ഡാലസ് : എയര്‍ മെഡിക്കല്‍ ഗ്രൂപ്പ് തെക്കേ ഇന്ത്യയില്‍ കേരളം, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന സിറ്റികളില്‍ ആരംഭിക്കുന്ന രാജ്യാന്തര എയര്‍ ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം ഡാലസില്‍ നിര്‍വ്വഹിച്ചു.
ഓഗസ്റ്റ് 29 തിങ്കളാഴ്ച ഡാലസ് ഗ്രാന്റ് പ്രയ്‌റി എയര്‍ബസ് ഹെലികോപ്‌റ്റേഴ്‌സ് സമുച്ചയത്തില്‍ പ്രത്യേക ക്ഷണിതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എയര്‍മെഡിക്കല്‍ ഗ്രൂപ്പ് സിഇഒ ഫ്രഡ് ബട്ട്‌റല്‍ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷമായ കേരളം ഉള്‍പ്പെടെയുളള പ്രധാന തെക്കേ ഇന്ത്യന്‍ സിറ്റികളില്‍ ആധുനിക സജ്ജീകരണങ്ങളോടെ എമര്‍ജന്‍സി മെഡിക്കല്‍ സഹായം നല്‍കുന്നതിന് എയര്‍ബസ് ആരംഭിക്കുന്നതിനെക്കുറിച്ചു നടത്തിയ പഠനങ്ങളുടെ അനന്തരഫലമാണ് ഇങ്ങനെ ഒരു ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുവാന്‍ പ്രചോദനം നല്‍കിയതെന്ന് ഫ്രഡ് പറഞ്ഞു.
അടിയന്തരമായി മൂന്ന് എമര്‍ജന്‍സി എയര്‍ബസ് ഹെലികോപ്റ്ററുകളാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഈ പ്രത്യേക സൗകര്യം ലഭിക്കണമെന്നുളളവര്‍ സംഘടനയില്‍ മെമ്പര്‍ഷിപ്പ് എടുക്കണമെന്നും മെമ്പര്‍ഷിപ്പ് ഉളളവരുടെ ആവശ്യങ്ങള്‍ക്ക് ഹെലികോപ്റ്ററുകള്‍ സദാ സമയവും ലഭ്യമായിരിക്കുമെന്നും ഫ്രഡ് പറഞ്ഞു.
അവിതാര്‍ എയര്‍ റസ്ക്യു മാനേജിങ് ഡയറക്ടര്‍ അരുണ്‍ ശര്‍മ്മ കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചു വിവരിച്ചു. രാവിലെ 11 മണിയോടെ എയര്‍ബസ് ഹെലികോപ്‌റ്റേഴ്‌സ് ഡെലിവറി സെന്ററില്‍ എത്തിച്ചേര്‍ന്ന അതിഥികളെ നോര്‍ത്ത് അമേരിക്കാ റീജിയന്‍ പ്രസിഡന്റ് ക്രിസ് എമേഴ്‌സണ്‍ സ്വാഗതം ചെയ്തു.
4 മുതല്‍ 6 മില്യണ്‍ വരെ വില മതിക്കുന്ന ആംബുലന്‍സ് ഹെലികോപ്റ്ററുകള്‍ ആദ്യമായി തെക്കേ ഇന്ത്യന്‍ സിറ്റികളിലാണ് സര്‍വ്വീസ് നടത്തുകയെന്നും, തുടര്‍ന്ന് ഇന്ത്യയിലെ മറ്റു പ്രധാന സിറ്റികളേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മാനേജിങ് ഡയറക്ടര്‍ അരുണ്‍ ശര്‍മ്മ പറഞ്ഞു. അമേരിക്കയില്‍ ലഭിക്കുന്ന ഹെലികോപ്റ്റര്‍ മെഡിക്കല്‍ സര്‍വ്വീസിന്റെ സൗകര്യങ്ങളാണ് കേരളത്തിലും ലഭ്യമാക്കുക.
ഡാലസ് - ഫോര്‍ട്ട് വര്‍ത്തില്‍ എയര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതു ഫിലിപ്പ് ദേവസ്യയാണ്. ഉദ്ഘാടന ചടങ്ങിനുശേഷം മൈക്ക് പ്ലാറ്റ് ഫലകങ്ങള്‍ വിതരണം ചെയ്തു.
ഡാലസ് - ഫോര്‍ട്ട് വര്‍ത്തിലെ വിവിധ വാര്‍ത്താ ചാനലുകളില്‍ നിന്നുളള പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡിഎഫ് ഡബ്ല്യു (ഉഎണ) യൂണിയന്‍ പ്രസിഡന്റ് ബിജിലി ജോര്‍ജ്, നാഷണല്‍ സെക്രട്ടറി പി. പി. ചെറിയാന്‍, ജോസ് പ്ലാക്കാട്ട് എന്നിവരും ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക ക്ഷണിതാക്കളായി എത്തിചേര്‍ന്നിരുന്നു.
കേരളത്തില്‍ ആരംഭിക്കുന്ന മെഡിക്കല്‍ ആംബുലന്‍സ് സര്‍വീസ് സാധാരണക്കാര്‍ക്കുകൂടി ലഭ്യമാക്കുന്നതിനുളള നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫിലിപ്പ് ദേവസ്യ പറഞ്ഞു. അമേരിക്കയില്‍ പരിശീലനം ലഭിച്ച ഇന്ത്യയില്‍ നിന്നുളള ആറ് പൈലറ്റുമാരാണ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുകയെന്നും ദേവസ്യ പറഞ്ഞു.
ഔദ്യോഗിക പരിപാടികളോടനുബന്ധിച്ചു എയര്‍ ബസ് ഹെലികോപ്‌റ്റേഴ്‌സിന്റെ വിവിധ നിര്‍മ്മാണ ഘട്ടങ്ങളും പ്രവര്‍ത്തന രീതികളും അതിഥികള്‍ക്ക് നേരിട്ട് സന്ദര്‍ശിക്കുന്നതിനുളള ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
Comments