ന്യൂയോര്‍ക്ക് : റോക്ക്ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്റ്സ് സിംഫണി പിയാനോ&മ്യൂസിക് സ്ക്കൂളിന്റെ നേതൃത്വത്തില്‍ താങ്ക്സ് ഗിവിംഗ് ടാലന്റ് ഷോ അതിപ്രൗഢമായി നടത്തപ്പെട്ടു. 2013-ല്‍ സ്ഥാപിതമായ സ്ക്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ പിന്നീടുള്ള എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ താങ്ക്സ് ഗിവിംഗിനോടനുബന്ധിച്ച്, ടാലന്റ് ഷോ ആയി നടത്തി വരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനത്തോടനുബന്ധിച്ചുള്ള പ്രസ്തുത കലാപരിപാടികളിലൂടെ, അവരുടെ നൈസര്‍ഗീകമായ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായിട്ട് താങ്ക്സ് ഗിവിംഗ് ടാലന്റ് ഷോ അവസരം ഒരുക്കുന്നു.
സെയിന്റ്സ് സിംഫണി വിദ്യാര്‍ത്ഥികള്‍ ഇവാന ഉമ്മന്‍, മറിയ ജോര്‍ജ്, അലൈന വര്‍ഗീസ്, ശ്രേയ സാബു എന്നിവരുടെ അമേരിക്കന്‍-ഇന്‍ഡ്യന്‍ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച ടാലന്റ് ഷോയില്‍ പിയാനോ റിസൈറ്റല്‍, ഗാനാലാപനങ്ങള്, നൃത്തങ്ങള്‍ തുടങ്ങിയ കലാവാസനകള്‍ ഇടതടവില്ലാതെ വേദിയില്‍ അരങ്ങേറിയത് ഹൃദ്യവും കര്‍ണ്ണാനന്ദകരവും ആയിരുന്നു.
മുഖ്യാത്ഥികളെയും, വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും മറ്റ് അഭ്യുദയ കാംക്ഷികളേയും സ്ക്കൂള് ഡിറക്ടര്‍ ജേക്കബ് ജോര്‍ജ് സ്വാഗതം ചെയ്തു. മുഖ്യാതിഥി റോക്ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍, ഡോ. ആനി പോള്‍, തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികളിലുള്ള കലാവാസനയെ പ്രോത്സാഹിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയും, അതിനായി മാതാപിതാക്കള്‍ എടുക്കേണ്ടുന്ന പരിശ്രമത്തിന്റെ പ്രാധാന്യവും എടുത്തു പറയുകയുണ്ടായി. കുഞ്ഞുങ്ങളില്‍ നല്ല ശീലങ്ങള്‍ പരിശീലിക്കപ്പെടുകയും ഒപ്പം അവരുടെ ബുദ്ധിവികാസത്തിന് ഉതകുന്ന പഠനരീതിയുമാണ് ഇതിലൂടെ സാദ്ധ്യമാകുന്നത് എന്നും ഊന്നിപ്പറഞ്ഞു.
റവ.ജോണ്‍ ഡേവിഡ്സണ് ജോണ്സന്, റവ.ഫാ. ജോബ്സണ്‍ കോട്ടപ്പുറത്ത്, റവ. അജിത് വര്‍ഗീസ്, റവ.ഫാ.മാത്യൂ തോമസ്, പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജ് ജോസഫ്(ഇമലയാളി), ജോജി ടോം, ഫിലിപ്പ് ചെറിയാന്, ടോം നൈനാന്, കുരുവിള ചെറിയാന്, റോയി ചെങ്ങന്നൂര്‍, സജി പോത്തന്, ഷൈമി ജേക്കബ്, നോഹ ജോര്‍ജ്(ഗ്ലോബല്‍ കൊളിഷന്‍), അജി കളീക്കല്‍ തുടങ്ങിയവര്‍ വിവിധ സഭകളേയും, സംഘടനകളേയും, പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് പങ്കെടുക്കുകയുണ്ടായി.
സെയിന്റ്സ് സിംഫണി സ്ക്കൂള് ആരംഭിക്കുന്നതിന് താനൊരു പ്രചോദനമായി തീര്‍ന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ജേക്ക്സ് അക്കാഡമി ഓഫ് പബ്ളിക് സ്പീക്കിംഗ് ഡയറക്ടര്‍ കൂടിയായ ഫാ.ജോബ്സണ്‍ തന്റെ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.
ഡോ.ആനി സാമുവേല്‍, സെയ്ന്റ്സ് സിംഫണി സ്ക്കൂളിനെ, റോക്ലാന്‍ഡ് കൗണ്ടിയുടെ നെടുംതൂണായി വിശേഷിപ്പിക്കുകയും പിയാനോ, മ്യൂസിക് എന്നിവയിലൂടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്തുത സ്ക്കൂളിലെ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ തനിക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചുകൊണ്ടിരിക്കുന്നതായും തന്റെ ആശംസാ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.
മൂന്ന് മണിക്കൂര്‍ നേരം തുടര്‍ച്ചയായ കലാ വാസനകള്‍ക്ക് ശേഷം സ്ക്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ആദരിക്കുകയുണ്ടായി. കൗണ്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി ലഭിക്കുന്നതില്‍ ഡോ.ആനി പോളിന്റെ നിസ്വാര്‍ത്ഥ സഹകരണം ലഭിച്ചു എന്നത് പ്രസ്താവ്യമാണ്. ന്യൂയോര്‍ക്ക് പ്ബ്ലിക്ക് സ്ക്കൂളിന്റെ നിസ്മാ(NYSSMA) പിയാനോ ഇവാലുവേഷനില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ നല്കുകയുണ്ടായി.
ദിവ്യാ ജേക്കബ് എം.സി.ആയിരുന്നു. ലിസാ ജോര്‍ജിന്റെ നന്ദി പ്രകാശനത്തിനും ഡിന്നറിനും ശേഷം ഈ വര്‍ഷത്തെ താങ്ക്സ് ഗിവിംഗ് ടാലന്റ് ഷോയ്ക്ക് തിരശ്ശീല വീണു.
Comments