Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ അപ്രേം ഇക്കാലത്ത് ജീവിച്ചാല്‍ (ജോണ്‍ കുന്നത്ത്)

Picture

മാര്‍ അപ്രേം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മോടൊപ്പം നമ്മുടെ കേരളക്കരയില്‍ ജീവിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. നമ്മുടെ മിക്ക ആരാധനാഗീതങ്ങളും പ്രാര്‍ഥനകളും രചിച്ച ആ മഹാപിതാവിന് എന്താവും നമ്മുടെ ഇന്നത്തെ ആരാധനാ രീതികളെക്കുറിച്ചു പറയാനുണ്ടാവുക?

മാര്‍ അപ്രേം, മാര്‍ ബാലായി, തുടങ്ങിയ സുറിയാനി പിതാക്കന്മാരാണ് നമ്മുടെ പ്രാര്‍ഥനാക്രമങ്ങളുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചത്. നമ്മുടെ യാമപ്രാര്‍ഥനകളും കൂദാശകളും അവയുടെ വ്യവസ്ഥകളും സൃഷ്ടിച്ചത് അവരോ അവരെപ്പോലെയുള്ള മറ്റ് പിതാക്കന്മാരോ ആണ്. അവര്‍ ആഗ്രഹിച്ച വിധത്തിലാണോ നാം ഇന്ന് പ്രാര്‍ഥിക്കുന്നത്, അവര്‍ ഉദ്ദേശിച്ച വിധത്തിലാണോ അവരുടെ പ്രാര്‍ഥനാക്രമങ്ങള്‍ നാം ഇന്ന് ഉപയോഗിക്കുന്നത് എന്നീ ചോദ്യങ്ങള്‍ സ്വയം ചോദിക്കുമ്പോള്‍ ചില പുതിയ ഉള്‍ക്കാഴ്ചകള്‍ നമുക്ക് ലഭിക്കാനിടയാകും. പിതാക്കന്മാര്‍ ആഗ്രഹിച്ച വിധത്തില്‍ തന്നെയാണ് നാം ഇന്ന് ആരാധിക്കുന്നതെങ്കില്‍ നമുക്ക് സ്വയം പ്രശംസിക്കാം. ഇപ്പോള്‍ പോകുന്ന പാതയിലൂടെത്തന്നെ ധൈര്യമായി മുന്നോട്ട് പോകുകയും ചെയ്യാം. എന്നാല്‍ അവര്‍ കാട്ടിത്തന്ന മാര്‍ഗ്ഗത്തില്‍ നിന്ന് നാം വ്യതിചലിച്ചു എന്ന് കണ്ടെത്തിയാല്‍ നമ്മുടെ തെറ്റ് തിരുത്താനും അവരുടെ മാര്‍ഗ്ഗത്തിലേക്ക് തിരികെ വരാനും നമുക്ക് ബാധ്യതയുണ്ട്.

പൂര്‍വപിതാക്കളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും അടിസ്ഥാനപ്പെട്ടാണ് നമ്മുടെ ജീവിതം എന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. പൂര്‍വികരുടെ വിശ്വാസപാരമ്പര്യങ്ങള്‍ ദൂരത്തെറിഞ്ഞു കളഞ്ഞ നവീകരണസഭകളുമായി താരതമ്യപ്പെടുത്തി അവരില്‍ നിന്ന് വ്യത്യസ്തമായി പിതാക്കന്മാരുടെ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നവരായി നാം സ്വയം മനസിലാക്കുന്നു. ഇക്കാര്യത്തില്‍ നാം സ്വയം ന്യായീകരിക്കുകയും സത്യത്തില്‍ നിന്ന് വ്യതിചലിച്ചു പോയി എന്ന് നവീകരണസഭകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ കണ്ണിലെ കരട് എടുത്ത് കളയാന്‍ ശ്രമിക്കുന്നതിന് മുമ്പായി നമ്മുടെ കണ്ണില്‍ കരടോ കോലോ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യം തന്നെ.

നവീകരണം ഉണ്ടായിട്ട് ചില നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. എന്തായിരുന്നൂ അതിനു മുമ്പുള്ള നമ്മുടെ അവസ്ഥ? ഞങ്ങള്‍ അവരെപ്പോലെയല്ല എന്ന് നമുക്ക് അവകാശപ്പെടുവാന്‍ അന്ന് നവീകരണസഭകള്‍ ഇല്ലായിരുന്നു. പിതാക്കന്മാരുടെ വിശ്വാസാചാരങ്ങള്‍ പാലിച്ചു തന്നെയാണോ നാം 15 വരെ നൂറ്റാണ്ടുകള്‍ ജീവിച്ചത്എന്ന് അന്വേഷിക്കുമ്പോള്‍ ആ കാലത്ത് തന്നെ നാം പിതാക്കന്മാരുടെ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ചുപോയി എന്ന് കണ്ടെത്താവുന്നതാണ്. ഈ ലേഖകന് മനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ മാത്രം താഴെ കുറിക്കുന്നു.

1. മാര്‍ ആപ്രേം കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും രചിക്കുന്ന കാലത്ത് സുറിയാനിയായിരുന്നു അവിടുത്തെ ഭാഷ. സുറിയാനിയില്‍ അക്കാലത്ത് കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും ഇല്ലായിരുന്നു എന്നു വേണം കരുതാന്‍. അക്കാലത്ത് ആരാധനയില്‍ ഉപയോഗിച്ചിരുന്നത് എബ്രായഭാഷയിലുള്ള കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും ആയിരുന്നിരിക്കാനാണ് സാധ്യത. എബ്രായഭാഷ അക്കാലത്ത് ഒരു മൃതഭാഷ ആയിക്കഴിഞ്ഞിരുന്നു. നാം ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് സജീവഭാഷയായ മലയാളത്തില്‍ സംസാരിക്കുകയും മൃതഭാഷയായ സുറിയാനിയില്‍ ആരാധിക്കുകയും ചെയ്തിരുന്നത് പോലെ, അക്കാലത്തെ ആളുകള്‍ സജീവഭാഷയായ സുറിയാനിയില്‍ സംസാരിക്കുകയും മൃതഭാഷയായ എബ്രായയില്‍ ആരാധിക്കുകയും ചെയ്തിരുന്നു എന്നു കരുതണം. ആളുകള്‍ അവര്‍ക്ക് മനസിലാകാത്ത ഭാഷയില്‍ പ്രാര്‍ഥനകള്‍ ഉരുവിട്ടാല്‍ ആരാധന വെറും അധരവ്യായാമമായി അധഃപതിക്കും എന്ന് കണ്ട് അവരുടെ സ്വന്തം സംസാരഭാഷയില്‍ മാര്‍ അപ്രേം കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും രചിച്ചു. അന്നത്തെ അവരുടെ ജീവിതസാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഹൃദയത്തില്‍ നിന്നുയരത്തക്ക വിധത്തിലായിരുന്നു ആ കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും. നിലവിലിരിക്കുന്ന എബ്രായ കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും സുറിയാനിയിലേക്ക് മൊഴിമാറ്റം ചെയ്യുകയല്ല മാര്‍ അപ്രേം ചെയ്തത്. ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം ജീവിച്ചിരുന്ന മാര്‍ ബാലായി മാര്‍ ആപ്രേമിന്‍റെ മാതൃക പിന്തുടര്‍ന്നു അദ്ദേഹത്തിന്‍റെ കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ അവിടുത്തെ സംസാരഭാഷയില്‍ കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും രചിച്ചു. അടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഏഡേസയിലെ യാക്കോബ്, ശെമവൂന്‍ കൂക്കോയോ, മാര്‍ സേവേറിയോസ്, തുടങ്ങിയവര്‍ അപ്രകാരം കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും രചിച്ചു.

എട്ടാം നൂറ്റാണ്ടോടെ സുറിയാനി െ്രെകസ്തവീകത ഏതാണ്ട് മൃതമായെന്ന് പറയാം. അതില്‍ പിന്നീട് കീര്‍ത്തനങ്ങളോ പ്രാര്‍ഥനകളോ സുറിയാനിയില്‍ വിരചിതമായില്ല. പതിമൂന്നാം നൂറ്റാണ്ടില്‍ ബാര്‍ എബ്രായ എന്ന പിതാവ് നടത്തിയ പഠനങ്ങളും ആരാധനാപരിഷ്കരണങ്ങളും വിസ്മരിക്കുന്നില്ല. 4 മുതല്‍ 8 വരെ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട കീര്‍ത്തങ്ങളും പ്രാര്‍ഥനകളും ഉപയോഗിക്കുകയല്ലാതെ പുതുതായി കീര്‍ത്തനങ്ങളോ പ്രാര്‍ഥനകളോ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും രചിക്കപ്പെടുന്നില്ല. സുറിയാനിയില്‍ നിന്ന് അവ ആധുനിക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട് എന്നുമാത്രം. സുറിയാനി തന്നെ പില്‍ക്കാലത്ത് മൃതഭാഷയായി.

മാര്‍ ആപ്രേമും മാര്‍ ബാലായിയും ഒക്കെ ഇന്ന് നമ്മുടെ കാലത്ത് കേരളത്തില്‍ ജീവിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. അന്ന് അവര്‍ എന്താണോ ചെയ്തത്, അതുതന്നെയാണ് അവര്‍ ഇന്നും ചെയ്യുക. അവര്‍ നമ്മുടെ സംസാരഭാഷയായ മലയാളത്തിലും ഇംഗ്ലീഷിലും മറ്റും കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും രചിക്കും. പണ്ടെങ്ങോ വിരചിതമായ കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും അവര്‍ അതേപടിയോ മൊഴിമാറ്റം ചെയ്‌തോ ഉപയോഗിക്കുകയില്ല.

2. നമ്മുടെ പൂര്‍വികര്‍ ഏഴു നേരം പ്രാര്‍ഥിച്ചിരുന്നു. പാതിരാത്രിക്ക് ശേഷം ഉറങ്ങുന്ന നേരമൊഴികെ എല്ലാ മൂന്നു മണിക്കൂറിലും മനസ്സ് ഏകാഗ്രമാക്കി, ശുദ്ധമാക്കി, സംരക്ഷിക്കുന്ന ഒരു വ്യായാമപദ്ധതിയായിരുന്നു അത് എന്ന് പറയാം. അവരുടെ ജീവിതവിജയത്തിന്‍റെ രഹസ്യം മുടങ്ങാത്ത യാമപ്രാര്‍ഥനയായിരുന്നു.

എന്നാല്‍ എട്ടാം നൂറ്റാണ്ടിന് ശേഷം യാമപ്രാര്‍ഥന അര്‍ഥരഹിതമായ ഒരു ആചാരമായി പരിണമിച്ചു എന്ന് കരുതണം. പല നേരങ്ങളിലെ പ്രാര്‍ഥനകള്‍ ഒന്നിച്ചു ചേര്‍ത്തു ചൊല്ലാന്‍ തുടങ്ങി. ഏഴു നേരമാണ് നമ്മുടെ പ്രാര്‍ഥന എന്നു സണ്ടേസ്കൂള്‍ ക്ലാസില്‍ കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും ദയാറാകളില്‍ പോലും ഏഴു നേരത്തെ പ്രാര്‍ഥനയില്ല. മിക്കയിടങ്ങളിലും ദിവസവും രണ്ടു നേരമേ പ്രാര്‍ഥനയുള്ളൂ. നോമ്പ് സമയങ്ങളില്‍ മൂന്നു നേരവും. മൂന്നു നേരത്തെ ആഹാരം മൂന്നു നേരമായി കഴിക്കുന്നത് പോലെ ഏഴു നേരത്തെ പ്രാര്‍ഥന ഏഴു നേരമായി തന്നെയാണ് സാമാന്യബുധിയുള്ളവര്‍ പ്രാര്‍ഥിക്കുന്നത്. സൌകര്യത്തെപ്രതിയാണ് ഏഴു നേരത്തെ പ്രാര്‍ത്ഥന രണ്ടു നേരമാക്കിയതെന്ന് ഒഴികഴിവ് കേള്‍ക്കാറുണ്ട്. ആ ബുദ്ധി എന്തേ പിതാക്കന്മാര്‍ക്ക് തോന്നിയില്ല? ഏഴു നേരം പ്രാര്‍ഥിക്കണമെന്നല്ലാതെ ഓരോ നേരവും ഇത്ര നേരമെടുത്തു പ്രാര്‍ത്ഥിക്കണം എന്ന് അവര്‍ നിശ്ചയിച്ചില്ല.

ഉച്ചക്ക് ക്ലാസില്‍ ഇരിക്കുന്ന ഒരു വിദ്യാര്‍ഥി എങ്ങനെ പ്രാര്‍ഥിക്കും? ക്ലാസ്സിനു പുറത്തു പോയി പ്രാര്‍ഥിക്കണോ? അതോ വീടിലെത്തുമ്പോള്‍ ഉച്ചപ്രാര്‍ത്ഥനയും കൂടി പ്രാര്‍ഥിക്കണോ? രണ്ടും വേണമെന്നില്ല. മനസ് ഏകാഗ്രമാക്കി ദൈവമേ എന്നൊന്ന് വിളിച്ചാല്‍ തന്നെ പ്രാര്‍ഥനയായി.

മാര്‍ ആപ്രേമും മാര്‍ ബാലായിയും ഒക്കെ ഇന്ന് കേരളത്തില്‍ ജീവിക്കുമെങ്കില്‍ അവര്‍ ഏഴു നേരത്തെ പ്രാര്‍ഥന പുനസ്ഥാപിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പല നേരത്തെ പ്രാര്‍ഥനകള്‍ ഒരുമിച്ച് ചേര്‍ത്തു ചൊല്ലുന്ന യാന്ത്രികത അവര്‍ അവസാനിപ്പിക്കും.

3. ഒരു പരിപാടി നടത്തുന്നതിന് മുമ്പായി അതിന്‍റെ ഒരു കാര്യപരിപാടി എഴുതി വയ്കാറുണ്ട്. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് അത്തരം ഒരു പ്ലാനിങ് സഹായമാകും. ഒരു സമൂഹമായി ആരാധിക്കുന്നതിന് നമ്മെ സഹായിക്കുന്ന ഒരു ലിഖിത കാര്യപരിപാടിയാണ് ആരാധനാക്രമം. നമ്മുടെ പൂര്‍വികര്‍ ആരാധനാക്രമത്തെ മനസിലാക്കിയിരുന്നത് അങ്ങനെയായിരുന്നിരിക്കണം. ആരാധനയില്‍ ഉള്‍പ്പെടുത്തേണ്ട കീര്‍ത്തനങ്ങള്‍, പ്രാര്‍ഥനകള്‍, വേദവായനകള്‍, ധ്യാനങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്തു വയ്ക്കുമ്പോഴാണ് ആരാധനാക്രമമാകുന്നത്. ആരാധനയില്‍ എന്തെല്ലാം ഉള്‍പ്പെടുത്താം എന്നതിനും അവയുടെ ക്രമം എങ്ങനെ ആയിരിക്കണം എന്നതിനും ഉള്ള ഒരു ഗൈഡന്‍സ് എന്ന നിലയിലാണ് പിതാക്കന്മാര്‍ ആരാധനാക്രമങ്ങള്‍ രൂപപ്പെടുത്തിയത്.

എട്ടാം നൂറ്റാണ്ടിന് ശേഷം ആരാധനക്രമത്തിന്‍റെ ഉദ്ദേശമെന്തെന്ന അറിവ് നഷ്ടപ്പെട്ടു എന്നു കരുതണം. ആരാധനാക്രമത്തിലുള്ളതെല്ലാം ആദിയോടന്തം ഉരുവിടുന്നതാണ് ആരാധന എന്നു വന്നു. അതിനു പുറത്തുള്ളതൊന്നും ആരാധനയില്‍ ഉള്‍പ്പെടുത്താനും പാടില്ല. ആകാശവും ഭൂമിയും മാറിയാലും ആരാധനാക്രമത്തിലെ ഒരു വള്ളിയോ പുള്ളിയോ മാറാന്‍ പാടില്ല എന്ന പ്രമാണം നിലവില്‍ വന്നു.

മാര്‍ ആപ്രേമും മാര്‍ ബാലായിയും നമ്മുടെ കാലത്ത് ജീവിക്കുമെങ്കില്‍ അവര്‍ ആരാധനാക്രമത്തെ അതിന്‍റെ യഥാര്‍ത്ഥ ഉദ്ദേശത്തോടെ പുനസ്ഥാപിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരാധനാക്രമത്തിലുള്ളതെല്ലാം ഉരുവിടുന്നതാണ് ആരാധന എന്ന ധാരണ അവര്‍ തുടയ്ച്ചു നീക്കും.

4. പ്രാര്‍ഥിക്കുമ്പോള്‍ നില്‍ക്കുന്നതാണ് സാധാരണ രീതി. രാജസന്നിധിയില്‍
അപേക്ഷയര്‍പ്പിക്കുന്നയാള്‍ നിന്നുകൊണ്ടാണല്ലോ അങ്ങനെ ചെയ്യാറുള്ളത്. എന്നാല്‍ മണിക്കൂറുകള്‍ നീളുന്ന നമ്മുടെ സമൂഹാരാധനയില്‍ പ്രാര്‍ഥന മാത്രമല്ല ഉള്ളത്, കീര്‍ത്തനാലാപനവും വേദവായനയും ധ്യാനവും ഒക്കെയുണ്ട്. നമ്മുടെ പൂര്‍വികര്‍ ആരാധിച്ചിരുന്നത് ആദിയോടന്തം നിന്നുകൊണ്ട് ആകാന്‍ സാധ്യതയില്ല. അവര്‍ മാറി മാറി നില്‍ക്കുകയും ഇരിക്കുകയും ചെയ്തു എന്ന് കരുതണം. ആദിയോടന്തം നിന്നാല്‍ ശരീരം വല്ലാതെ ക്ഷീണിക്കും. ഖൌമോ എന്ന സുറിയാനിവാക്കിന് നില്‍പ്പ് എന്നാണര്‍ഥം. അതിന്‍റെ അര്‍ഥം നിന്നു കൊണ്ട് വേണം ആ പ്രാര്‍ഥന പ്രാര്‍ഥിക്കുവാന്‍ എന്നാണെങ്കില്‍ മറ്റ് സമയങ്ങളില്‍ ഇരിക്കാം എന്നല്ലേ വ്യംഗ്യാര്‍ഥം?

എന്നാല്‍ പില്‍ക്കാലത്ത് ആരാധന ആദിയോടന്തം നിന്നു കൊണ്ടാണ് ചൊല്ലേണ്ടത് എന്ന ധാരണ പ്രചാരത്തിലായി. ആരാധനയില്‍ പങ്കെടുക്കുന്ന ജനമാണ് ഒറ്റ നില്‍പ്പ് നില്‍ക്കുന്നത്. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം ഒറ്റ നില്‍പ്പ് നിന്ന ശേഷമാണ് തുബ്ദേന്‍ വായനയുടെ സമയത്ത് അഞ്ച് മിനിട്ട് ജനം ഇരിക്കുന്നത്. വൈദികനും ശുശ്രൂഷകരും അങ്ങനെ ഒറ്റ നില്‍പ്പ് നില്‍ക്കുന്നില്ല. അവര്‍ നടക്കുകയും അങ്ങോട്ടുമിങ്ങോട്ടും തിരിയുകയും ഒക്കെ ചെയ്യുന്നുണ്ട്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ദീര്‍ഘനേരം ഒറ്റ നില്‍പ്പ് നില്‍ക്കുന്നത് അപകടകരമാണ്. വേഗത്തില്‍ വിരസത ഉണ്ടാകും എന്ന കാരണം കൊണ്ട് ദീര്‍ഘനേരം ഒരേ നില്‍പ്പ് നില്‍ക്കുവാന്‍ കുട്ടികള്‍ക്കും പ്രയാസമാണ്.

മാര്‍ ആപ്രേമും മാര്‍ ബാലായിയും മറ്റും ഇക്കാലത്ത് നമ്മുടെയിടയില്‍ ഉണ്ടാകുമെങ്കില്‍ ആരാധനയില്‍ ജനം മാറി മാറി നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്ന രീതി മടക്കിക്കൊണ്ടുവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നില്‍പ്പ് ബഹുമാനത്തെ കുറിക്കുന്നു എന്നത് സത്യം തന്നെ, എന്നാല്‍ ദേവാലയത്തില്‍ നാം ഇരിക്കുന്നതും ബഹുമാനത്തോടുകൂടെ തന്നെയാണ്. പ്രാര്‍ഥനകള്‍ നിന്നുകൊണ്ടും കീര്‍ത്തനങ്ങള്‍ ഇരുന്നു കൊണ്ടുമാകാം. ഏവന്‍ഗേലിയോന്‍ വായന നിന്നുകൊണ്ട് കേള്‍ക്കുകയും മറ്റു വേദവായനകള്‍ ഇരുന്ന് കേള്‍ക്കുകയുമാകാം. ഒരു പ്രഭാഷണം കേള്‍ക്കുവാന്‍ ആളുകള്‍ ഇരിക്കുന്നത് പോലെ, സെദ്‌റ എന്ന നീണ്ട ധ്യാനപ്രാര്‍ഥന ചൊല്ലുമ്പോഴും ഇരിക്കുന്നത് നല്ലതല്ലേ എന്നു ചിന്തിക്കണം.

ഉപസംഹാരം

കിഴക്കും പടിഞ്ഞാറുമുള്ള പൌരാണിക െ്രെകസ്തവസഭകള്‍ പിതാക്കന്മാരുടെ വിശ്വാസാചാരങ്ങളില്‍ നിന്ന് വ്യതിചലിച്ച ഒരു കാലമായിരുന്നു 9 മുതല്‍ 15 വരെയുള്ള നൂറ്റാണ്ടുകള്‍ എന്ന് കാണാം. അത് ഒരു ഇരുണ്ട യുഗമായിരുന്നു. സഭയപ്പാടെ നാശത്തിന്‍റെ പാതയില്‍ പായുന്നത് കണ്ട് അതിനോടുള്ള പ്രതിഷേധം (revolt) പ്രകടിപ്പിച്ച പ്രസ്ഥാനങ്ങളായി വേണം നവോഥാനം, മതനവീകരണം, പാശ്ചാത്യപ്രബുധത എന്നിവയെ കാണുവാന്‍. നാശത്തിന്‍റെ പടുകുഴിയില്‍ പതിക്കാതെ മനുഷ്യവര്‍ഗ്ഗത്തെ പിടിച്ചുവലിച്ചു കയറ്റിയ മഹാപ്രസ്ഥാനങ്ങളായിരുന്നു അവ. പാളം തെറ്റിപ്പോയ മനുഷ്യവര്‍ഗ്ഗം എന്ന ഭീമന്‍ തീവണ്ടിയെ യഥാസ്ഥാനപ്പെടുത്താന്‍ ശ്രമിച്ച കൂറ്റന്‍ ക്രെയിനുകളാണ് ഈ പ്രസ്ഥാനങ്ങള്‍.

പൗരാണിക െ്രെകസ്തവസഭകള്‍ പിതാക്കന്മാരുടെ പാതയില്‍ നിന്ന് വ്യതിചലിക്കാതിരുന്നെങ്കില്‍ നവോഥാനത്തിന്‍റെയോ മതനവീകരണത്തിന്‍റെയോ പാശ്ചാത്യപ്രബുധതയുടെയോ ആവശ്യം വരുമായിരുന്നില്ല. ലോകചരിത്രം തന്നെ ഇവ്വിധത്തിലാകുമായിരുന്നില്ല. നവീകരണസഭകളെയും പാശ്ചാത്യപ്രബുധതയില്‍ നിന്ന് ഉയിര്‍ കൊണ്ട കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെയും മറ്റും മോശക്കാരായി കാണുന്ന പരീശത്വമനോഭാവം പൌരാണികസഭകള്‍ തുടര്‍ന്ന് കൂടാ. സ്വന്തം തെറ്റ് കുറ്റങ്ങള്‍ സമ്മതിക്കാന്‍ സന്മനസ്സ് കാട്ടുന്നതോടൊപ്പം മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കാനുള്ള സന്മനസ്സും െ്രെകസ്തവസഭകള്‍ക്കുണ്ടാകണം. ലോകമെമ്പാടുമുള്ള െ്രെകസ്തവസഭകള്‍ ഒറ്റക്കെട്ടായി പിതാക്കന്മാരുടെ പാതയിലേക്ക് മടങ്ങുകയാണ് ഇന്നിന്‍റെ ആവശ്യം. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code