|
ലാസ്‌വേഗസ്: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ പ്രമുഖ ബിസിനസുകാരനായ ജോ മീനംകുന്നേലിന് ഫോമയുടെ ബിസിനസ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ് ലാസ്‌വേഗസ് കണ്‍വെന്‍ഷനില്‍ വെച്ച് കേരളാ മുന്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍ ഐ.എ.എസ് നല്‍കി ആദരിച്ചു. ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ഫോമ നല്‍കുന്ന അവാര്‍ഡാണിത്.
കേന്ദ്ര പ്രവാസികാര്യമന്തി വയലാര്‍ രവി, അഭിവന്ദ്യ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്, അംബാസിഡര്‍ ടി.പി. ശ്രീവാസന്‍, എം.പിമാരായ കെ.പി. ധനപാലന്‍, ആന്റോ ആന്റണി, എം.എല്‍എമാരായ തോമസ് ചാണ്‌ടി, എം. മുരളി, ഫോമാ നേതാക്കള്‍, മറ്റ് പ്രമുഖര്‍ തുടങ്ങി ആയിരക്കണക്കിന് അമേരിക്കന്‍ മലയാളികള്‍ അടങ്ങിയ സദസില്‍ വെച്ചാണ് ജോ മീനംകുന്നേല്‍ ഫോമാ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളും, ഇന്ത്യയില്‍ ബാംഗ്‌ളൂര്‍, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും ഓഫീസുകളും 140-ഓളം ജോലിക്കാരുമുള്ള ഗവണ്‍മെന്റ് സിസ്റ്റം ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ്/സി.ഇ.ഒ ആണ് ജോ. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് ബയോ മെട്രിക്, മാഗ്നെറ്റിക് ഓര്‍ ഇന്‍ഫ്രാ ഒബ്‌ജെക്‌ട് (യു.എസ് മിലിറ്ററി) തുടങ്ങിയ മേഖലകളില്‍ പ്രത്യേക സോഫ്‌റ്റ് വെയറുകള്‍ വികസിപ്പിച്ചെടുത്ത് കമ്പനിയുടെ സാന്നിധ്യം അമേരിക്കയിലാകമാനം ഉറപ്പിച്ചിരിക്കുകയാണ്.
അമേരിക്കന്‍ ഐ.ടി രംഗത്ത് വളര്‍ന്നുവരുന്ന ജോ ഇതിനോടകം നിരവധി അവാര്‍ഡ് നേടിയിട്ടുണ്‌ട്. യു.എസ് ആര്‍മിയുടെ ഗ്രേറ്റ് അമേരിക്കന്‍ അവാര്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ് ആര്‍മി കമാന്‍ഡേഴ്‌സ് ഗോള്‍ഡ് കോയിന്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ക്കു പുറമെയാണ് അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ അവാര്‍ഡ് നേടുന്നത്.
ഫ്‌ളോറിഡയില്‍ താമസിക്കുന്ന ജോ മീനംകുന്നേലിന് ഐ.ടിയില്‍ ബിരുദവും, ബിരുദാനന്തര ബിരുദവുമുണ്‌ട്. ഗോള്‍ഫും, ബാഡ്‌മിന്റണും, വിനോദയാത്രകളും ഇഷ്‌ടപ്പെടുന്ന ജോയുടെ ഭാര്യ ജിന്‍ജയും പുത്രന്‍ ജോസഫും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ ശക്തിയാണ്.
ഫോമാ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍, സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, ട്രഷറര്‍ ജോസഫ് ഔസോ, ജോയിന്റ് സെക്രട്ടറി ജോസി കുരിശിങ്കല്‍ തുടങ്ങിയ ഫോമാ നേതാക്കള്‍ ജോ മീനംകുന്നേലിനെ ആശംസകള്‍ അറിയിച്ചു.
|
|