ജിദ്ദ: അല്ലാഹുവിന്റെ അതിഥികളെ അറഫയിലും മിനായിലും സഹായിക്കുന്നതിനുവേണ്ടി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സജ്ജരാക്കിയ 1200 ഓളം സന്നദ്ധ വോളന്റിയര്‍മാര്‍ക്കുള്ള ട്രെയിനിംഗ് സൗദിയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു.
ജിദ്ദയില്‍ കഴിഞ്ഞ ദിവസംസംഘടിപ്പിച്ച പരിശീലന പരിപാടി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലെ ഡോ: ഖാസിം ഉദ്ഘാടനം ചെയ്തു. ഹാജിമാരെ സേവിക്കുന്നതിലൂടെ ഭൗതിക ലാഭം ആഗ്രഹിക്കാത്ത സന്നദ്ധ ഭടന്മാര്ക്ക് അല്ലാഹുവിന്റെ സഹായം ഈ ലോകത്തും പരലോകത്തും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ മനസറിഞ്ഞു സഹായിക്കുന്നവര്‍ക്ക് നാം അറിയാതെ തന്നെ സഹായം കിട്ടുമെന്നത് പല ഉദാഹരണത്തിലൂടെയും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഡോ: ഖാസിം കൂട്ടിചേര്‍ത്തു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വികസിപ്പിച്ചെടുത്തതും ഇന്ത്യന്‍ ഹജ് മിഷന് അംഗീകരിച്ചതുമായ മിനാ മാപ്പ് ഉപയോഗിച്ചാണ് വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. വഴി തെറ്റിപ്പോകുന്ന ഹാജിമാരെ ടെന്റുകളില്‍ എത്തിക്കുന്നതിനും അവശരായവരും ചികിത്സ ആവശ്യമുള്ള ഹാജിമാരെ ആശുപത്രിലെത്തിക്കുന്നതിനും പരിചരിക്കുന്നതിനുമുള്ള പ്രത്യേകം പരിശീലനം വോളന്റിയര്‍മാര്‍ക്ക് നല്കി. നിലവില്‍ മക്കയിലും മദീനയിലും ഫ്രറ്റേണിറ്റി ഫോറം മെഡിക്കല്‍ വിംഗ് പ്രവൃത്തിക്കുന്നുണ്ട്. ജിദ്ദയില്‍ ബനീ മാലിക് , ബവാദി, റുവൈസ്,മക്കാറോഡ്, ബലദ്, തിഹാമ, ഷറഫിയ ഏരിയകളില്‍ പരിശീലനം പൂര്‍ത്തിയായി. ദമാം, റിയാദ്, അബഹ എന്നിവിടങ്ങളിലെ ട്രെയിനിംഗ് ഈ ആഴ്ചയോടെ പൂര്‍ത്തിയാകും. മാസ്റ്റര്‍ ട്രെയിനര്‍ റൗഫ് ചേറൂരിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ ഹമീദ് മണലായ,ശാഹുല്‍ ഹമീദ് ചേളാരി, സയിദ് അലി (പ.ബംഗാള്‍), ഹുസൈന്, മുദ്ദസിര് (കര്‍ണാടക), അമീര്‍ സുല്‍ത്താന്‍ (തമിഴ്നാട്) തുടങ്ങിയവരാണ് വിവിധ ഭാഷകളില്‍ പരിശീലനം നല്‍കിയത്.
ഫ്രറ്റേണിറ്റി ഫോറം റീജിയണല്‍ സെക്രട്ടറി ഇഖ്ബാല്‍ ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കേരള ചാപ്റ്റര്‍ പ്രസിഡന്റ് നൗഷാദ് ചിറയിന്‍കീഴ്, മീഡിയ ഇന്‍ചാര്‍ജ് മുബഷിര്‍ കരുളായി, സര്‍വീസ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ മമ്പാട്, ഹനീഫ കടുങ്ങല്ലൂര്തുടങ്ങിയവര് സംസാരിച്ചു.
റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍
Comments