Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാനാ മാധ്യമ പുരസ്കാരങ്ങൾ ജോസ് കണിയാലിക്കും ജോസ് കടാപ്പുറത്തിനും

Picture

ന്യൂയോർക്ക്: ഫൊക്കാനയുടെ ഈ വർഷത്തെ പ്രിന്‍റ് ഓൺലൈൻ മീഡിയ അവാർഡ് ജോസ് കണിയാലിക്കും ടി.വി വിഷ്വൽ അവാർഡ് ജോസ് കടാപ്പുറത്തിനും നൽകുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന വാഷിങ്‌ടൻ രാജ്യാന്തര കൺവെൻഷനിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. രണ്ട് വ്യത്യസ്ത മാധ്യമ മേഖലകളിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന രണ്ട് മാധ്യമ പ്രതിഭകളെയാണ് ഇത്തവണ ഫൊക്കാന തിരഞ്ഞെടുത്തിരിക്കുന്നത്. വടക്കേ അമേരിക്കയിലെ മാധ്യമരംഗത്ത് തങ്ങളുടെതായ അടയാളപ്പെടുത്തലുകൾ നൽകിയ രണ്ട് പേരാണ് ജോസ് കണിയാലിയും, ജോസ് കാടാപുറവുമെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

ചിക്കാഗോയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അച്ചടി, ഓൺലൈൻ മാധ്യമമായ കേരളാ എക്സ്പ്രസ്സിന്‍റെ എക്സിക്യുട്ടീവ് എഡിറ്ററായ ജോസ് കണിയാലി, കഴിഞ്ഞ 32 വർഷമായി അമേരിക്കൻ മലയാളി മാധ്യമ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. 1999-2001ലെ ചിക്കാഗോ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു . 2001 ഓഗസ്റ്റിൽ കൊച്ചി മലബാർ താജ് ഹോട്ടലിൽ ഫൊക്കാനയുടെ ഒന്നാം കേരള കൺവെൻഷൻ ജനറൽ കൺവീനർ, 2002 ജൂലൈയിൽ ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷൻ ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ നേതൃ പാടവം പ്രശംസനീയമാണ്. 2002 ലെ തിരഞ്ഞെടുപ്പിൽ ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗമായി (2002 -2004 ) ജോസ് കണിയാലി ഏറ്റവും കൂടുതൽ വോട്ടു നേടി തിരഞ്ഞെടുക്കപ്പെട്ടു.

1992 ൽ ചിക്കാഗോയിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച കേരളാ എക്സ് പ്രസിൽ 2000 മുതൽ ജോസ് കണിയാലി എക്സിക്യൂട്ടീവ് എഡിറ്ററും പങ്കാളിയുമായി മാറി. 2008-ൽ അമേരിക്കയിലെ അച്ചടി, ദൃശ്യ മാധ്യമ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്‍റായി. 2008 ഒക്ടോബറിൽ ചിക്കാഗോയിൽ വച്ചു നടന്ന 2-ാമത് നാഷനൽ ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന്‍റെ മുഖ്യ സംഘാടകൻ, 2009 ലെ ന്യൂജേഴ്‌സി പ്രസ് ക്ലബ്ബ് കോൺഫറൻസിന്‍റെ മുഖ്യ സംഘാടകൻ, 2017 ഓഗസ്റ്റിൽ ചിക്കാഗോയിൽ വച്ചു തന്നെ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് നാഷനൽ കോൺഫറൻസിന്‍റെ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. മാധ്യമ രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം 1989 മുതൽ ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഷിക്കാഗോയുടെ ഭാഗമായി അദ്ദേഹം പ്രവർത്തനം തുടങ്ങി. അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (K C C N A )യുടെ ദേശീയ ജനറൽ സെക്രട്ടറി (1992 -1995 ), 1995 -1998 കാലഘട്ടത്തിൽ കെ സി സി എൻ എയുടെ പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു.1996 ജൂലൈയിൽ ഷിക്കാഗോയിലെ കോൺകോർഡ് പ്ലാസ കൺവെൻഷൻ സെന്‍ററിൽ നടന്ന രണ്ടാമത് നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക് കൺവൻഷന് ജോസ് കണിയാലി നേതൃത്വം നൽകി.

ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ സെക്രട്ടറിയായും (1994 -1995) പിന്നീട് 2015 -2017 കാലഘട്ടത്തിൽ അതിന്‍റെ പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ പ്രവർത്തങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 2004-ൽ ബാബു ചാഴികാടൻ ഫൗണ്ടേഷന്‍റെ പ്രഥമ പ്രവാസി പ്രതിഭ പുരസ്കാരം, മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ (MARC )ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്, 2022 ഒക്ടോബർ അവസാനം മിസൂറി സിറ്റിയുടെ പ്രശംസാപത്രം, 2022 ലെ ന്യൂയോർക്ക് കേരളാ സെന്‍റർ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് 2023 ലെ മുഖം ഗ്ലോബൽ മാധ്യമ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വിഷ്വൽ മീഡിയക്ക് നൽകിയ പുരസ്കാരത്തിന് അർഹനായ ജോസ് കടാപുറം അമേരിക്കയിലെ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ്. നിലവിൽ, കൈരളി ടിവി യുഎസ്എയുടെ ഡയറക്ടർ ഇൻ ചാർജ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം സമകാലിക വിഷയങ്ങളെക്കുറിച്ച് തന്‍റെ നിലപാടുകൾ എഴുതാറുണ്ട്. ‘അക്കര കാഴ്ചകൾ’ എന്ന സൂപ്പർ ഹിറ്റ് പരമ്പരയുടെയും മറ്റ് നിരവധി ഹിറ്റ് ഷോകളുടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. പോപ്പുലറായ നിരവധി അഭിമുഖങ്ങളും മീഡിയ രംഗത്ത് നടത്തിയിട്ടുണ്ട്. കൈരളി അമേരിക്കൻ പ്രോഗ്രാമുകളുടെ നടത്തിപ്പിന് പുറമെ അമേരിക്കൻ ഫോക്കസ്, കൈരളി യുഎസ്എ വീക്കിലി ന്യൂസ് എന്നീ പ്രോഗ്രാമുകൾ മലയാളി പ്രേക്ഷകർക്ക് നൽകി വരുന്നു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) സ്ഥാപക നേതാക്കളിൽ ഒരാൾ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ സർട്ടിഫൈഡ് പ്രസ് ഐഡിയുള്ള ചുരുക്കം ചില മലയാളി മാധ്യമ പ്രവർത്തകരിൽ ഒരാളാണ് ജോസ് കടാപ്പുറം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ ഗവണ്മെന്‍റ് ഉദ്യോഗസ്ഥനാണ്.

പിറവം സ്വദേശിയായ ജോസ് കടാപ്പുറത്തിന് പ്രശസ്തമായ ന്യൂയോർക്കിലെ കേരള സെന്‍റർ മീഡിയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് “കാടാപുറത്തിന്‍റെ കുറിപ്പുകൾ” എന്ന എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ്. അമേരിക്കയിലെ പ്രഗത്ഭരായ രണ്ട് മാധ്യമ പ്രവർത്തകരായ ജോസ് കണിയാലിയും, ജോസ് കാടാപുറവും ഫൊക്കാനയുടെ പുരസ്കാരത്തിന് എന്തു കൊണ്ടും അനുയോജ്യരാണെന്നും തുടർന്നും അവരുടെ മേഖലയിൽ ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായും ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു കൊട്ടാരക്കര കൺവെൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ എന്നിവർ അറിയിച്ചു



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code