Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മദര്‍ ഏലീശ്വ: അര്‍പ്പിത ജീവിതത്തിന്റെ വഴികാട്ടി

Picture

സൈക്കോഅനലിസ്റ്റുകളുടെ തലതൊട്ടപ്പനായ സിഗ്മണ്ട് ഫ്രോയ്ഡ് 'സൈക്കോളജി ഓഫ് എവ്‌രിഡേ ലൈഫ്' എഴുതുമ്പോള്‍ ദൈവദാസി മദര്‍ ഏലീശ്വ സ്വര്‍ഗപ്രാപ്തയായിട്ട് എട്ടു വര്‍ഷം കഴിഞ്ഞിരുന്നു. അതിനും പല പതിറ്റാണ്ടുകള്‍ക്കു മുന്നേ അമ്മ എഴുതിയ 'പ്രബോധന'ത്തില്‍ ആധുനികതയിലേക്കുള്ള മലയാളഗദ്യത്തിന്റെ പരിണാമത്തിന്റെ തെളിമ മാത്രമല്ല മനഃശാസ്ത്രത്തിന്റെ മര്‍മങ്ങളും കാണാം.

ഇതാ ഒരു സാമ്പിള്‍: ''നമ്മുടെ ഉള്ളുകലങ്ങിയിരുന്നാല്‍ ആത്മ തെളിവു വരുന്നതുവരെ മിണ്ടാതെ ഇരിക്കുന്നത് ഏറ്റം നല്ലത്. ആ നേരത്തു പറഞ്ഞാല്‍ (സംസാരിച്ചാല്‍) അറിയാതെ എന്ന പോലെ ആയിരം അറ്റകുറ്റങ്ങളെ ചെയ്യും.''   

ഔപചാരിക വിദ്യാഭ്യാസം സ്ത്രീക്കു നിഷിദ്ധമായിരുന്ന 19-ാം നൂറ്റാണ്ടില്‍ ഏലീശ്വ അമ്മയ്ക്ക് ഇവ്വിധം ജഞാനവിജ്ഞാനങ്ങള്‍ എങ്ങനെ സിദ്ധമായി? സവിശേഷമായ വിളിയുടെയും ദൗത്യസിദ്ധിയുടെയും (കാരിസം) ദൈവപരിപാലന അവിടെയാണു നാം കാണുക.

പൊരുത്തങ്ങളെല്ലാം ഒത്ത വിവാഹം, സ്വര്‍ഗതുല്യമായ കുടുംബജീവിതം, മാതൃത്വത്തിന്റെ സാഫല്യം, അകാലവൈധവ്യത്തിന്റെ കണ്ണീര്‍താഴ്‌വര എന്നിവയിലൂടെ ദൈവത്തിന്റെ വിസ്മയകരമായ പരിപാലന ഏലീശ്വ അമ്മയെ നയിക്കുകയായിരുന്നു. അങ്ങനെ അവള്‍ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാസന്യാസിനിയായി. സ്ത്രീവിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, കുടുംബ പ്രേഷിതത്വം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിര്‍ണായക തുടക്കങ്ങളിട്ടു നവോത്ഥാന നായികയായി. വിശുദ്ധപദവിയിലേക്കു പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൈവദാസിയായി.   

സന്യാസം മലയാളക്കരയിലെ സ്ത്രീകള്‍ക്കു കേട്ടുകേള്‍വി മാത്രമായിരുന്ന 19-ാം നൂറ്റാണ്ടില്‍ ഒരു സ്ത്രീ സന്യാസം വരിക്കാന്‍ ദൃഢനിശ്ചയം ചെയ്യുകയെന്നതുതന്നെ വിപ്ലവകരമായ അതിസാഹസമായിരുന്നു. പരിശുദ്ധാത്മാവിന്റെ നടത്തിപ്പില്‍ വ്രതനിഷ്ഠയോടെ വര്‍ഷങ്ങളോളം അവള്‍ നടത്തിയ ഒരുക്കവും അതിന്റെ ചിട്ടകളും ഇക്കാലഘട്ടത്തിനുപോലും വല്ലാത്ത വിസ്മയമാകും.

കൊച്ചി നഗരത്തോടു തൊട്ട്, വൈപ്പിന്‍കരയിലെ ഓച്ചന്തുരുത്ത് വിശുദ്ധ കുരിശിന്റെ (ക്രൂസ് മിലാഗ്രിസ്) ഇടവകയില്‍ വൈപ്പിശേരി എന്ന പ്രഖ്യാതമായ കപ്പിത്താന്‍കുടുംബത്തില്‍ തൊമ്മന്‍-താണ്ട ദമ്പതികളുടെ എട്ടു മക്കളില്‍ സീമന്തപുത്രിയായി 1831 ഒക്‌ടോബര്‍ 15നാണ് ഏലീശ്വയുടെ ജനനം. വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാള്‍ ദിനമാണ് ഒക്‌ടോബര്‍ 15 എന്നത് ഏലീശ്വയുടെ കാര്യത്തില്‍ വെറും യാദൃച്ഛികതയായിരുന്നില്ല എന്നു കാലം തെളിയിച്ചു.

ഏലീശ്വയ്ക്ക് അഞ്ചു സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു. മൂന്നാമത്തെ സഹോദരന്‍ കര്‍മലീത്ത സന്യാസിയും വൈദികനുമായി. ഏലീശ്വ അമ്മയെപ്പോലെതന്നെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ളയാളാണു ഫാ. ലൂയീസ് വൈപ്പിശേരി. കേരളത്തില്‍ ആദ്യം ശതാബ്ദി ആഘോഷിച്ച കത്തോലിക്കാ പ്രസിദ്ധീകരണമായ 'സത്യനാദകാഹള'ത്തിന്റെ ആദ്യ പത്രാധിപരായിരുന്നു അദ്ദേഹം.

മാതൃസഹോദരനായ ഫാ. തോമസ് ഗുയോമാര്‍ വരാപ്പുഴ വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്കയായിരുന്ന മഹാമിഷനറി ഡോ. ബര്‍ണഡീന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായിരുന്നു.

സ്ത്രീവിദ്യാഭ്യാസം പ്രാബല്യത്തില്‍ ഇല്ലായിരുന്നുവെങ്കിലും ഏലീശ്വയ്ക്കു വീട്ടില്‍ പ്രത്യേകം ഗുരുക്കന്മാരെ ഏര്‍പ്പെടുത്തിയിരുന്നു. ഭാഷാപരിജ്ഞാനത്തിനു പുറമേ നാട്ടുമരുന്നുകള്‍ ഉണ്ടാക്കുന്നതിലും പാചകം, തയ്യല്‍, കരകൗശലവസ്തുക്കള്‍ ഉണ്ടാക്കല്‍ തുടങ്ങിയ പ്രായോഗിക കാര്യങ്ങളിലും ഏലീശ്വ പ്രാവീണ്യം നേടി.

ജാതിയുടെ ഉച്ചനീചത്വങ്ങള്‍ കൊടികുത്തിവാണ അക്കാലത്തും ഏലീശ്വ ബാല്യം മുതല്‍ക്കേ പാവങ്ങളോടും പരിത്യക്തരോടും കാരുണ്യവും സഹാനുഭൂതിയും കാട്ടിപ്പോന്നു. ജീവിതം മുഴുവന്‍ യേശുവിനു സമര്‍പ്പിച്ചും അവിടുത്തെ സ്‌നേഹിച്ചും കാരുണ്യപ്രവൃത്തികളിലൂടെ അവിടുത്തെ സേവിച്ചും കഴിയാനാണ് അവള്‍ മോഹിച്ചത്. പക്ഷേ സ്ത്രീകളെ സംബന്ധിച്ചിടത്തോളം സമ്പൂര്‍ണ സമര്‍പ്പണത്തിന്റേതായ അത്തരമൊരു ജീവിതശൈലി ഇവിടെ രൂപപ്പെട്ടിരുന്നില്ല. അതിനാല്‍ നാട്ടുനടപ്പനുസരിച്ച് അവള്‍ വിവാഹത്തിനു സമ്മതിച്ചു.

കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഇടവകയിലെ ആഢ്യകുടുബമായ വാകയില്‍ തറവാട്ടില്‍ നിന്നുള്ള വറീത് (വത്തരു) ആയിരുന്നു വരന്‍. 1847ല്‍ വിവാഹിതയാകുമ്പോള്‍ ഏലീശ്വയ്ക്കു 16 വയസായിരുന്നു. 1850 മേയ് രണ്ടിന് ആ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചു. അന്ന എന്ന് അവള്‍ക്കു പേരിട്ടു. 1852ല്‍ വറീത് മരണമടഞ്ഞു. ഏലീശ്വയ്ക്ക് അപ്പോള്‍ 20 വയസ്. അന്നയ്ക്ക് 18 മാസവും.   

ഏലീശ്വയെ പുനര്‍വിവാഹം ചെയ്യിക്കാന്‍ ഉറ്റവരും ഉടയവരും ഉത്സാഹിച്ചെങ്കിലും അവള്‍ വഴങ്ങിയില്ല. വേറിട്ടൊരു ദൈവവിളിയുടെ വെളിച്ചം ഏലീശ്വയുടെ മനസില്‍ നിറഞ്ഞുകൊണ്ടിരുന്നു. മായയായ ലൗകികസുഖങ്ങള്‍ക്കപ്പുറത്തേക്ക് അവളുടെ ചിന്തകള്‍ കടന്നു. പ്രതികൂല സാഹചര്യങ്ങളിലും ദൈവം കൈപിടിച്ച് എവിടേയ്‌ക്കോ തന്നെ നയിക്കുന്നുവെന്ന് അവള്‍ അറിഞ്ഞു. പ്രാര്‍ഥനയുടെ ഉന്നതമായ തലങ്ങളിലേക്ക് അവള്‍ ഉയര്‍ന്നു.

ഏകാന്തതയില്‍ പ്രാര്‍ഥിക്കാനും ധ്യാനിക്കാനും സൗകര്യം ചെയ്തുതരണമെന്ന് അവള്‍ അഭ്യര്‍ഥിച്ചതനുസരിച്ച് കാരണവന്മാര്‍ തറവാട്ടുവളപ്പിലെ കളപ്പുര അതിനായി സജ്ജീകരിച്ചുകൊടുത്തു. അവിടെ അവള്‍ ആത്മീയജീവിതം ആരംഭിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. മകള്‍ അന്നയും സഹോദരി ത്രേസ്യയും ക്രമേണ അവളുടെ ആ ജീവിതശൈലിയിലേക്ക് ആകൃഷ്ടരായി.

അപ്പോഴും തന്നെ സംബന്ധിച്ച ദൈവികപദ്ധതി എന്തെന്ന് ഏലീശ്വ അമ്മയ്ക്ക് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ''നിന്റെ ഹൃദയാഭിലാഷങ്ങള്‍ കൊച്ചു മൂപ്പച്ചനെ അറിയിക്കുക'' എന്ന ശക്തമായ ഉള്‍വിളി അവള്‍ കേട്ടു. വിദേശ കര്‍മലീത്ത മിഷനറി ഫാ. ലോയോപോള്‍ഡ് മരിയ ആയിരുന്നു ആ കൊച്ചു മൂപ്പന്‍. അദ്ദേഹത്തെ കുമ്പസാരക്കൂട്ടിലേക്കു വിളിപ്പിച്ച് അവള്‍ കാര്യങ്ങള്‍ പറഞ്ഞു.

ഏലീശ്വയില്‍ അരൂപിയുടെ പ്രവര്‍ത്തനം തിരിച്ചറിഞ്ഞ അദ്ദേഹം തെരേസ്യന്‍ കര്‍മലീത്താ സിദ്ധിയാണ് അവളില്‍ രൂഢമൂലമായിരിക്കുന്നതെന്നു മനസിലാക്കി അവളുടെ ആത്മീയ നിയന്താവായി. ബര്‍ണഡീന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തയെ ഇതൊക്കെ ധരിപ്പിക്കുകയും ചെയ്തു. ഏലീശ്വ-അന്ന-ത്രേസ്യ ത്രയത്തെ പരിശീലിപ്പിക്കാന്‍ ജനോവയില്‍ നിന്നു കര്‍മലീത്ത നിയമാവലി വരുത്തി അദ്ദേഹം ഫാ. ലെയോപോള്‍ഡിനെ ഏല്‍പ്പിച്ചു. അങ്ങനെ അന്നയുടെ പിതൃസ്വത്തില്‍പെട്ട കഷണ്ടിയാന്‍പറമ്പില്‍ മൂന്നു മുറികളും പ്രാര്‍ഥനാമുറിയും ഭക്ഷണമുറിയുമായി സജ്ജീകരിച്ച പനമ്പുമഠത്തില്‍ 1866 ഫെബ്രുവരി 13നു സ്തീകള്‍ക്കായുള്ള നിഷ്പാദുക കര്‍മലീത്ത മൂന്നാംസഭ പിറന്നു. മൂവരും ഫാ. ലെയോപോള്‍ഡില്‍ നിന്നു കര്‍മലോത്തരീയം സ്വീകരിച്ചു. ഫെബ്രുവരി 14നു പൗരസ്ത്യ റീത്തില്‍പെട്ട വൈക്കം പുത്തനങ്ങായി അച്ചാമ്മ എന്ന വിധവയെയും ഈ കൂട്ടത്തില്‍ ചേര്‍ത്തു. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ ഉള്‍പ്പെടെ ഏതാനുംപേര്‍ ഈ സംരംഭങ്ങളില്‍ സഹായകരായി ഉണ്ടായിരുന്നു.   

പനമ്പുമഠത്തിലെ പരിമിതികള്‍ മനസിലാക്കിയ മെത്രാപ്പോലീത്ത നിര്‍ദേശിച്ചതനുസരിച്ചാണ് ഏലീശ്വ, അന്ന എന്നിവരുടെ പിതൃസ്വത്തും മെത്രാപ്പോലീത്ത നല്‍കിയ സഹായധനവും മറ്റും ചേര്‍ത്ത് കൂനമ്മാവില്‍ത്തന്നെ സെന്റ് തെരേസാസ് മഠം പണിതീര്‍ത്തത്. കേരളത്തിലെ ആദ്യത്തെ കോണ്‍വന്റ് സ്‌കൂളും ബോര്‍ഡിംഗുമൊക്കെ അങ്ങനെ ഉണ്ടായി. കൊന്തകെട്ട്, റേന്തപ്പണി, കരകൗശലവസ്തുക്കളുടെ നിര്‍മാണം തുടങ്ങിയവ സ്ത്രീകളെ അഭ്യസിപ്പിച്ച് അവര്‍ക്കു സാമ്പത്തിക സ്വാശ്രയത്വമുണ്ടാക്കാന്‍ ഏലീശ്വ അമ്മ നടത്തിയ ശ്രമങ്ങളും സ്ത്രീശാക്തീകരണത്തിന്റെ പാതയില്‍ നാഴികക്കല്ലുകളായി.

സിറിയന്‍ വിഭാഗത്തെ വരാപ്പുഴ അതിരൂപതയില്‍ നിന്നു വേര്‍പെടുത്തി അവര്‍ക്ക് 1887 മേയ് 25ന് പ്രത്യേക വികാരിയാത്തുകള്‍ സ്ഥാപിതമായതിനെത്തുടര്‍ന്നു കൂനമ്മാവ് മഠം തൃശൂര്‍ വികാരിയാത്തിനു നല്‍കാന്‍ റോമില്‍ നിന്നു തീര്‍പ്പായി. ഏലീശ്വ അമ്മ ഉള്‍പ്പെടെ ലത്തീന്‍ സന്യാസിനികളെ എറണാകുളത്തെ സിഎസ്എസ്ടി സന്യാസിനി സമൂഹമാണു സ്വീകരിച്ചത്. 1890 നവംബര്‍ 11ന് വരാപ്പുഴയില്‍ പണിതീര്‍ത്ത പുതിയ മഠത്തിലേക്ക് അവര്‍ താമസം മാറ്റി. അതവരുടെ രണ്ടാം മാതൃഭവനവുമായി.

ഏലീശ്വ അമ്മയുടെ മഹത്ച്ചരമം അവിടെ വച്ചായിരുന്നു. 1913 ജൂലൈ 18ന് രാത്രി 9.30ന് അവര്‍ക്കായി സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെട്ടു. മരിയഭക്തയായിരുന്ന ഏലീശ്വ അമ്മ നന്മനിറഞ്ഞ മറിയമേ എന്നു ജപിച്ചാണു മെല്ലെ കണ്ണുകള്‍ അടച്ചത്. അമ്മയുടെ സ്വര്‍ഗീയ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങളുടെ പെരുമഴതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണു നാമകരണ നടപടികളുടെ ആരംഭം.

സിടിസിയുടെ (കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്‌സ്) ആഭിമുഖ്യത്തിലാണ് 18നു വരാപ്പുഴയിലും 21നു കൂനമ്മാവിലുമായി അമ്മയുടെ ചരമശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പി ച്ചിട്ടുള്ളത്.
   
 
ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് (ദീപിക)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code