Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മരണ അറിയിപ്പും പിന്നെ കുറെ കുറിപ്പും (ബേബി കാക്കശ്ശേരി)

Picture

 അനിവാര്യമായ മരണത്തെക്കുറിച്ചല്ല ഈ കുറിപ്പ്. മരണ അറിയിപ്പുകളില്‍ വന്ന ഗതിവേഗങ്ങളുടെ അനുക്രമമായ വളര്‍ച്ചയെ ഓര്‍മ്മയില്‍ നിന്നും, വര്‍ത്തമാന കാലത്തില്‍ നിന്നും പെറുക്കി അടുക്കി ഒതുക്കി നിരത്തുവാനുള്ള എളിയ ശ്രമം.

വേണ്ടപ്പെട്ടവരുടെ വേര്‍പാട്­ നമ്മെ വേദനിപ്പിക്കും. വിരോധികളുടെ വിയോഗ­ത്തിലും ഞെട്ടണം, വിങ്ങിപ്പോട്ടണം. അതാണ്­ ലോക നീതി. ആരാദ്ധ്യരായാലും ആരാച്ചാരാ യാലും വിണ്ണില്‍നിന്നും വിളി വരുമ്പോള്‍ മണ്ണിലിരുന്ന് നമ്മള്‍ നിലവിളിച്ചിട്ടെന്തു കാര്യം? "പിറക്കുമ്പോള്‍ത്തന്നെ തീയതി തലയിലെഴുതി. പിന്മടങ്ങേണ്ടുന്ന തീയതി ..........." എന്നാണു യൂറോപ്പിലെ മലയാള കവിയുടെ വരി.

അറുപത്തഞ്ചു വര്‍ഷം പിന്നിലേക്ക്­ പോകാം. വടി കുത്തി നടന്നിരുന്ന എന്‍റെ അമ്മൂമ്മ വടിയായി. ബന്ധുമിത്രാദികളെ വിവരം അറിയിക്കണം. ബസ്സില്ല, കാറില്ല, കമ്പി­ യില്ല, ഫോണില്ല, ഈ­മെയിലില്ല, വെബ് സൈറ്റില്ല, ട്വിറ്ററില്ല, ഫേസ്­ ബുക്കില്ല, ആപ്പിളില്ല (ഹവ്വ തിന്ന ആപ്പിളല്ല), ഐ ഫോണില്ല, ഐ പാടില്ല, ഒരു വഴിയുമില്ല, ഉള്ള വഴികളില്‍ കല്ല്­, കരട്, കാഞ്ഞിരക്കുറ്റി! മുള്ള്, മുരട്, മൂര്‍ഖന്‍ പാമ്പ്! ഓരോ മരണക്കുറിയും കൈകൊണ്ട് എഴുതിയുണ്ടാക്കണം. കൈകൊണ്ട് അച്ചു നിരത്തി കാലുകൊണ്ട് ചവുട്ടി പ്രവര്‍ത്തിപ്പിക്കുന്ന അച്ചടികൂടങ്ങളുണ്ട്. പക്ഷേ, ഒന്ന് കോട്ടയത്താ­ ണെങ്കില്‍ മറ്റൊന്ന് കൊയമ്പുത്തൂരില്‍. മരണ അറിയിപ്പ് എഴുതുമ്പോള്‍ "ഈ. മ. യൌ" (ഈശോ, മറിയം, ഔസേപ്പേ) എന്നായിരിക്കും തലക്കെട്ട്­.

"എന്‍റെ വത്സല പിതാവ്, ആത്മാവിനു വേണ്ടുന്ന അന്ത്യകൂദാശകളെല്ലാം കൈക്കൊണ്ട് ഇന്ന് രാത്രി 10­05 ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം.......... " നാഴികകളും വിനാഴികകളും ജനന സമയത്ത് സുപ്രധാനമെങ്കില്‍ മരണ സമയവും കിറുകൃത്യമായി കാണിക്കണം. പരതന്‍റെ ആത്മാവ് പോകുന്നത് സ്വര്ഗ്ഗത്തിലെക്കോ നരകത്തിലെക്കോ എന്ന് കണിയാന്‍ ഗണിച്ചു ഗുണിച്ചു പറയും.

അപകട മരണമായാലും ആത്മഹത്യയായാലും ആത്മാവിനു വേണ്ടുന്ന അന്ത്യകൂദാശ കളെല്ലാം കൈക്കൊണ്ട് എന്നെഴുതുന്നതാണ് രീതിയും അനീതിയും. മരണ വാര്‍ത്തയിലും മായം ചേര്‍ത്ത് മഹ്വേശ്വരനെ തെറ്റിദ്ധരിപ്പിച്ച് ആത്മാവിനു അഭയം കൊടുക്കുന്ന കടുംകൈ. എഴുതിയുണ്ടാക്കിയ കുറികള്‍ കുടികിടപ്പുകാരായ കുറവന്‍, പറയന്‍, പാണന്‍,
പുലയന്‍, മണ്ണാന്‍ തുടങ്ങിയവരുടെ കൈവശം നാനാവശത്തേക്കും കൊടുത്തുവിടും. നടന്നു വേണം യാത്ര. മരണ അറിയിപ്പ് കിട്ടുന്ന ബന്ധു അറിയിപ്പുകാര്‍ക്ക് അന്നത്തെ നാണ്യമായ അണയോ മുക്കാലോ കൊടുക്കണമെന്നാണ് അലിഖിത നിയമം.

കാലമെന്ന കാരണവത്തി കൊല്ലങ്ങളെ കുറെ പെറ്റു വീഴ്ത്തി. കമ്പിയാപ്പീസുകള്‍ വന്നു. ബസ്സുകള്‍ അപൂര്‍വ്വം ഓടിത്തുടങ്ങി. അച്ചടിശാലകള്‍ അടുത്തടുത്ത് ഘട ഘട ശബ്ദം മുഴക്കി. മണി മാളികകളില്‍ ഫോണിന്‍റെ കിണികിണി ശബ്ദം മുഴങ്ങി. അപ്പോത്തിക്കീരികള്‍ മരണം പ്രവചിച്ചാല്‍ മരണക്കുറി നേരത്തെ അച്ചടിച്ചുവെയ്ക്കുന്ന പദവിയിലേക്ക് കാലം വളര്‍ന്നു. മരണ ദിവസവും സമയവും അച്ചടി മഷി പുരളില്ല. അവിടെ കുത്തുകള്‍, കുത്തുകള്‍. കണ്ണടച്ചു കിട്ടിയാല്‍ പേന കൊണ്ട് കുത്തുകളില്‍ മരിച്ച മുഹൂര്‍ത്തം എഴുതിച്ചേര്‍ക്കും. മുഴത്തിനു മൂന്നു പള്ളികളും ശവക്കോട്ടകളും അന്ന്
ല്ല. ചത്തവനെ ചുമന്നു കൊണ്ട് പോകണം. ജീവിച്ചിരിക്കുമ്പോള്‍ ഭാരം, മരിച്ചാലും ഭാരം. ഇന്ന് മൂന്നടി ദൂരമേ ആറടി മണ്ണിലേക്കുള്ളൂ. എന്നാലും ജഡം കേറ്റാന്‍ ആധുനികസൌകര്യങ്ങളുള്ള വാഹനങ്ങള്‍. മാസം ഫ്രീസറില്‍ വെയ്ക്കുന്നതുപോലെ ജീവന്‍ പോയ മനുഷ്യമാസം സൂക്ഷിക്കുവാനും സംവിധാനങ്ങള്‍.

പണ്ട് നേഴ്‌സറിയില്‍ പോകാത്തവനും ഇന്ന് മോര്‍ച്ചറിയില്‍ കഴിയാന്‍ യോഗം. ശവക്കോട്ട യിലേക്ക് എടുക്കപ്പെടാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. അവിടെ പോയവര്‍ പുറത്തേക്ക് ചാടുക യുമില്ല എന്നാലും ശവക്കൊട്ടകള്‍ക്ക് ചുറ്റുമതിലുകള്‍. ഇത് വെറും പാഴ് ചെലവ്. ആ പണം കൊണ്ട് ഒപ്പീസ് ചൊല്ലിയാല്‍ പരേതാത്മാക്കള്‍ക്ക് ശുദ്ധീകരണ സ്ഥലത്തുനിന്നും സ്വര്‍ഗ്ഗത്തിലേക്ക് പ്രമോഷന്‍ കിട്ടും. പുരോഹിതനും സാമ്പത്തിക പുരോഗതി.

പഴംപുരാണം പറഞ്ഞു പറഞ്ഞു പാതിരാവായി. ഞാന്‍ വര്‍ത്തമാന കാലത്തിലേക്ക് എടുത്തു ചാടുകയാണ്. ദൈവത്തിന്‍റെ സ്വന്തമായിരുന്ന നാട്ടില്‍ ആരെങ്കിലും ദൈവത്തില്‍ നിദ്ര പ്രാപിച്ചാല്‍ നാല്‍ക്കവലകളില്‍ പരേതന്‍റെ ഫ്‌ലക്‌സ്­ ബോര്‍ഡുകള്‍ കാണാം. സ്വര്‍ഗ്ഗത്തിലേക്കു­ ള്ള സ്ഥാനാര്‍ത്ഥിയുടെ അല്ലെങ്കില്‍ അഭയാര്‍ത്ഥിയുടെ ഫ്‌ലക്‌സ്­! അന്നത്തെ ലോക്കല്‍ ചാനലു­ കളിലും പത്രങ്ങളിലും തണുത്ത ശരീരത്തിന്‍റെ ചൂടുള്ള വാര്‍ത്ത ഫ്രീയായി പ്രസിദ്ധപ്പെടു­ത്തും. കിട്ടുന്ന കാശിന്‍റെ തോതനുസരിച്ച് ഫോട്ടോകളും വരും. അനുശോചനം അറിയിക്കു വാന്‍ വരുന്നവര്‍ വീഡിയോഗ്രാഫറുടെ കാമറയ്ക്ക് സുസ്‌മേരവദനരായി പോസ് ചെയ്തുവേണം റീത്ത്­ സമര്‍പ്പിക്കുവാന്‍. ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹത്തിന്‍റെ ഒരു നുള്ള് പൂവിന് കെഞ്ചിയപ്പോള്‍ നെഞ്ചില്‍ മുള്ള് കോറിയവരാണ് ഈ പുഷ്പചക്രം പരേതന്‍റെ നെഞ്ചില്‍ സമര്‍പ്പിക്കുന്നത്. കൊണകംപോലുള്ള കറുത്ത തുണിയില്‍ വ്യക്തിയുടെയോ സംഘടനയുടെയോ പേര് വെളുത്ത ചായത്തിലും മത്തങ്ങാ വലിപ്പത്തിലും റീത്തില്‍ എഴുതി­ യിട്ടുണ്ടാകും. പരേതന്‍റെ മുഖം അവസാനമായിട്ടൊന്നു കാണുവാന്‍ കൊതിക്കുന്നവര്‍ക്ക് റീത്തുകള്‍ മാത്രമേ ദൃഷ്ടിഗോചരമാകൂ.

പ്രവാസികളുടെ മാതാപിതാക്കളോ ബന്ധുക്കളോ കബന്ധങ്ങളായാല്‍ വിദേശത്തെ സംഘടനകളും വെബ് സൈറ്റുകളുമാണ് ചരമ അറിയിപ്പിന്റെ പരസ്യം ഏറ്റെടുക്കുക. സംഘടനയുടെ അംഗത്തിന്‍റെ പിതാവാണ് നിത്യനിദ്രയിലേക്ക് വീണതെങ്കില്‍ താഴെ എഴുതി­ യിരിക്കുന്നതുപോലെയായിരിക്കും വെബ്‌സൈറ്റിലൂടെയുള്ള സെക്രട്ടറിയുടെ അനുശോചന അറിയിപ്പ്­.

"അങ്കമാലി അങ്കക്കലിക്കാരന്‍ അന്തപ്പന്‍റെ(91) ആത്മാവ് ഇന്ന് രാത്രി 8.30 ന്(ഇന്ത്യന്‍ സമയം) സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടിരിക്കുന്നു എന്ന ദുഃഖവാര്‍ത്ത അംഗങ്ങളെ അതീവ വേദനയോടെ അറിയിക്കുന്നു (നരകത്തിലെക്കാണെങ്കില്‍ സന്തോഷിക്കും എന്ന് ധ്വനി). ശ്രീ അന്തപ്പന്‍റെ മകന്‍ ആന്‍റണി നമ്മുടെ സംഘടനയുടെ സജീവ പ്രവര്‍ത്തകനും ഓണാഘോഷ വേളയില്‍ പായസം വെയ്ക്കുന്നതിന് അണ്ടി (കശുവണ്ടി)തൊലി കളയുന്നതില്‍ സഹകരി­ ക്കുന്നവനുമാണ്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് സംഘടനയുടെ അഗാധമായ അനുശോചനങ്ങള്‍ അറിയിക്കുന്നു. ആത്മാവിനു നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
സംസ്കാരം പിന്നീട്.

പരേതനുമായി ബന്ധപ്പെടേണ്ട ഇന്ത്യയിലെ ഫോണ്‍: + 91 480 2732730
മക്കള്‍ -­ മരുമക്കള്‍
.1. ആന്‍റണി (സ്വിറ്റ്‌സര്‍ലന്‍ഡ്­) - മിസ്സിസ് ആലീസ്­ ആന്‍റണി (വിയന്ന)
2. റോസമ്മ (അയര്‍ലണ്ട്) - ചെന്നിനായകം ചിന്നപ്പന്‍ (ഇംഗ്ലണ്ട്)
3. ഇരപ്പന്‍ (അമേരിക്ക) -മിസ്സിസ് ലൂസി ഇരപ്പന്‍ (കാനഡ)
4. തുരപ്പന്‍ (ദുബായ്­) - മിസ്സിസ് തുഷാര തുരപ്പന്‍ (ഖത്തര്‍)
5 സിസിലി (സിംഗപ്പൂര്‍) -പാരപണിയില്‍ പത്രോസ് (ജെര്‍മ്മനി)

കാക്ക കൊക്കിനെ കൊത്തിവീഴ്ത്തിയും കൊക്ക് കാക്കയെ കൊത്തി വിഴുങ്ങിയും ദിനരാത്രങ്ങള്‍ കടന്നു പോയി. വെബ് സെറ്റില്‍ വരുന്ന ശവസംസ്കാര ചടങ്ങിന്‍റെ ലൈവ് ഷോയിലേക്ക് നിങ്ങള്‍ക്ക്
ഏവര്‍ക്കും സ്വാഗതം.

ഫ്രീസറില്‍നിന്നും മാംസജഡം പുറത്തെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരി
ക്കുന്നത്. ചന്ദനത്തടിയില്‍ നിര്‍മ്മിതമായ ശവമഞ്ചത്തിനു ചുറ്റും പ്രവാസികളായ മക്കളും മരുമക്കളും നിലയുറപ്പിച്ചിരിക്കുന്നു. പെട്ടെന്ന് പറക്കേണ്ടിവന്നതുകൊണ്ട് കൂടതല്‍ വില­ യ്ക്ക് വിമാന ടിക്കറ്റ് എടുക്കേണ്ടിവന്നതിന്‍റെ ദുഃഖമാണ് അവരുടെ മുഖത്ത്­. കീടനാശിനി­ കള്‍ തളിച്ച് തമിഴ്‌നാട്ടില്‍ നിന്നും വന്ന പൂക്കളുടെ രൂക്ഷ ഗന്ധം ശ്വസിക്കാത്തിരിക്കാന്‍ അന്തരിച്ച അന്തപ്പന്‍റെ മൂക്കില്‍ പഞ്ഞി തിരുകിയിട്ടുണ്ട്. പീഡനക്കേസില്‍പെട്ടു മുങ്ങിയ സ്ഥലം എം. എല്‍. എ. ഇതാ റീത്തുമായി പൊങ്ങിക്കഴിഞ്ഞു. അവസാനമായി പരേതന്‍റെ മുഖമൊന്നു കാണുവാന്‍ വന്നവര്‍ക്ക് റീത്തുകള്‍ മാത്രമേ കണ്ണില്‍ പെടുന്നുള്ളൂ. ജഡം വഹിച്ചുകൊണ്ടുപോകാനുള്ള എ.സി. വണ്ടി വന്നു നില്‍ക്കുന്നു. പട്ടുക്കുടകളും പട്ടക്കാരനും ദുഃഖ ഭാരത്താല്‍ പട്ടയടിച്ചെത്തിയവരും നിരന്നു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ ഒരു കൂട്ടം പെണ്ണുങ്ങള്‍ പൊട്ടിക്കരയുന്ന ദൃശ്യവിശ്മയമാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലിക്കായി പുറത്ത് കാത്തു നില്‍ക്കുന്നു എരിയുന്ന ചന്ദനത്തിരിയുടേയും പുകയുന്ന കുന്തിരിക്കത്തിന്റെയും നറുമണം നിങ്ങളുടെ നാസാരന്ധ്രങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.
സംസ്കാരച്ചടങ്ങ് ആരംഭിക്കുകയായി.

മരണം വരുമൊരുനാള്‍
ഓര്‍ക്കുക മര്‍ത്ത്യാ നീ
സത്ക്കര്‍മ്മങ്ങള്‍ ചെയ്യുക നാം
അലസത കൂടാതെ....

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code