ഇന്നത്തെ കപടലോകത്തിൽ സ്നേഹമെവിടെ? കാരുണ്യം എവിടെ? ‘അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ’. എന്റെ പ്രിയേ, നീ സുന്ദരി. എന്റെ പ്രിയനേ, നീ സുന്ദരൻ. വായനക്കാർക്കെന്റെ സ്നേഹാഭിവാദനങ്ങൾ!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code