Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുത്തന്‍ ചിന്താസരണികള്‍ തുറന്ന പ്രസ്‌ക്ലബ്‌ സമ്മേളനം നവ്യാനുഭവമായി   - ജോര്‍ജ്‌ ജോസഫ്‌

Picture

ചിക്കാഗോ: മാധ്യമ- സാമൂഹിക രംഗത്തെ മാറ്റങ്ങള്‍ പ്രതിഫലിച്ച തീവ്രസംവാദങ്ങളും, അതിഥികളുടേയും പങ്കെടുത്തവരുടേയും മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റിയ സംഘാടക മികവും മാധ്യമരംഗത്തെ പ്രമുഖര്‍ക്ക്‌ നല്‍കിയ ആദരവുംകൊണ്ട്‌ ഹൃദ്യമായ രണ്ടുദിനങ്ങള്‍ സമ്മാനിച്ച്‌ ഇന്ത്യാ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമതു കണ്‍വന്‍ഷന്‌ കൊടിയിറങ്ങി.

പ്രസ്‌ ക്ലബിന്റെ പരമോന്നത ബഹുമതികളായ മാധ്യമരത്‌ന പുരസ്‌കാരം കൈരളി ടിവി മാനേജിംഗ്‌ ഡയറക്‌ടര്‍ ജോണ്‍ ബ്രിട്ടാസിനും, ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ കേരള എക്‌സ്‌പ്രസ്‌ പത്രത്തിന്റെ സ്ഥാപകനും ചീഫ്‌ എഡിറ്ററുമായ കെ.എം. ഈപ്പനും ചടങ്ങില്‍ സമ്മാനിച്ചു. ബ്രിട്ടാസിനു പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ ടാജ്‌ മാത്യുവും, കെ.എം ഈപ്പന്‌ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എയും അവാര്‍ഡ്‌ നല്‍കി.

മാധ്യമ അവാര്‍ഡുകള്‍ നേടിയ ഡോ. കൃഷ്‌ണകിഷോര്‍ (ഏഷ്യാനെറ്റ്‌), പ്രവാസി ചാനല്‍ മാനേജിംഗ്‌ എഡിറ്ററും ഇ-മലയാളി സാരഥികളിലൊരാളുമായ സുനില്‍ ട്രൈസ്റ്റാര്‍, ഏബ്രഹാം തോമസ്‌, പി.പി. ചെറിയാന്‍, മീനു എലിസബത്ത്‌, ബിജു സഖറിയ (ഏഷ്യാനെറ്റ്‌), സുധ ജോസഫിനുവേണ്ടി ജോസ്‌ പ്ലാക്കാട്ട്‌ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

മാധ്യമരംഗത്തെ മികവു മാത്രമല്ല, പ്രസ്‌ക്ലബുമായുള്ള ദീര്‍ഘകാലബന്ധം കൂടി കണക്കിലെടുത്താണ്‌ ബ്രിട്ടാസിനെ അവാര്‍ഡിനു തെരഞ്ഞെടുത്തതെന്നു ടാജ്‌ മാത്യു പറഞ്ഞു. പ്രസ്‌ക്ലബ്‌ ട്രഷറര്‍ ബിജു കിഴക്കേക്കുറ്റ്‌ ബ്രിട്ടാസിന്റെ ബഹുമുഖ നേട്ടങ്ങള്‍ അവതരിപ്പിച്ചു.

തന്നെപ്പറ്റി അവതരിപ്പിച്ച സ്ലൈഡ്‌ ഷോയില്‍ താന്‍ അഭിനയിച്ച സിനിമയുടെ ക്ലിപ്പുകൂടി കണ്ടപ്പോള്‍ ആകെയൊരു ലജ്ജ തോന്നിയെന്നു ബ്രിട്ടാസ്‌ പറഞ്ഞു. സമഗ്ര സംഭാവനയ്‌ക്കുള്ള അവാര്‍ഡ്‌ എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം പണി നിര്‍ത്താറായി എന്ന സൂചനയാണ്‌. മാധ്യമരംഗം ബ്രിട്ടാസിനു മുമ്പും പിമ്പും എന്ന്‌ വിലയിരുത്തപ്പെടുമെന്ന്‌ നേരത്തെ പ്രസംഗിച്ച സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞതും ഈ അര്‍ത്ഥത്തില്‍ എടുക്കാവുന്നതാണ്‌.

തന്റെ കുടുംബംതന്നെയാണ്‌ പ്രസ്‌ക്ലബ്‌. സര്‍ഗ്ഗാത്മകമായ ഈ കൂട്ടായ്‌മ നിലനില്‍ക്കണം. നാട്ടില്‍ ഇതുപോലെത്തെ കൂട്ടായ്‌മയിലൊന്നും താന്‍ പങ്കെടുക്കാറില്ല. തന്നെ അവര്‍ കൂട്ടാറുമില്ല.

പല അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പ്രസ്‌ക്ലബിന്റെ ഈ അംഗീകാരം വലിയ ബഹുമതിയായി താന്‍ സ്വീകരിക്കുന്നു. പ്രസ്‌ക്ലബിന്റെ സാരഥ്യം താന്‍ ഏറ്റെടുത്തപ്പോഴും വൈകാതെ സ്ഥാനമൊഴിയുമ്പോഴും അതിന്റെ ഭാവിയെപ്പറ്റിയോ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ യാതൊരാശങ്കയുമില്ലെന്ന്‌ ടാജ്‌ മാത്യു പറഞ്ഞു. സൗഹൃദത്തിന്റെ പ്രതിഫലനമാണ്‌ ഈ സംഘടന. തന്നോടൊപ്പം പ്രവര്‍ത്തിച്ച ജനറല്‍ സെക്രട്ടറി വിന്‍സെന്റ്‌ ഇമ്മാനുവേല്‍, ട്രഷറര്‍ ബിജു കിഴക്കേക്കുറ്റ്‌, കണ്‍വന്‍ഷന്‍ ചെയര്‍ ജോസ്‌ കണിയാലി, മറ്റു ഭാരവാഹികള്‍ എല്ലാവര്‍ക്കും ടാജ്‌ മാത്യു നന്ദി പറഞ്ഞു.

ചീഫ്‌ വിപ്പ്‌ സ്ഥാനം രാജിവച്ചശേഷമാണ്‌ താന്‍ കണ്‍വന്‍ഷനെത്തിയതെന്ന്‌ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ പറഞ്ഞു. ആ തീരുമാനത്തിനു മാറ്റമില്ല.

ഈ സമ്മേളനം മറക്കാനാവാത്ത അനുഭവമായി. എല്ലാം ചിട്ടപ്പടിയായും ഭംഗിയായും നടന്നു. സംഘാടകരുടെ കര്‍മ്മകുശലതയും അര്‍പ്പണബോധവും കാട്ടുന്നതായിരുന്നു എല്ലാം. കേരളത്തില്‍ നില്‍ക്കുന്ന അതേ വികാരമാണ്‌ തനിക്ക്‌ അനുഭവപ്പെട്ടത്‌. ഈ കൂട്ടായ്‌മ എന്നും നല്ലരീതിയില്‍ പോകണം. കലാപരിപാടികളിലെ പൂര്‍ണ്ണത തന്നെ ആശ്ചര്യപ്പെടുത്തി. അവയൊക്കെ നാട്ടിലേതിനേക്കാള്‍ മെച്ചമാണെന്നു പറയാം.

ഹിന്ദു മതത്തില്‍ നിന്നും വഴിമാറി സഞ്ചരിക്കുന്ന തന്നെപ്പോലുള്ളവര്‍ ചുരുക്കമാണെന്നു സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ജാതി-മത-വിഭാഗീയ ചിന്തകളാല്‍ കേരളം പിന്നോക്കം പോകുമ്പോള്‍ അതിനെതിരേ ശബ്‌ദിക്കുവാന്‍ തന്നെപ്പോലെ കുറച്ചുപേരേയുള്ളൂ. മതേതരത്വത്തിന്റെ പേരില്‍ അറിയപ്പെടാനാണ്‌ താന്‍ ആഗ്രഹിക്കുന്നത്‌.

കെ.ആര്‍. ഗൗരിയമ്മ മന്ത്രിയായിരിക്കുമ്പോള്‍ 1987-ല്‍ അവരെ കാണാന്‍ സെക്രട്ടറിയേറ്റില്‍ പോയി. സെല്‍ഫോണ്‍ പ്രചാരത്തില്‍ വരുന്നതേയുള്ളൂ. ഇഷ്‌ടികയുടെ വലിപ്പമുള്ള സെല്‍ഫോണുമായാണ്‌ താന്‍ പോയത്‌. അതുകണ്ട്‌ രണ്ടുപേര്‍ കമന്റടിക്കുന്നതു കേട്ടു- പണ്ടൊക്കെ സ്വാമിമാരുടെ കയ്യില്‍ കമണ്‌ഡലുവും യോഗദണ്‌ഡുമായിരുന്നു. ഇപ്പോള്‍ ഫോണായി. സ്വാമിമാരും ഹൈടെക്കാകുന്നു.

സ്വാമി വിവേകാനന്ദനടക്കമുള്ള മഹര്‍ഷിമാര്‍ അവശേഷിപ്പിച്ച പാരമ്പര്യത്തെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്‌ തന്നെപ്പോലുള്ള സാധാരണക്കാരാണ്‌. മഹര്‍ഷിമാരുടെ സ്ഥാനത്ത്‌ ചന്ദ്രസ്വാമിയും, തോക്കു സ്വാമിയും, സന്തോഷ്‌ മാധവനുമൊക്കെ രംഗത്തുവന്നു.

മുമ്പ്‌ ജര്‍മ്മന്‍ സംഘടന യുഗ്‌മയുടെ അവാര്‍ഡ്‌ താന്‍ കൊടുക്കുന്നതുകൊണ്ട്‌ വാങ്ങാന്‍ വരാമെന്ന്‌ ബ്രിട്ടാസ്‌ ഉറപ്പു നല്‍കിയതാണ്‌. പക്ഷെ ചടങ്ങിനെ നിഷ്‌പ്രഭമാക്കി ബ്രിട്ടാസ്‌ വന്നില്ല. പിന്നീട്‌ രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരേയും ഞെട്ടിക്കുന്ന വാര്‍ത്തയുമായി ബ്രിട്ടാസ്‌ വന്നു. അതിന്റെ അലയൊലി ഇപ്പോഴും നിന്നിട്ടില്ല. ബ്രിട്ടാസിന്റെ കൂടെയുള്ള പടമിട്ടതിനു തനിക്കും വധഭീഷണി വന്നു. കൂടെയിരുന്നയാള്‍ക്ക്‌ ഇതാണ്‌ സ്ഥിതിയെങ്കില്‍ ബ്രിട്ടാസിന്റെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ- അദ്ദേഹം പറഞ്ഞു.

മുമ്പ്‌ വരുമ്പോള്‍ സീരിയലിന്റേയും മറ്റും സിഡി വാങ്ങാന്‍ കടയില്‍ ജനങ്ങളെ കണ്ടകാര്യം രാജു ഏബ്രഹാം എം.എല്‍.എ അനുസ്‌മരിച്ചു. ഇപ്പോള്‍ അതില്ല. ഷോയെല്ലാം തത്സമയം തന്നെ ടിവിയിലും ഓണ്‍ലൈനിലുമൊക്കെ കിട്ടും.

ഇതിനു വേറേയും പ്രയോജനമുണ്ടായി. പ്രായമായ മാതാപിതാക്കള്‍ മുമ്പ്‌ അമേരിക്കയില്‍ വന്നാല്‍ പെട്ടെന്ന്‌ തിരിച്ചുപോകാന്‍ ശഠിക്കുമായിരുന്നു. അതിനു പകരം പലരും അമേരിക്കയില്‍ തന്നെ തങ്ങുന്നു. ടാജ്‌ മാത്യുവിന്റെ നേതൃത്വവും കണിയാലിയുടെ പ്രാഗത്ഭ്യവും, വിന്‍സെന്റ്‌ ഇമ്മാനുവേലിന്റെ നിഷ്‌കളങ്കമായ പെരുമാറ്റവുമെല്ലാമാണ്‌ കണ്‍വന്‍ഷനെ വന്‍ വിജയമാക്കിയത്‌. പഴയ സുഹൃത്ത്‌ ജോര്‍ജ്‌ തുമ്പയിലിന്റെ അഭാവവും ശ്രദ്ധിച്ചു. ബിജു കിഴക്കേക്കുറ്റ്‌, ജോസ്‌ കാടാപ്പുറം എന്നിവരേയും അഭിനന്ദിക്കുന്നു. വീല്‍ചെയറിലിരുന്ന്‌ ജയ്‌മോള്‍ ശിങ്കാരിമേളത്തില്‍ പങ്കെടുത്തതും മറക്കാനാവില്ല.

പ്രസ്‌ അക്കാഡമി ചെയര്‍മാന്‍ സെര്‍ജി ആന്റണി, പി.ജി. സുരേഷ്‌ കുമാര്‍ (ഏഷ്യാനെറ്റ്‌), മനോരമ ഓണ്‍ലൈന്‍ എഡിറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി വിന്‍സെന്റ്‌ ഇമ്മാനുവേല്‍ സ്വാഗതം ആശംസിച്ചു. സണ്ണി പൗലോസ്‌ ആയിരുന്നു എം.സി. അനിലാല്‍ ശ്രീനിവാസന്‍, ബിജു സഖറിയ എന്നിവര്‍ കലാപരിപാടികളുടെ കോര്‍ഡിനേറ്റര്‍മാരായിരുന്നു.

ചടങ്ങില്‍ വച്ച്‌ നിയുക്ത പ്രസിഡന്റ്‌ ശിവന്‍ മുഹമ്മയ്‌ക്ക്‌ ടാജ്‌ മാത്യു അനൗപചാരികമായ അധികാര കൈമാറ്റം നടത്തി.

മാധ്യമ രംഗത്തു ധാരാളം പേര്‍ പുതുതായി എത്തുന്നുണ്ടെന്നും നവ മാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുംവിധം ആവശ്യമെങ്കില്‍ ഭരണഘടനയില്‍തന്നെ ഭേദഗതി വരുത്തണമെന്നും ശിവന്‍ മുഹമ്മ (കൈരളി ടിവി) നിര്‍ദേശിച്ചു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും സഹകരണവും അഭ്യര്‍ത്ഥിച്ചു.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code