വയനാട് ദുരന്തത്തിനിരയാവർക്കായി കുറഞ്ഞത് 10 വീടുകളെങ്കിലും നിർമ്മിച്ച് നൽകാൻ ഫോമാ ഔദ്യോഗികമായി തീരുമാനിച്ചു. വീടുകൾ ഫോമാ നേരിട്ട് നിർമ്മിക്കും. ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഇതിൽ പങ്കു ചേരാം.
ഈ പ്രോജക്ടിനായി ഗോ ഫണ്ട് മി വഴി ധനശേഖരണവും ആരംഭിച്ചു. (https://www.gofundme.com/f/help-wayanad) ഫോമാക്ക് നൽകുന്ന സംഭാവനകൾക്ക് ടാക്സ് ഇളവ് ലഭിക്കുമെന്ന് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ചൂണ്ടിക്കാട്ടി.
തങ്ങളുടെ രണ്ടു വർഷത്തെ പ്രവർത്തന കാലത്തെ ഏറ്റവും മഹത്തായ ദൗത്യമാണിതെന്ന് ജനറൽ സെക്രട്ടറി ഓജസ് ജോൺ പറഞ്ഞു. മുൻപ് രണ്ട് ഫോമാ വില്ലേജ് പ്രോജക്ടുകൾ പ്രാവർത്തികമാക്കിയ അനുഭവം ഉള്ളതിനാലാണ് സംഘടന നേരിട്ട് നിർമ്മാണം നടത്താൻ തീരുമാനിച്ചത്. 2018 ലെ പ്രളയത്തിന് ശേഷം അറുപതോളം വീടുകൾ സംഘടന നിർമ്മിച്ച് നൽകി.
വ്യക്തികൾക്കും സംഘടനകൾക്കും അവരുടെ പേരിൽ വീടുകൾ സ്പോൺസർ ചെയ്യാം. നിർമ്മാണം ഫോമായുടെ നേതൃത്വത്തിൽ നിർവഹിക്കും.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുണ്ടകാനയിൽ നടക്കുന്ന കൺവൻഷൻ അഭൂത പൂർവമായ ജനപിന്തുണ മൂലം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രസിഡന്റ് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ കൺവൻഷനിൽ ചെലവുകൾ ചുരുക്കി കൂടുതൽ തുക ഹൌസിംഗ് പ്രോജക്ടിനായി നീക്കി വയ്ക്കുമെന്ന് ഡോ. ജേക്കബ് തോമസ് (ഫോമാ പ്രസിഡൻ്റ്), ഓജസ് ജോൺ (ജനറൽ സെക്രട്ടറി), ബിജു തോണിക്കടവിൽ (ട്രഷറർ), സണ്ണി വള്ളിക്കളം (വൈസ് പ്രസിഡൻ്റ്), ഡോ. ജെയ്‌മോൾ ശ്രീധർ (ജോ. സെക്രട്ടറി), ജെയിംസ് ജോർജ് (ജോ. ട്രഷറർ) കൺവൻഷൻ ചെയർ കുഞ്ഞു മാലിയിൽ എന്നിവർ അറിയിച്ചു. ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ നാഷണൽ കമ്മിറ്റി, കൺവൻഷൻ കമ്മിറ്റി എന്നിവയും ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികാളാകാൻ പിന്തുണയുമായി ഒപ്പമുണ്ട്.
വയനാട് പ്രോജക്ടിൽ പങ്കാളികളാകാൻ ധാരാളം പേർ മുന്നോട്ടു വന്നിട്ടുമുണ്ട്. എത്ര വീട് നിർമ്മിക്കുമെന്നും എവിടെ ആയിരിക്കും എന്നതും മറ്റും പിന്നീട് തീരുമാനിക്കും.
FOMAA കനിവ് പദ്ധതിയുടെ ഭാഗമാണിത് .
ഗോ ഫണ്ട് മീ പേജിൽ ഇപ്രകാരം പറയുന്നു:
കേരളത്തിൻ്റെ മനോഹരമായ വടക്കൻ ജില്ലയായ വയനാട്ടിൽ ഭീതിദമായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം 200-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അവരുടെ വീടും ഉപജീവനവും പ്രതിസന്ധിയിലായി. ജില്ലയിൽ നിന്നുള്ള ദൃശ്യങ്ങൾ ഹൃദയഭേദകമാണ്.
ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്ക, നമ്മുടെ സഹോദരങ്ങളെ, അവരുടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിന് സഹായിക്കുന്നതിനായി ധനസമാഹരണം സംഘടിപ്പിക്കുന്നു. ഫോമയുടെ എക്കാലത്തെയും മഹത്തായ ലക്‌ഷ്യം മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ്. ആസന്നമായ അന്താരാഷ്ട്ര കൺവെൻഷനിൽ നിന്ന് കൂടുതൽ ഫണ്ട് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും. അതിനായി ചെലവുകൾ കുറയ്ക്കുന്നതിന് ഞങ്ങൾ ശ്രമിക്കുന്നു.
കേരളത്തിൽ 10 വീടുകളെങ്കിലും നിർമിക്കുക എന്നതാണ് ഫോമയുടെ ലക്ഷ്യം. ആദ്യ പടിയായി 10,000 ഡോളർ പ്രോജക്ടിന് സംഭാവന നൽകാൻ FOMAA തീരുമാനിച്ചു. ഒരു ഹൗസിംഗ് വില്ലേജും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിന് FOMAA ഈ ഫണ്ട് നേരിട്ട് ഉപയോഗിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2018-ലെ പ്രളയക്കെടുതിയെത്തുടർന്ന് കേരളത്തിൽ 60-ലധികം വീടുകളുള്ള രണ്ട് വില്ലേജ് പദ്ധതികൾ നേരിട്ട് പൂർത്തിയാക്കിയതിൻ്റെ ട്രാക്ക് റെക്കോർഡ് ഫോമായ്ക്ക് ഉണ്ട്.
ഈ നിർണായക മുഹൂർത്തത്തിൽ ഫോമായുമായി കൈകോർക്കാൻ ഞങ്ങൾ നിങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന സംഭാവന ചെയ്യുക. FOMAA 501c(3)-ലേക്കുള്ള എല്ലാ സംഭാവനകൾക്കും നികുതിയിളവ് ലഭിക്കും.
Comments